വാക്കുല്‍സവത്തില്‍ ഇന്ന് സരൂപ എഴുതിയ കവിതകള്‍ 

ജീവിതത്തിനും മരണത്തിനുമിടയിലെ അതിസാധാരണ ഇടങ്ങളെ അസാധാരണ അനുഭവങ്ങളാക്കി മാറ്റുന്ന സൂക്ഷ്മനോട്ടങ്ങളാണ് സരൂപയുടെ കവിതകള്‍. വെറുമൊരിലയെപ്പോലും മാന്ത്രികമായ നിറക്കൂട്ടായി മാറ്റുന്ന സൂക്ഷ്മദര്‍ശിനിയെപ്പോലെ, യാഥാര്‍ത്ഥ്യങ്ങളുടെ മുഷിപ്പന്‍ ജീവിതക്രമത്തിന് മേല്‍ ഈ കവിതകള്‍ ഭാവനയുടെ പുതിയതലം വിന്യസിക്കുന്നു. കാഴ്ചകള്‍ അന്നേരം മാറുന്നു. കാഴ്ചപ്പാട് മാറുന്നു. ഈ കവിതകള്‍, ഒരിക്കലും കാണാത്ത വിധം ജീവിതത്തെ അതിസൂക്ഷ്മതലത്തില്‍ കാണാനുള്ള കണ്ണായി മാറുന്നു. 

'ഏറെ നേരത്തെ നിരീക്ഷണത്തിനു ശേഷം
ഡോക്ടര്‍ തന്നെ പറഞ്ഞു
അവനവനെ മാത്രം കാണുന്ന
അപൂര്‍വ്വ രോഗത്തിന്
അടിമയായിരുന്നു
നിങ്ങള്‍' 

എന്ന് പറയുന്നുണ്ട്, സരൂപയുടെ ഒരു കവിത. സരൂപയുടെ കവിതകളിലേക്കുള്ള ഒരു നടപ്പാതയാണ് ഈ വരികള്‍. അവളവളിലേക്കുള്ള കാഴ്ചകളാണ് അവയുടെ അകക്കാമ്പ്. എന്നാല്‍, അത് വൈയക്തികയില്‍ തറഞ്ഞുപോവുന്നില്ല. പകരം, പൊതുവായ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളിലേക്കും കുരുക്കുകളിലേക്കും ചെന്നു മുറുകുന്നു. കാലദേശങ്ങള്‍ക്കതീതമായ സര്‍വ്വമനുഷ്യരും അറിഞ്ഞനുഭവിക്കുന്ന ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്നു. ആ സഞ്ചാരം, നമുക്ക് നമ്മെത്തന്നെ കാണാവുന്ന പുതിയ കാഴ്ച തീര്‍ക്കുന്നു. റണ്‍ലോല റണ്‍ എന്ന സിനിമയിലേതുപോലെ, കാലത്തിന്റെ കളികളെ പുനര്‍നിര്‍വചിക്കുന്നു. ശൂന്യതയ്ക്കുള്ളില്‍പ്പോലും അദൃശ്യമായ അനേകം അടരുകളെ കണ്ടെടുക്കുന്നു. അതിനാലാവണം, സരൂപയുടെ കവിതകളെക്കുറിച്ചുള്ള കുറിപ്പില്‍, ആശാ സജികുമാര്‍ ഇങ്ങനെ എഴുതുന്നത്: 'ഒഴുക്കോടെ സംസാരിച്ച്, തികച്ചും സാധാരണ വേഗതയില്‍ സഞ്ചരിച്ച് തിരിച്ചറിയലിന്റെ ചില സമതലങ്ങളിലേക്കെത്തി വായനക്കാരനെ അമ്പരപ്പിക്കുന്നു സരൂപ.'

മരണം നിറച്ച കവര്‍

ഇന്നു വൈകുന്നേരത്തെ
ചായയ്‌ക്കൊപ്പം
അവള്‍ക്ക് കൊറിക്കാനുള്ള
കപ്പലണ്ടി
ആറു മാസം മുന്‍പ്
കവറിനുള്ളില്‍ നിറച്ച
മനുഷ്യന്‍
ഇന്ന് വൈകുന്നേരം
കൃത്യം മൂന്നു മണിക്ക്
അവളത്
കൊറിച്ചുകൊണ്ടിരിക്കുമ്പോള്‍
മരിച്ചുപോയി.

അവളോ അയാളോ
പരസ്പരം അതറിയുന്നില്ല.
അവളപ്പോള്‍ ഭക്ഷണത്തിലും
അയാള്‍ മരണത്തിലും
ദത്തശ്രദ്ധരായിരുന്നല്ലോ.
നാട്ടിലപ്പോള്‍ ആരെല്ലാം
ഭക്ഷണം കഴിക്കുന്നുണ്ടാവും,
കുളിക്കുന്നുണ്ടാവും,
ഇണചേരുന്നുണ്ടാവും..
മരണത്തിന് മാത്രമായൊരു
സമയമില്ല.

എന്നാലിതങ്ങനെയല്ലല്ലോ
ആറുമാസം മുന്‍പയാള്‍
സ്വയമറിയാതെ
തന്റെ മരണ സമയത്തെ
ആ കവറിനുള്ളില്‍
ഒന്ന് തൊട്ടിരുന്നു.
ഭാവിയില്‍ കൊത്താന്‍ സാധ്യതയുള്ള
ഒരു പാമ്പ്
ഇന്ന് നിങ്ങള്‍
വണ്ടി കാത്തുനില്‍ക്കുമ്പോള്‍
റോഡ് മുറിച്ച്
കടന്നു പോകും പോലെ...

ഓര്‍ത്തു നോക്കുമ്പോള്‍
തന്റെ മരണ ദിവസത്തെ
നിറച്ചൊരു കവര്‍
അയാള്‍ അന്നേ
തയ്യാറാക്കുകയായിരുന്നു.

നമ്മള്‍ ഓരോരുത്തരും
നിറച്ചു വയ്ക്കുന്നുണ്ടാവും
ഒരു മാസമോ
രണ്ടു ദിവസമോ
പത്തു വര്‍ഷമോ
അടുത്ത നിമിഷമോ
ആരെങ്കിലും
പൊട്ടിച്ചു കൊറിക്കാന്‍
പാകത്തിന്
നമ്മുടെ
മരണ സമയത്തെ

........................

Read more: ഒരു ദിവസം അങ്ങനെ സംഭവിക്കും, പി. ടി ബിനു എഴുതിയ കവിതകള്‍
........................

സമ്മാനം

പഴയ കാമുകന്മാരെ
വഴിയില്‍ കണ്ടിരുന്നെങ്കില്‍
എന്റെ പൂച്ചയെ അവര്‍ക്ക്
സമ്മാനമായി നല്‍കിയേനെ.
നില്‍ക്കുമ്പോള്‍
എന്റെ കാലുകള്‍ക്ക്
ഇടയിലിരുന്ന്
പിറകിലേക്ക് മുഖം തിരിച്ച്
അവളെന്നെ പഠിപ്പിച്ച പോലെ
സ്‌നേഹം കൊണ്ട്
എങ്ങനെ നോക്കാമെന്ന്
അവര്‍ക്കും
പറഞ്ഞു കൊടുത്തേനെ.

കാല്‍പാദങ്ങളില്‍
ഉരുമ്മി നിന്ന ശേഷം
പെട്ടെന്ന്
വിട്ടുപോകുമ്പോഴെല്ലാം
മുന്‍പ്
ഞാന്‍ അനുഭവിച്ചിരുന്ന
ശൂന്യതയെ
അവര്‍ക്ക് തൊട്ടു നല്‍കിയേനെ.

.........................

Read more: മീന്‍, കടല്‍; ആശാലത എഴുതിയ കവിതകള്‍
.........................

വീടെന്ന വിചിത്ര ജീവി

വാതില്‍ വഴി
അകത്തേയ്ക്ക്
കടന്ന നിമിഷം
വീടൊരു
വിചിത്ര ജീവിയാണെന്നു
തോന്നി.
നഖം, മുഖം
കാല്‍, കൈ
തല, വാല്‍..

ഒന്നും
കാണുന്നില്ലെന്നേയുള്ളൂ
എല്ലാം
അതതിന്റെ സ്ഥാനത്ത്
അമര്‍ത്തിയാണ് നില്‍പ്പ്
വേണ്ടുമ്പോള്‍ വേണ്ടത്
പുറത്തെടുക്കും.

ഇപ്പോള്‍,
തൊണ്ട കൊണ്ട് മാത്രമെന്നെ
വലിച്ചെടുത്ത് കളഞ്ഞു.

ആരോ വിഴുങ്ങും പോലെ
അകത്തേയ്ക്ക്
വഴുക്കി വീണു.

അടുത്ത ദിവസം
വീണ്ടും
പുറത്ത് കടക്കും വരെ
എന്റെ മുറി, എന്റെ കിടക്ക
എന്റെ ഭാര്യ, എന്റെ കുട്ടികള്‍
ഞാന്‍ വായിച്ച പുസ്തകം
എന്നെല്ലാം
എന്നെ
എന്നില്‍ത്തന്നെ
ദഹിപ്പിച്ചു തരാന്‍
വീടിനോളം
മറ്റെന്തിനാകും..

..........................

Read more: മടങ്ങിവരവ്, മഞ്ജു ഉണ്ണികൃഷ്ണന്‍ എഴുതിയ കവിതകള്‍
..........................

കണ്ണുദീനക്കാര്‍

ആരൊക്കെയോ ഓടി വന്നു
ആരോ പിടിച്ചെഴുന്നെല്‍പ്പിച്ചു
ആരോ വീട്ടില്‍ കൊണ്ടാക്കി
ആരോ ആശ്വസിപ്പിച്ചു..

ആരാണെന്നൊന്നും മനസ്സിലായില്ല
നഷ്ടപ്പെട്ടത് കാഴ്ചയാണ്
നടന്നതൊരപകടമാണ്.

കാഴ്ചയല്ലെ തിരിച്ചു കിട്ടും
ചിലര്‍ പറഞ്ഞു.

എനിക്കറിയാം,
അത് പറയുമ്പോള്‍
അവര്‍ സ്വന്തം കണ്ണുകളില്‍
കൈകൊണ്ടല്ലെങ്കില്‍ പോലും
ഒന്ന് തൊട്ടിരിക്കും.

കാഴ്ച പോയാല്‍
പിന്നെ കിട്ടാന്‍ പാടാ
വേറെ ചിലര്‍ പറഞ്ഞു..

അതവരുടെ കാഴ്ചപ്പാടല്ലേ
ഇത്തവണ
ഞാന്‍ തനിയെ ആശ്വസിക്കേണ്ടി വന്നു.

ഡോക്ടര്‍ മാത്രം ചോദിച്ചു
എന്താണ് ഉണ്ടായത്?
എന്തൊക്കെയാണ്
ലക്ഷണങ്ങള്‍?
വല്ലതും വന്നിടിച്ചോ?
വേദന ഇപ്പോഴും ഉണ്ടോ?

ഏറെ നേരത്തെ നിരീക്ഷണത്തിനു ശേഷം
ഡോക്ടര്‍ തന്നെ പറഞ്ഞു
അവനവനെ മാത്രം കാണുന്ന
അപൂര്‍വ്വ രോഗത്തിന്
അടിമയായിരുന്നു
നിങ്ങള്‍
ആദ്യമേ ചികിത്സിച്ചിരുന്നെങ്കില്‍
ഇത്ര ഗുരുതരമാകുമായിരുന്നില്ല

ആകട്ടെ
നിങ്ങള്‍ ഏതെങ്കിലും കവിയാണോ?
സാധാരണയായി
ഇത് ഗുരുതരമാകുന്നത് അവരിലാണ്

ഞാന്‍ ചിരിച്ചതുമില്ല
ഉത്തരം പറഞ്ഞതുമില്ല

എന്നില്‍ത്തന്നെ ചെന്ന് മുട്ടി
വീണുപോയ നിമിഷങ്ങളെ
ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുകയായിരുന്നു.