ഷീർ എഴുതിയതുപോലെ എഴുതാൻ ബഷീറിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായി. ഭാഷ കൊണ്ടും, കഥാപാത്രങ്ങളെ കൊണ്ടും അവരുടെ ചിന്തകൾ കൊണ്ടും ജീവിതപരിസരങ്ങൾ കൊണ്ടും ആ എഴുത്ത് ഓരോരുത്തരുടെയുമായി. കണ്ണ് നനയിക്കുന്ന ഹ്യൂമർ കൊണ്ട് ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മാന്ത്രികൻ. 

ബഷീറിനെ വായിക്കുമ്പോൾ നാം ബഷീറായി. പട്ടിണി കിടന്ന് പൊള്ളി, കൈചുരുട്ടി മുദ്രാവാക്യം വിളിച്ചു, വീട്ടുകാരെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു, ലോകത്തെ എല്ലാത്തിനോടും കരുണയുള്ളവരായി, സുന്ദരമായി പ്രേമിച്ചു. കഥകളുടെ സുൽത്താൻ, ഭാഷ മാത്രമല്ല, അതിനേക്കാൾ മനോഹരമാണ് ജീവിതമെന്ന് അയാൾ പഠിപ്പിച്ചു. ജീവിതം ചേരുമ്പോഴാണ് എഴുത്ത് എഴുത്താവുന്നത്. നമ്മളാ വരികളിൽ നമ്മെക്കൊണ്ടുചെന്നിടുന്നതും അതിൽ ജീവിക്കുന്നതും ആ വഴികളിലാണ്. ബഷീർ എല്ലാവരുടേതുമായതും അതുകൊണ്ടാണ്. ബഷീർ പ്രപഞ്ചസ്നേഹമാകുന്നതും അങ്ങനെയാണ്. സ്നേഹമാണ് ലോകത്തെ താങ്ങിനിർത്തുന്നതെന്ന് പഠിപ്പിച്ച മനുഷ്യന് നന്ദി പറയാതെങ്ങനെ.

ഇന്ന് സുൽത്താന്റെ ചരമദിനമാണ്. എഴുത്തുകളിലൂടെ മാത്രം സ്വയം ജീവിക്കാൻ വിട്ട് അയാളിറങ്ങിപ്പോയ ദിവസം. നമുക്കെന്താണ് ബഷീർ. വായനക്കാർ പങ്കുവയ്ക്കുന്നു. 

ഏറ്റവും ദയയോടെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചൊരാൾ -രജിത രവി

ചെറിയ ക്ലാസിലെപ്പോഴോ 'ആനപ്പൂട'യുമായിട്ടാണ് ബഷീറിനെ പരിചയം. കഥകള്‍ പറഞ്ഞുതരുന്ന ഒരപ്പൂപ്പനെ കൗതുകത്തോടെ കേള്‍ക്കുന്ന ഒരു കുട്ടിയായിരുന്നു ഞാനപ്പോള്‍. പിന്നെ  'പാത്തുമ്മായുടെ ആടും' 'ബാല്യകാലസഖി'യുമൊക്കെ വായിച്ച ഇത്തിരികൂടി വലിയ കുട്ടിയായപ്പോള്‍, മറ്റനേകം മനുഷ്യര്‍ക്കൊപ്പം ഞാനും ആ മനുഷ്യനെ ആരാധിച്ചു. പലരെയുംപോലെ 'പാത്തുമ്മായുടെ ആടും', 'ബാല്യകാലസഖി'യും അന്ന് എന്‍റെയും പ്രിയപ്പെട്ട ബഷീര്‍ കൃതികളായിരുന്നു. 

'പാത്തുമ്മയുടെ ആട്' ബഷീറിലേക്കുള്ള പലവഴികളിലൊന്നുമാത്രമാണ്... ഒരു പൊതുവഴിപോലെ ജനകീയമായത്. വളരെയെളുപ്പം ഓടിച്ചെന്നുകേറാവുന്ന ചിരപരിചിതമായൊരു വഴി. അതങ്ങനെ എന്നും ചാമ്പങ്ങയും നെയ്യും പഞ്ചസാരയും കപ്പപ്പുട്ടും ആട്ടിന്‍ചൂരും മനുഷ്യരുടെ കലമ്പലുകളും കുട്ടികളുടെ തലകുത്തിമറിയലുകളുമായി ഒരു നാട്ടുവഴിപോലെ അലസമായിക്കിടക്കും. ഏതുവായനക്കാരനുമുള്ള വഴിയാണത്‌. അവിടുന്നും വളര്‍ന്നപ്പോള്‍ ചിരികള്‍ക്കിടയില്‍ ജീവിതത്തിന്‍റെ കയ്പ്പും ചവര്‍പ്പും വായിച്ച് പലപ്പോഴും വേദനിച്ചു,  ഇതൊക്കെയായിരുന്നല്ലോ ആ മനുഷ്യനെന്ന് വിലപിച്ചു. 

എന്നാല്‍,
എന്നെ ഒരേസമയം ഭ്രമിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തത് ബഷീറെഴുതിയ കത്തുകളാണ്. എഴുത്തില്‍ ഏറ്റവും പച്ചയായൊരു മനുഷ്യന്‍ കത്തുകളില്‍, പ്രണയത്തില്‍ അതിനേക്കാള്‍ സുതാര്യമാവുന്നത് അതിലുണ്ട്. ദേവീയെന്നുവിളിച്ചെഴുതിയ ഓരോ കത്തും എത്രയോ ആവര്‍ത്തി  കൊതിയോടെ വായിച്ചിരുന്നിട്ടുണ്ട്. യൗവനം വന്നുദിച്ചിട്ടും ദീര്‍ഘകൗമാരം വിട്ടിട്ടില്ലാത്ത ഒരു കാലത്ത് എന്നെപ്പോലൊരു പെണ്‍കുട്ടിയെ വലയ്ക്കാന്‍ മറ്റെന്തുവേണം... അതെഴുതുന്ന ബഷീറായിരുന്നു എന്‍റെ നായകന്‍. അടിമുടി പ്രണയമായ ബഷീര്‍. ഓരോ വാക്കും തേന്‍നിലാവുപോലെ.  ഞാനയാളെ പ്രണയിച്ചു. അതുപോലെ കത്തെഴുതുന്നൊരാളെ അന്നു ഞാന്‍ കൊതിച്ചിരുന്നുവെന്നതാണ് സത്യം. ചിലപ്പോള്‍  പ്രണയത്താല്‍ വിവശനായ ചിലപ്പോള്‍ പ്രണയത്താല്‍ ധീരനായ ചിലപ്പോള്‍ പ്രണയത്താല്‍ ഏറ്റം ദുര്‍ബലനായ ഒരാള്‍ ആ കത്തുകളിലെല്ലാം നിറഞ്ഞുനിന്നു. അന്നുമുതല്‍ അയാളെ ഞാന്‍ ഏറ്റവും ദയയോടെ ഹൃദയത്തില്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു.

പൂവൻപഴമാകുന്ന ഓറഞ്ചുകൾ -ആകാശ് വടക്കേപ്പാട്ട്

മുറ്റത്തുനിന്ന് പതിയെ അകത്തേക്കു കയറുന്ന ഒരു തേരട്ടയെ കാണുമ്പോൾ, ചുവരിലോടിക്കളിക്കുന്ന പല്ലിക്കൂട്ടങ്ങളെക്കാണുമ്പോൾ, പാറ്റകളേയും, തേളുകളേയും, പാമ്പുകളേയും കാണുമ്പോൾ ആദ്യമുണരുന്ന അസ്വസ്ഥത പതിയെ സ്നേഹമായി പരിണമിക്കുന്ന കാരണമാണ് എനിക്ക് ബഷീർ. അദ്ദേഹമെഴുതിയ  കൃതികളിൽ ജീവിതമങ്ങനെ തിളച്ചുമറിയുന്നു. എല്ലാത്തിലും ഉപ്പും പുളിയും എരിവുമൊക്കെ കൃത്യം. കാലമിത്ര കഴിഞ്ഞിട്ടും ചൂടാറുന്നുമില്ല.

കുഞ്ഞിക്കുരുവിയെ നെഞ്ചോടടുക്കിപ്പിടിച്ച കുഞ്ഞിപ്പാത്തുവിൻ്റെ കണ്ണിലെ കരുണയാണ് ബഷീറിൻ്റെ ഏറ്റവും വലിയ മതം. അതേ കരുണ തന്നെയാണ് പോക്കറ്റടിക്കാരനെ ഒരു മനുഷ്യനാക്കിയതും. ഭൂമിയിൽ ധർമ്മവും നീതിയും സത്യവും മരിച്ചിട്ടില്ലെന്ന് വത്സരാജനെന്ന ആ മെലിഞ്ഞ യുവാവ് ബഷീറിൻ്റെ ശബ്ദത്തിൽ ഇടയ്ക്കിടെ പറയുന്നത് ഇപ്പോഴും കേൾക്കാറുണ്ട്.

ദാരിദ്ര്യത്തിൻ്റെ ദയനീയ ചിത്രങ്ങൾ ചിരിയുടെ വർണ്ണങ്ങളിൽ ചാലിച്ചു വരച്ച ഒരിടത്ത്‌ പാത്തുമ്മയുടെ ആട് ശാന്തമായി മേയുന്നു. കമ്പിളിപ്പുതപ്പും സാഹിത്യ ഗ്രന്ഥങ്ങളും കാണുമ്പോൾ അടക്കാനാവാത്ത ഒരു വിശപ്പ് കുടമണിപോലെ തുള്ളിക്കളിക്കുന്നത് ബഷീറിയനിസമെന്ന അദ്ഭുതം കൊണ്ടാവാം.

മാത്യുവിൻ്റെ അടുക്കളയിൽ നിന്നെത്തിയ കടുകുപൊട്ടുന്ന ശബ്ദത്തിലും വെന്ത ചോറിൻ്റെ വാസനയിലും പ്രലോഭിപ്പിക്കപ്പെടുന്ന ഒരു പിറന്നാളുകാരൻ്റെ വിശപ്പ് അടുക്കള വാതിൽ തള്ളിത്തുറന്ന് ഭക്ഷണം മോഷ്ടിച്ച് സന്തുഷ്ടനാവുമ്പോൾ ബഷീറയാളെ പാവങ്ങളിലെ ജീൻവാൽജീനാക്കി മാപ്പു കൊടുക്കുന്നുണ്ട്. 

തടവുകാർക്കും പൊലീസുകാർക്കും ഇടയിൽ നിൽക്കുന്ന ടൈഗറെന്ന ആ നായയെ ഓർത്തുപോവുന്നു. തങ്ങൾക്കു കിട്ടേണ്ട ഭക്ഷണം സുഭിക്ഷമായി തിന്നുന്ന ആ പട്ടിയോട് തടവുകാർക്കുണ്ടാവുന്ന ഈർഷ്യക്ക് ആ പട്ടി എന്തു പിഴച്ചുവെന്ന് ചിന്തിക്കുമ്പോൾ അനുസരണ ഒരു ജീവിത വ്രതമാക്കേണ്ടുന്ന അവസ്ഥ ജനാധിപത്യ രാജ്യങ്ങളിൽപ്പോലും നിലവിലുണ്ടല്ലോ എന്ന മറുചിന്ത കണ്ണുതുറക്കുന്നു.

ബഷീർസാഹിത്യത്തിലെ നർമ്മം ചിരിപ്പിക്കുന്നതിനേക്കാൾ കരയിക്കുകയായിരുന്നു ചെയ്തത്. ഭക്ഷണം ലാഭിക്കാനായി കൂടുതലുറങ്ങുന്നൊരാളെപ്പോലെയാണത്. അവിടങ്ങളിലെ പ്രകൃതി ഇരുകൈയും നീട്ടി സകല ജീവജാലങ്ങളേയും ചേർത്തു പിടിക്കുന്നു. അർത്ഥരഹിതമായ ശബ്ദങ്ങൾപോലും നിലയ്ക്കാത്ത ധ്വനികളുണ്ടാക്കുന്നു. അവിടുത്തെ പ്രണയം അസ്വാതന്ത്ര്യത്തെപ്പോലും പ്രണയസുരഭിലമാക്കുന്നു. ഓറഞ്ചിനെപ്പോലും പൂവൻപഴമാക്കുന്നു...

ബഷീറെഴുതിയില്ലായിരുന്നെങ്കിൽ മലയാളത്തിലെന്തുണ്ടാകുമായിരുന്നു ബാക്കി എന്നു ചിന്തിക്കുന്നില്ല. ആ ഉറങ്ങുന്ന രാജകുമാരിയെ ഈ ഉന്മാദത്തിൻ്റെ സുൽത്താൻ പ്രണയിക്കാതിരിക്കുന്നതെങ്ങനെ?

അതിരുകളില്ലാത്ത സ്നേഹമായിരുന്നു ബഷീർ -അനഘ

സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണെന്ന് പറയുന്ന ബഷീറിയൻ 'ഫലിത'ങ്ങളോട് ഒരുകാലത്തും മതിപ്പുണ്ടായിരുന്നില്ല. ഭാര്യയെക്കൊണ്ട് പൂവമ്പഴം അടിച്ചുതീറ്റിക്കുന്ന ബഷീറിയൻ ഭർത്താക്കന്മാരോടും ശത്രുതാമനോഭാവമായിരുന്നു പുലർത്തിപ്പോന്നിരുന്നത്. പിന്നീടതിന് ഓറഞ്ച് ആവുന്ന സവർണ്ണസാഹിത്യം മാത്രം വഴങ്ങുന്ന പ്രിവിലേജ്ഡ് വായനയെ പൂവമ്പഴമാവുന്ന അടിസ്ഥാനവർഗത്തിന്റെ സാഹിത്യം അടിച്ചുവായിപ്പിക്കാനാണ് ബഷീർ ശ്രമിച്ചതെന്ന വായനകളൊക്കെ ഉണ്ടായെങ്കിൽ പോലും. 

മതിലുകളിലും ഭൂമിയുടെ അവകാശികളിലും അനുരാഗത്തിന്റെ ദിനങ്ങളിലും വെച്ചാണ് അയാളുമായി യഥാർത്തിൽ പ്രേമത്തിലാവുന്നത്. തടവറയുടെ മുറ്റത്തും സൂര്യപ്രകാശമുണ്ട്. മനസ്സിൽ സൃഷ്ടിയുടെ വെളിച്ചവും ഹൃദയത്തിൽ ജലസാനിധ്യവുമുണ്ടെങ്കിൽ നിറങ്ങൾകൊണ്ടനുഗ്രഹിക്കുന്ന പ്രകൃതിയുടെ കൂട്ട് ഏതിരുട്ടിലും മനുഷ്യനെ പുതുക്കുമെന്നുള്ള പാഠം കൂടിയായിരുന്നു മതിലുകളിൽ എഴുതിയിരുന്നത്. 

പ്രകൃതിയേയും പ്രണയത്തെയും സ്വാതന്ത്രലൈംഗികതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങളാണ് ബഷീർ വായനകളിലുടനീളം സ്വാധീനിച്ചിട്ടുള്ളത്. അതിർത്തികളുണ്ട് എന്നതൊരു നുണയാണെന്ന് ബോധ്യപ്പെടുത്താൻ ആ വായനകൾക്ക് കഴിഞ്ഞു. അതിർത്തിയെ ചൊല്ലിയുള്ള മനുഷ്യന്റെ എല്ലാ യുദ്ധങ്ങൾക്കും അതിനെയെല്ലാം ഭേദിച്ചുള്ള സ്നേഹമെന്ന പ്രവാഹശക്തിയാണ് മറുമരുന്നെന്ന് അദ്ദേഹം മതിലുകളിലെഴുതിയിട്ടു. ശരീരത്തിന്റെ ഭാരം പോലുമില്ലാത്ത സ്നേഹം. ആ സ്നേഹത്തിൽനിന്നുള്ള വിയോഗം തനിക്ക് സ്വാതന്ത്ര്യമല്ലെന്നും ആർക്കുവേണം വ്യവസ്ഥയുടെ പരുക്കൻ പുറംലോകമെന്നുമായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.

ഉൾക്കാഴ്ച തന്ന ബഷീർ -ഷെബിൻ ജോർജ്ജ്

ഉപന്യാസത്തിന് വേണ്ടി ബഷീർ സമ്പൂർണ കൃതികളിൽ നിന്ന് പകർത്തി എഴുതിയ വാചകം ഒരിക്കലും മറന്നില്ല. 'വ്യാകരണ ത്തിന്റെ വേലിക്കെട്ടിനു പുറത്ത് നടന്ന ബഷീറിന് പിന്നാലെ അക്ഷരങ്ങൾ നിലവിളിച്ചുകൊണ്ട് നടന്നു...' എന്നതായിരുന്നു അത്. മറ്റാരെയും അങ്ങനെ വിശേഷിപ്പിച്ച് കണ്ടില്ലെന്നത് കൊണ്ട് തന്നെ ആ മനുഷ്യനെ കുറിച്ചുള്ള കൌതുകങ്ങള്‍ ഉള്ളില്‍ വേരോടി. പിന്നീടുള്ള അന്വേഷണങ്ങൾ ഇങ്ങനെ ആ മനുഷ്യനെ പറ്റി ആയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെയും, വിവരണങ്ങളിലൂടെയും. 

പി. മുസ്തഫ പറഞ്ഞ പാട്ടുകളുടെ വലിയ ശേഖരം, നീലവെളിച്ചം എന്ന കഥയിൽ വിവരിക്കുന്നുണ്ട്. ഗസലും, ജാസ്സ് തുടങ്ങി പല അപൂർവ്വ ഗാനങ്ങളും ഉള്ള ശേഖരം. മാമുക്കോയ ബഷീറിന്റെ പക്കൽ നിന്ന് പണം കടം വാങ്ങുമ്പോൾ ഇടാറുള്ള രണ്ട് തരം ഒപ്പുകളെ കുറിച്ച് കേട്ട ഓർമ്മ. പണം തിരികെ കൊടുക്കേണ്ടത് ഇട്ട ഒപ്പിന്റെ ഭാഷയുടെ അടിസ്ഥാനത്തിലാണ്. 

പറഞ്ഞ് വരുന്നത്, സൃഷ്ടിയെയും സൃഷ്ടിക്കുന്നവനെയും വേർതിരിച്ച് അറിയാൻ പറ്റാതെ വരുന്ന അപൂർവ സന്ദർഭങ്ങൾ മാത്രമേ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂ. ബഷീർ അങ്ങനെ ഒന്നായിരുന്നു. നർമ്മം പടന്ന് കിടന്ന സൗഹൃദ സദസ്സുകൾ എണ്ണം പറഞ്ഞ മനുഷ്യാരാൽ സമ്പന്നം. എല്ലാവരുടെയും അനുഭവങ്ങളിൽ ഒരേ ഭാഷയിൽ നിറഞ്ഞ മനുഷ്യൻ. ഈ സമൂഹവും, മനുഷ്യരും പടച്ച് കൂട്ടിയ പല വേഷങ്ങൾ സ്വയം അണിഞ്ഞ്, അലഞ്ഞ വർഷങ്ങളിൽ, സ്വായത്തമാകുന്ന ചില നൈമിഷിക, ശാശ്വത സംജ്ഞകൾ ഉണ്ട്. അത് കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ  ഉൾച്ചേരുന്ന  ആത്മാവാകുന്നു. 

മജീദിന്റെയും, സുഹ്റയുടെയും സംഭാഷണത്തിൽ വിരിയുന്ന ഒരു ലോകം ഉണ്ട്, ഭാവനയുടെ, ജീവിതത്തിന്റെ, നീയും ഞാനും അനുഭവിക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് എഴുത്തുകാരൻ ആയില്ലെങ്കിൽ, സന്യാസി ആയേനെ എന്ന് പറയുന്ന മനുഷ്യന്റെ സമാനതകൾ ഇല്ലാത്ത ഉൾക്കാഴ്ചകൾ ആണ്. ചേർത്ത് എഴുതി വച്ചപ്പോൾ കാലാതീതമായ ചോദ്യങ്ങളും, വാചകങ്ങളും ഉണ്ടായത് എഴുത്തുകാരനും എഴുത്തും രണ്ടല്ലാത്തത് കൊണ്ട് തന്നെ ആവണം. പുനർവായനയിൽ തടഞ്ഞു വീണ ഒന്ന് എഴുതി നിർത്തട്ടെ.

"ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും, ഹൃദയത്തെയും, ആത്മാവിനെയും നശിപ്പിച്ച് കളയുന്നു. അങ്ങനെ ശരീരവും, ഹൃദയവും, ആത്മാവും നശിച്ച നാനാജാതികളിലായി ലക്ഷോപലക്ഷം സ്ത്രീ പുരുഷന്മാർ", "ജീവിതം പ്രകാശം ഉള്ള സൗന്ദര്യം തന്നെ. എങ്കിലും അതിന്റെ മുഖത്ത്‌ പറ്റിയിരിക്കുന്ന ചേറും, ചളിയും വിസ്മരിക്കാൻ കഴിയുന്നില്ല."

ബഷീറെന്ന ജിന്ന് -നീരജ സദാനന്ദൻ

27 കൊല്ലം മുമ്പ് ജൂലൈ അഞ്ചിന് ബഷീര്‍ അന്തരിച്ചു എന്ന് പത്രമാധ്യമങ്ങളില്‍ വന്ന ദിവസം ഏത് ബഷീര്‍ എന്ന് ആരും ചോദിച്ചിരുന്നില്ല. മലയാളത്തിന് ഒരേ ഒരു ബഷീര്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ- വൈക്കം മുഹമ്മദ് ബഷീര്‍. കര്‍മ്മ പരമ്പരയില്‍ ഭൂലോകം മുഴുവന്‍ ചുറ്റാന്‍ വിധിക്കപ്പെട്ട ജിന്ന്. ജിന്ന് ഒന്ന് നിലത്തിറങ്ങിയത് പഴയ നാട്ടുരാജ്യമായ ഇന്നും രാജ്യവും കൊട്ടാരവുമില്ലാത്ത രാജാവുള്ള ബേപ്പൂരിലാണ്. അതും ഒരു പെണ്ണ് കെട്ടാന്‍. പെണ്ണുകെട്ടി ബേപ്പൂര്‍ സുല്‍ത്താനായി മാറി. 

പലദേശങ്ങളില്‍ അലഞ്ഞ് സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന പേനകൊണ്ട് ജീവിക്കാന്‍ ഒരു ജോലിയെന്ന നിലയില്‍ എഴുതിത്തുടങ്ങി എന്നാണ് ബഷീര്‍ പറയുന്നത്. ''കുഴിമടിയന്മാരായ ബഡക്കൂസുകള്‍ക്ക് പറ്റിയ പണിയായിട്ടാണ് 'സാഹിത്യം എഴുത്ത്' താന്‍ തെരഞ്ഞെടുത്തതെന്ന് പറയുന്ന ബഷീര്‍ തന്നെയാണ് അനുഭവങ്ങള്‍ ചിരിപ്പിടിയോളമുണ്ടല്ലോ, അവനെയൊക്കെ കാച്ചിയാല്‍ മതി എന്നും പറയുന്നത്. ബഷീറിനെ വലുതാക്കിയ 'പ്രേമലേഖന'ത്തിലും ഏഴുദശകത്തിന് മുമ്പ് പ്രസിദ്ധീകരിച്ച 'ബാല്യകാല സഖി'യിലും ദുഃഖിതകഥാപാത്രങ്ങളെ സൃഷ്ടിച്ചതില്‍ ബഷീര്‍ തന്നെ ദുഃഖിതനായിരുന്നുവോ? അതില്‍പ്പിന്നെ നര്‍മവും വിമര്‍ശനവും കലര്‍ന്ന കൃതികളിലൂടെയും വായനക്കാരെ പിടിച്ചിരുത്തുന്നതില്‍ ബഷീര്‍ ഊന്നല്‍ നല്‍കി. ഓരോ കൃതികളും പിന്നീട് മലയാളഭാഷയിലെ വിസ്മയങ്ങളായി മാറി. 

വിദേശഭാഷകളിലേക്ക് കൃതികള്‍ പരിഭാഷചെയ്യപ്പെട്ടു. മരണത്തെ കാണുന്ന ബഷീര്‍ കഥകളുടെയും ലേഖനങ്ങളുടെയും അവസാനം 'മംഗളം' 'ശുഭം' എന്നെഴുതുന്നതിനെക്കുറിച്ച് പറഞ്ഞു- ''പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നെയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും. ചെറിയ ചെറിയ വാക്കുകളിലൂടെ മഹാപ്രപഞ്ചം സൃഷ്ടിച്ച വലിയ മനുഷ്യനാണ് ബഷീര്‍

ബഷീര്‍ കഥാവശേഷനായപ്പോള്‍ കഥ അവസാനിക്കുന്നേയില്ല. 'ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നു; നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യകൂടിയുണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. കഥകള്‍ കേട്ട് കഥ പറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ വലിയൊരു കഥയായി'- അതാണ് എനിക്കും സുല്‍ത്താൻ.

മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരുന്നു ബഷീറിന്റെ ഓരോ രചനകളും. അദ്ദേഹത്തിന്റെ ഓരോ കൃതികൾ വായിക്കുമ്പോഴും  സ്നേഹം, ദയ, കാരുണ്യം, ക്ഷമ എന്നിവ ഒരു കുടക്കീഴിൽ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നും. "പ്രപഞ്ചങ്ങളായ പ്രപഞ്ചമേ സനാതന വെളിച്ചമേ" എന്ന് നിത്യം ഒരു പാഠമായി നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരുന്നു അദ്ദേഹം. ഓരോ കഥകൾ വായിക്കുമ്പോഴും ഓരോ രൂപങ്ങൾ ആയിരുന്നു എനിക്ക്‌ അദ്ദേഹം. ഭ്രാന്തൻ സൂഫിയായിരുന്നു ചില നേരങ്ങളിൽ, ചിലപ്പോൾ കഥയിലെ കഥാപാത്രങ്ങളെ പോലെ കള്ളനും, തോട്ടിയും, വേശ്യയും, ജയിൽപുള്ളിയും, മാറാരോഗിയും എല്ലാം. പൂവും പുഴുവും പുലിയും ഉറുമ്പും എല്ലാം സമമായിരുന്നു എന്ന് പഠിപ്പിച്ചു തന്നതും അദ്ദേഹമാണ്.