വാക്കുല്‍സവത്തില്‍ ഇന്ന് എം പി പ്രതീഷിന്റെ അഞ്ച് കവിതകള്‍ 

സമകാലീന മലയാള കവിതയിലെ ഏറ്റവും വ്യത്യസ്തമായ അടരുകളിലൊന്നാണ് എം പി പ്രതീഷിന്റെ കവിതകള്‍. അകമേ അതൊരാവാസ വ്യവസ്ഥ. പ്രകൃതിയെ, ഭൂമിയെ, ജീവനെ കവിതയുടെ സൂക്ഷ്മദര്‍ശിനികളിലൂടെ അടയാളപ്പെടുത്തുന്നു, ആ കവിതകള്‍. പുതിയ കാലത്തിന്റെ ആരവങ്ങളല്ല, ജീവിതാഘോഷങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണുപതിയാതെ പോവുന്ന ഇടങ്ങളും അനുഭവങ്ങളുമാണ് പ്രതീഷിന്റെ കവിതകള്‍ വിനിമയം ചെയ്യുന്നത്. ശാന്തമായ, സൗമ്യമായ കവിതയ്ക്കു മാത്രം ചെന്നെത്താനാവുന്ന ആഴമേറിയ ഒരനുഭവമാണത്. വന്യതയും വയലന്‍സും പോലും അവിടെ, അഴിച്ചെടുക്കുന്തോറും കുറുകുന്ന സൂക്ഷ്മതയാവുന്നു. വായനക്കാരുടെ ശ്രദ്ധയെ ആവോളം ആവശ്യപ്പെടുന്ന, ആവാഹിക്കുന്ന കവിതയുടെ വേറിട്ട ഇടം. സൂക്ഷ്മനിരീക്ഷണങ്ങള്‍, അസാദ്ധ്യമായ ആംഗിളുകളില്‍നിന്നുള്ള നോട്ടങ്ങള്‍, ആഖ്യാനത്തിന്റെ ഉപരിതലത്തിലേക്ക് ജീവിതത്തെ ഇഞ്ചിഞ്ചായി വിളിച്ചുവരുത്തുന്ന രചനാതന്ത്രങ്ങള്‍. പ്രതീഷിന്റെ കവിതകള്‍ മലയാള കവിതയെ, എന്നോ അറ്റുപോയ ഒരു പൂമ്പാറ്റച്ചിറകനക്കത്തിലേക്ക് പ്രതിഷ്ഠിക്കുന്നു.

ഒരപ്പം

ഒരപ്പം.
തണുത്ത്.
കട്ടിയോടെ.
ഉപ്പിന്റെ തരികള്‍ പറക്കുന്ന പ്രാണികള്‍ കാറ്റത്ത് ഉലഞ്ഞു വന്നു കുപ്പായവക്കില്‍ പറ്റിപ്പിടിക്കുന്നു.
ചോരയുടെ നനവ് ചുണ്ടത്ത് അലിയാതെ നില്‍ക്കുന്നു.
പാലത്തിന്നടിയിലൂടെ ശവങ്ങള്‍ വീടുകള്‍, വിലാപങ്ങള്‍, പാവകള്‍.
കണ്ണുകളില്‍ തങ്ങിയ മഴക്കാലം
അതു ചുവന്നു കലങ്ങിയും ചീര്‍ത്തും തുറക്കാനാവാതെ.
മുറിവുകള്‍. മുറിവുകള്‍.
പൊട്ടിയ കാലടികളും കൈവിരലുകളും.
കട്ടിയോടെ.
തണുത്ത്.
ഒരപ്പം.

..............................

Read more: പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
..............................


വെള്ളം 

വെള്ളം എപ്പോഴും വെള്ളം തന്നെയായിരുന്നു

കല്ലിന്റെയോ
മുള്ളുള്ള മരങ്ങളുടെയോ
മൂര്‍ച്ചയുള്ള ഇരുമ്പിന്റെയോ ആകൃതിയില്‍

ചതുപ്പിന്നടിയില്‍ താഴ്ന്നു പോയ കൊമ്പുകളില്‍,

മരണങ്ങളുടെ മുഖങ്ങളില്‍
പുരണ്ട,

വെള്ളം.

..............................

ead more: ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
..............................


ഉച്ച

വീടിന്റെ ഒരു ഭാഗത്ത് നിഴല്‍ വന്നു വീണു,
ഇരുള്‍ പൊതിഞ്ഞു,
രാത്രിയായി,
ഒരു നട്ടുച്ചയില്‍

മുറ്റത്തിന്റെ വെയിലുള്ളിടത്തേക്ക്
തിടുക്കത്തില്‍ നീങ്ങി നിന്നു,
ഒരു ചൂളക്കാക്ക 

കുറ്റിക്കാടുകളുടെയും നീര്‍ച്ചോലകളുടെയും നിഴല്‍,
സൂര്യചന്ദ്രന്‍മാരുടെയും കത്തുന്ന കല്ലുകളുടെയും
മരിച്ചവയുടെയും
മരങ്ങളിലെയും തൊലിയിലെ പൂപ്പല്‍,
ആ കിളിയുടെ പാതിയുടലില്‍ക്കണ്ടു

മുതുകില്‍ത്തുടങ്ങി വാലറ്റം വരെ,
രാത്രികളുടെ അടയാത്ത കണ്ണുകള്‍

........................

Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍ 
........................

ഏതിരുട്ടിലും 

താഴേത്തറയുടെമൂലയിരുട്ടത്ത്
അങ്ങനെയിരിപ്പായ ഭരണിയ്ക്കും
പിന്നില്‍ 
നൂറ്റാണ്ടുകളായി മറഞ്ഞു
മറഞ്ഞു കിടക്കുന്നൂ
നീയഴിച്ചു വച്ചവയെല്ലാം,

നഖങ്ങള്‍
മുടിയിഴകള്‍
കുപ്പായക്കൊളുത്തുകള്‍.

പൊടിനീക്കിത്തൊട്ടുനോക്കുകയില്ല,
അവിടിരിക്കട്ടെ,
നൂറ്റാണ്ടുകളോളം.

അഴിഞ്ഞഴിഞ്ഞു പോ,
യൊരു പുളിമരത്തിന്‍ കൊമ്പത്തിരിക്കുന്ന നിന്നെ
ഏതിരുട്ടിലും
ഇവിടെ നിന്നാലെനിക്കു കാണാം
കാറ്റുകൊണ്ടു തല്ലി
ഇലകള്‍ നീ താഴെ വീഴ്ത്തുന്നതും

..................................

Read more: സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
..................................

കാണാതെ 
തുന്നിയ 
നൂലിന്റെ കെട്ടഴിഞ്ഞ് ആദ്യം
നാലു സുഷിരമുള്ള കുടുക്ക് കുപ്പായത്തില്‍ നിന്നൂര്‍ന്നു
അതിന്നു പിന്നാലെ
കൂടിന്റെ കമ്പുകളും നാരുകളും വേര്‍പെട്ടു
ചൂടുള്ള ചെറിയ മുട്ടകള്‍
കിളിക്കൊപ്പം താഴേക്കു താഴേക്കു വീണു പോയിക്കാണാതെയായി.