Asianet News MalayalamAsianet News Malayalam

വൈകുന്നേരം പോലുള്ള രാവിലെ, കളത്തറ ഗോപന്‍ എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ കളത്തറ ഗോപന്‍ എഴുതിയ  കവിതകള്‍.

Vaakkulsavam Malayalam poems by Kalathara Gopan
Author
Thiruvananthapuram, First Published Mar 23, 2021, 1:04 PM IST

പരിണാമചക്രങ്ങളാല്‍ അടര്‍ന്നുപോവാത്ത പ്രകൃതിയുടെ പ്രാക്തനമായ ഒരിഴ വീണുകിടക്കുന്നുണ്ട് കളത്തറ ഗോപന്റെ കവിതകളില്‍.  പുതിയ കാലത്തിന്റെ കവിതയാവുമ്പോഴും അത് മരിച്ചടര്‍ന്നുപോയ കാലങ്ങളുമായി ചാര്‍ച്ച പുലര്‍ത്തുന്നു. ഇപ്പോഴില്ലാത്ത നക്ഷത്രദീപ്തിയില്‍ സ്വയം കാണുന്നു. പ്രാചീനമായൊരു നിലാവുണ്ട് ആ കവിതകളുടെ ആകാശത്ത്. അതിനു താഴെ ആദിമ ജീവിതം. പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും കടലും പുഴയും കാറ്റും ആകാശവും മണ്ണുമെല്ലാം അതാതിന്റെ ഇടങ്ങളില്‍. മൃഗശാലയില്‍ മാത്രം മൃഗങ്ങളെ കാണാന്‍ യോഗമുള്ളൊരു കാലത്തില്‍നിന്ന് ഗോപന്റെ കവിത ഇടയ്ക്കിടെ ചെന്നുപോരുന്ന ഇടമാണത്. അതിനാലാണ് ഗോപന്റെ കവിതയിലെ കുരങ്ങിന് 'രോമക്കുപ്പായം അഴിച്ചുവെച്ചിട്ടും മരങ്ങള്‍ കാണുമ്പോള്‍ എന്തോ ഒരിത് ' തോന്നുന്നത്. ചുംബനതീവ്രതയിലും ഇണയിലൊരു ചെടിയെ കാണാനാവുന്നത്. 'ഏത് ബോധിവൃക്ഷച്ചുവട്ടിലും ഒരു ബുദ്ധനിപ്പോഴു'മിരിപ്പുണ്ടെന്ന് തിരിച്ചറിയാനാവുന്നത്.  

പുതുജീവിതത്തിന്റെ ആലക്തികപ്രഭകളാല്‍ കണ്ണുമഞ്ഞളിച്ചുപോവുന്ന നമ്മുടെ കാലത്തിന്റെ കണ്ണില്‍പ്പിടിക്കാത്ത, സൗമ്യവും നിശ്ശബ്ദവും ധ്യാനസാന്ദ്രവുമായ അപരലോകത്തിലൂടെ ചെയ്യുന്ന നിത്യയാത്രകളാണ് ഗോപന്റെ കവിതകളെ നിര്‍ണയിക്കുന്നത്. അതാണ് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആധികള്‍ ആ കവിതകളില്‍ അടിവേരാഴ്ത്തുന്നത്. മരിച്ചവരും മരിച്ച കാലവും തല പുറത്തേക്കിട്ട് ഞാനിവിടെ ഉണ്ടേ എന്ന് വിളിച്ചുപറയുന്നത്. കൂട്ടത്തിലുണ്ടെന്ന തോന്നലുണ്ടാക്കുമ്പോഴും ഒറ്റയ്ക്കു നടക്കുന്ന കവിതയാണ് ഗോപന്‍േറത്. അധികമാരും കാണാത്തത് കണ്ടും, കേള്‍ക്കാത്തത് കേട്ടും മണക്കാത്തത് മണത്തും ഉന്‍മാദത്തിനും പ്രായോഗിക ജീവിതത്തിനുമിടയില്‍, സാധാരണ മട്ടില്‍ അതു നടന്നുപോവുന്നു. പറഞ്ഞുപറഞ്ഞു പഴകിയ കല്‍പ്പനകള്‍ക്കു പോലും അവിടെ ചിന്തയുടെ കനമുണ്ട്. ദാര്‍ശനികമായ പശ്ചാത്തലമുണ്ട്. പുറമേ കാണുന്ന ഈ സാധാരണത്വം തന്നെയാവും, ആഴങ്ങളിലേക്ക് പോവാതെ കവിതയ്ക്കു മാര്‍ക്കിടുന്നവരുടെ നോട്ടങ്ങളെ വഴിതെറ്റിക്കുന്നത്.

 

Vaakkulsavam Malayalam poems by Kalathara Gopan

 

ഒരുപാടു മുറിയ്ക്കുള്ളിൽ ഒരു മുറി

വളരെക്കാലം പാര്‍ത്ത -
മുറിയുമായ് ഞാന്‍ സ്റ്റാന്‍ഡില്‍
നട്ടുച്ച വെയിലേറ്റു-
ബസുകാത്തു നില്ക്കുന്നു.

ആളുകളെന്നെ തന്നെ
നോക്കുന്നു; സ്വകാര്യം 
പറഞ്ഞേറെ നേരമായ്
മുറിയെ ശ്രദ്ധിക്കുന്നു.

ബസെത്രയോ വന്നുപോയ്
ഞാന്‍ കാക്കുമൊന്നു മാത്രം
എപ്പൊഴും വൈകുന്നു.

ഒടുവിലൊരുവണ്ടി -
വന്നു; തിരക്കില്‍പ്പെട്ടു -
ഴറി ഞാനൊരുസീറ്റില്‍
മുറിവച്ചതിനുള്ളില്‍ 
ജനാല തുറന്നിരിപ്പൂ.

നാളത്തെ നിലവിളി
ഇപ്പൊഴേ വിളിക്കുന്ന
മുഖവുമായാളുകള്‍
പാവകളെങ്ങനെയോ
അങ്ങനെയിരിക്കുന്നു.

തെരുവില്‍ ജനങ്ങളോ
മറ്റൊന്നും ഗൗനിക്കാതെ
പ്രാണനും പിടിച്ചു കൊ-
ണ്ടോടുന്നു അതിവേഗം.

രായ്ക്കുരാമാനം വീട്ടില്‍
എത്തിയപ്പാടെയൊരു-
മൂലയില്‍ മുറി വെച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍
ഉറക്കം വരുന്നില്ല
തിരിഞ്ഞും മറിഞ്ഞും ഞാന്‍
ആരുമറിയാതെ അ -
മ്മുറിയില്‍ കേറുന്നേരം
വായന പകുതിയില്‍
നിലച്ചപുസ്തകവും,
എടുക്കാന്‍ മറന്നൊരു
പിറന്നാള്‍ സമ്മാനവും
മേശമേലിരിക്കുന്നു.

നരച്ചു തുടങ്ങിയ
ഷര്‍ട്ടുംപേന്റുമയയില്‍
ഉടലിനെ പ്രതീക്ഷി-
ച്ചങ്ങനെ കിടക്കുന്നു.
സ്വപ്നത്തിലെന്നും വന്ന
പെണ്ണവളെന്നെ നിറ-
ചിരിയാല്‍ വിളിക്കുന്നു.

വാതിലടച്ചവിടെ
കിടക്കാന്‍ ശ്രമിക്കുമ്പോള്‍
മുറിയ്ക്കുകത്തൊരു
മുറി പിന്നെയും മുറി
അതിനകത്തു വീണ്ടും 
മുറി, അങ്ങനെയെത്രയോ
മുറിയ്ക്കുള്ളിലായ് ഞാന്‍
കണ്ണീര്‍ ഘനീഭവിച്ച
ചുവര്‍, വാതില്‍, ജനാല
തട്ട്, തറ, ലൈറ്റ്, ദുഃഖ -
മുറഞ്ഞ തലയണ.

 

....................................

Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
....................................

 


ഒച്ച

മരംകൊത്തീ, മരംകൊത്തീ
നീ കൊത്തും മരത്തിന്റെ
പേരെന്ത്,വേരെവിടെ?

മരം നില്ക്കും തറയുടെ
ആളുടെ വീടെവിടേ?
നാടെവിടേ? മരംകൊത്തീ.

നീ കൊത്തുന്നൊച്ച കേട്ട്
പുലരി ചാടിയെണീറ്റൊരു
പൂ നീട്ടി വിളിച്ചപ്പോള്‍
അവളുണര്‍ന്നേ, അവളുടെ
കൊലുസിന്റെ കിലുക്കത്തില്‍
വീടുണര്‍ന്നേ മരംകൊത്തീ

മരത്തെ നീ കൊത്തുമ്പോള്‍
അതു തെല്ലും വിറച്ചില്ല.
പൂവിറുന്നു വീണില്ല.
ഇല പോലും കൊഴിഞ്ഞില്ല.
കുയിലിനും കുരുവിയ്ക്കും
കാക്കയ്ക്കും പരുന്തിനും
നനയാത്ത വീട് കണ്ടു -
നിന്നോട് കുശുമ്പുണ്ടേ.

മരത്തിന്റെ ഞരമ്പിനെ
കൊത്തി നീ മുറിക്കുമ്പോള്‍
ദാഹിച്ചയിലക്കൂട്ടം
പഴിയൊന്നും പറഞ്ഞില്ല.

മരമെല്ലാം സഹിക്കുന്നു.
എത്ര കാതല്‍ കടുപ്പവും
നിനക്കു കൊത്തുവാന്‍ തക്ക -
മാര്‍ദ്ദവം കൊണ്ടു വെച്ചു
നിന്നെയെന്നും പറ്റിച്ച്
വെയില്‍ കൊണ്ടു നില്ക്കുന്നു.

അതിന്‍ ചോട്ടില്‍ ദൂരെ നോക്കി
ഇരിക്കുന്ന മനുഷ്യനു -
വീടുണ്ടോ മരംകൊത്തീ ?

 

....................................

Read more: വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
....................................

 

 
വൈകുന്നേരം പോലുള്ള രാവിലെ

വളരെ അലസമായ ഒരു പകല്‍
എന്നു വെച്ചാല്‍ പ്രപഞ്ചം 
ഉണ്ടാകുന്നതിനു മുന്‍പുള്ളതിനു സമം
അല്ലെങ്കില്‍ ഭൂമിയില്ലാതായതിനു- 
ശേഷമുള്ള അവസ്ഥ.

വൈകുന്നേരം പോലെ രാവിലെ

മഴ വെയിലത്ത് ഒന്നു ചാറി.
വരണ്ട കാറ്റൊന്ന് വീശുമ്പോലെ വീശി.
അങ്ങനെ സമയം പോകെ 
ശരീരത്തിലെന്തോ കുറവുകള്‍
ശ്രദ്ധിച്ചപ്പോള്‍
അവയവങ്ങളൊന്നും കാണാനില്ല.

തിടുക്കപ്പെട്ട് അന്വേഷിച്ചു
എവിടെയെങ്കിലും വച്ചു-
മറന്നതായിരിക്കുമോ..? 
ഒരെത്തുംപിടിയും കിട്ടുന്നില്ല.

വൈകുന്നേരം പോലുള്ള വൈകുന്നേരം 
അതാ ജനലിലൂടെ കുന്നിറങ്ങി വരുന്നു.
ഒരിടത്തും ഇരിപ്പുറയ്ക്കാത്ത 
കാതുകള്‍, കണ്ണുകള്‍ 
ചുണ്ടുകള്‍, കൈകാലുകള്‍.
കളി കഴിഞ്ഞ് ക്ഷീണിച്ചവശരായ
കുട്ടികള്‍ വീടെത്തും പോലെ.

വന്നപാടെ ശരീരത്തില്‍ കയറുന്നു.
കണ്ണിരിക്കേണ്ടിടത്ത് ചെവിയിരിക്കുന്നു. 
ചെവിയിരിക്കേണ്ടിടത്ത് കണ്ണിരിക്കുന്നു.
കാലുകളുടെ സ്ഥാനത്ത് കൈകള്‍ 
കൈകളുടെ സ്ഥാനത്ത് കാലുകള്‍.
ചെവിയെന്തോ കണ്ട്
കണ്ണെന്തോ കേട്ട്
കാലുകള്‍ കൊണ്ടെന്തോ തിന്ന്
കൈകള്‍ തറയിലൂന്നി നടക്കാനിറങ്ങുന്നു.

 

....................................

Read more: മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്
....................................


വെള്ളത്തെ ചോരയായ് കാണുന്നു

ചോരനിറത്തിലുള്ള മഴയ്ക്ക് ശേഷം,
മരങ്ങളില്‍നിന്നും
ചോരത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു.

കുളിച്ചുവന്നവളുടെ
മുടിയില്‍ നിന്ന്
ചോര തെറിച്ചു വീഴുന്നു.

കുട്ടികള്‍ വാഴക്കൂമ്പ് വിരിച്ചതും
തേനായിരുക്കുന്നു
മുഴുത്ത രക്തത്തുള്ളി.

വെള്ളം ചോദിച്ചു വന്നവന്
ഗ്ലാസ്സ് നിറയെ ചോര,
കിളച്ചു വിയര്‍ത്തവന്റെ
ശരീരത്തില്‍ നിന്നും
ചോരമണികള്‍ 
കുടുകുടെ പൊട്ടിവീഴുന്നു.
തേങ്ങയുടച്ച് ഗ്ലാസ്സില്‍ '
പകര്‍ന്നത് ചോര.
താമരയിലയില്‍ ഒരു രക്തത്തുള്ളി
ഉരുണ്ടു കളിക്കുന്നു.

അരുവിയില്‍ നിന്ന്
ചോരയൊഴുകി വരുന്നു.
കുറച്ച് ചോരയുമായ്
നദികളൊഴുകുന്നു
ചോര തളംകെട്ടി കെടക്കുന്നു.
കായലില്‍
സമുദ്രത്തില്‍ നിന്ന്
ചോര തിരമാലകളായ്
ആര്‍ത്തിരമ്പുന്നു.ഗ്ലാസ്സില്‍, ഇലകളില്‍,
പൂക്കളില്‍
മഞ്ഞുകണങ്ങള്‍ പോലെ
ചോര പറ്റിപ്പിടിച്ചിരിക്കുന്നു.

 

..............................

Read more: മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം, കളത്തറ ഗോപന്‍ എഴുതിയ കവിതകള്‍ 

..............................:

 

മലയാളത്തിലെ മികച്ച കവിതകള്‍
ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios