Asianet News Malayalam

'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചുവെങ്കില്‍ ഈ സിനിമ നിങ്ങള്‍ക്കുള്ളതാണ്

'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം! ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത 'ഇന്‍ റിട്ടേണ്‍, ജസ്റ്റ് എ ബുക്ക്' എന്ന സിനിമയുടെ കാഴ്ചാനുഭവം,  സാഗ ജെയിംസ് എഴുതുന്നു

watching movie In return just a book by Shyni Benjamin
Author
Petersburg, First Published Jun 30, 2021, 7:32 PM IST
  • Facebook
  • Twitter
  • Whatsapp

ആ മാജിക്കിലേക്ക് ക്യാമറക്കണ്ണുമായി, മറ്റൊരു കാലത്ത്, ഒരു ചലച്ചിത്ര സംവിധായിക നടത്തിയ യാത്രയാണ് 'ഇന്‍ റിട്ടേണ്‍, ജസ്റ്റ് എ ബുക്ക്' എന്ന ഡോക്യുഫിക്ഷന്‍. പെരുമ്പടത്തിന്റെ പാതയില്‍നിന്നും ഏറെ മാറി, മറ്റൊരു എഴുത്തുവഴിയിലൂടെ നടന്ന സക്കറിയയാണ് ആ സിനിമയ്ക്ക് അക്ഷരവും ശബ്ദവും നല്‍കിയത്. സംവിധായിക ഷൈനി ബെഞ്ചമിനാണ് റഷ്യയ്ക്കും കേരളത്തിനുമിടയിലെ കാഴ്ചയുടെ ആ പാലം സാദ്ധ്യമാക്കിയത്. വിദേശത്തും ഇന്ത്യയിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അനവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ആ സിനിമ, മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ഇക്കഴിഞ്ഞ വാരം യൂട്യൂബില്‍ റിലീസ് ചെയ്തു.

 

 

'ചില നേരങ്ങളില്‍ ഒരപരിചിതനെപ്പോലെ നഗരം തന്നെ നോക്കുന്നു. നീ ഏതാണെന്ന് ചോദിക്കുന്നു. അപ്പോള്‍ താന്‍ ഈ ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്ത ഒരാളായിത്തീരുന്നു. അതൊക്കെ കുറച്ചു നേരത്തേക്കേയുള്ളൂ. പിന്നെ വീണ്ടും ഈ നഗരം തന്റെ പ്രിയപ്പെട്ട നഗരമായിത്തീരുന്നു. കഠിനമായ സങ്കടവും കടിച്ചമര്‍ത്തിക്കൊണ്ട് ഈ നിരത്തുകളിലൂടെ കടന്നു പോകുമ്പോള്‍ ഈ നഗരം സാന്ത്വനിപ്പിക്കുന്നു. നിശബ്ദമായിട്ട്.' 

ഒരു സങ്കീര്‍ത്തനം പോലെ
പെരുമ്പടവം ശ്രീധരന്‍

 

ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു രാജ്യത്തിന്റെ ഏതോ കാലത്തിനെ,  ഭാവനയിലൂടെ ആവിഷ്‌കരിക്കുക മാത്രമായിരുന്നില്ല, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍. തീ പോലെ ജ്വലിച്ച മഹാനായ ഒരെഴുത്തുകാരന്റെ മനസ്സിലൂടെ, ആ അഗ്‌നിജ്വാലകളെ പുഷ്പംപോലെ ഏറ്റുവാങ്ങിയ ഒരു യുവതിയുടെ മനസ്സിലൂടെ, മറ്റൊരു ദേശകാലത്തില്‍ മറ്റൊരു എഴുത്തുകാരന്‍ നടത്തിയ അസാധാരണമായ സഞ്ചാരം കൂടിയായിരുന്നു. ഉള്ളുതൊടുന്ന പ്രണയ സങ്കീര്‍ത്തനമായി ആ പുസ്തകം മാറിയത്, ആത്മാവില്‍  ഫിയോദര്‍ ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരനെ കുടിയിരുത്തിയ പെരുമ്പടവം ശ്രീധരന്‍ എന്ന, തഴക്കം ചെന്നൊരു നോവലിസ്റ്റ് നടത്തിയ മായാജാലം കൊണ്ടുകൂടിയായിരുന്നു. 

 

പെരുമ്പടവം ശ്രീധരനും സിനിമാസംഘവും റഷ്യയില്‍

 

ആ മാജിക്കിലേക്ക് ക്യാമറക്കണ്ണുമായി, മറ്റൊരു കാലത്ത്, ഒരു ചലച്ചിത്ര സംവിധായിക നടത്തിയ യാത്രയാണ് 'ഇന്‍ റിട്ടേണ്‍, ജസ്റ്റ് എ ബുക്ക്' എന്ന ഡോക്യുഫിക്ഷന്‍. പെരുമ്പടത്തിന്റെ പാതയില്‍നിന്നും ഏറെ മാറി, മറ്റൊരു എഴുത്തുവഴിയിലൂടെ നടന്ന സക്കറിയയാണ് ആ സിനിമയ്ക്ക് അക്ഷരവും ശബ്ദവും നല്‍കിയത്. സംവിധായിക ഷൈനി ബെഞ്ചമിനാണ് റഷ്യയ്ക്കും കേരളത്തിനുമിടയിലെ കാഴ്ചയുടെ ആ പാലം സാദ്ധ്യമാക്കിയത്. വിദേശത്തും ഇന്ത്യയിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അനവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ആ സിനിമ, മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ഇക്കഴിഞ്ഞ വാരം യൂട്യൂബില്‍ റിലീസ് ചെയ്തു. ഏറ്റവുമധികം മലയാളികള്‍ വായിച്ച 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിനെ വ്യത്യസ്തമായി പിന്തുടരുന്ന ആ സിനിമയുടെ കാഴ്ചാനുഭവത്തെ വിസ്മയം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാവുന്നില്ല. 

 

പെരുമ്പടവം ശ്രീധരന്‍ ദസ്തയേവ്‌സ്‌കിയുടെ എഴുത്തുമേശയ്ക്കരികെ

 

നോവല്‍ പാഠം
തന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു കാലത്ത് മഹാനായ എഴുത്തുകാരന്‍ ദസ്തയേവ്സ്‌കി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് ഒരര്‍ത്ഥത്തില്‍ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍. അദ്ദേഹത്തിന്റെ അരികിലേക്ക് കേട്ടെഴുതാന്‍ എത്തിപ്പെടുന്ന അന്ന എന്ന യുവതിയാണ് ആ സംഘര്‍ഷങ്ങളെ നമ്മളിലേക്ക് പകരുന്നത്. 

തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതുമാണ് ഇതിവൃത്തം. ഇതിനു സമാന്തരമായി പ്രസാധകനുമായുള്ള ദസ്തയേവ്‌സ്‌കിയുടെ പ്രശ്‌നങ്ങള്‍ കടന്നു വരുന്നു. 'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ പറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തന്റെ മുഴുവന്‍ കൃതികളുടെയും പകര്‍പ്പാവകാശം അദ്ദേഹത്തിന് നഷ്ടപ്പെടും. വിധിയുടെ മറ്റൊരു ചൂതാട്ടം. അതിനിടയിലുള്ള ദസ്തയേവ്സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അന്ന ദസ്തയേവ്സ്‌കിയയുടെ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്, പെരുമ്പടവം ഈ നോവലിലേക്ക് നടന്നുചെല്ലുന്നത്.  ദസ്തയേവ്‌സ്‌കിയെ അന്ന കണ്ടുമുട്ടുന്ന നിമിഷം മുതല്‍ അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്ന നിമിഷംവരെയാണ് 'ഒരു സങ്കീര്‍ത്തനം പോലെ' അവതരിപ്പിക്കുന്നത്.

അന്നയുടെ ഡയറിക്കുറിപ്പില്‍ നിന്ന് ഉള്ളിലേക്ക് വീണ തീപ്പടര്‍പ്പുകളെ വാക്കുകളിലാക്കാന്‍ ശ്രമിക്കുന്ന കാലത്ത്,   തോരാതെ പെയ്യുന്ന ഒരു പെരുമഴയില്‍ തന്റെ മനസ്സിലെ പച്ചക്കാടുകള്‍ കത്തിക്കൊണ്ടിരുന്നു എന്നാണ് പെരുമ്പടവം എഴുതുന്നത്. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളിലുള്ളതുപോലെ കുറ്റബോധത്തിന്റേയും അനുതാപത്തിന്റേയും അടയാളപ്പെടുത്തലുകള്‍ ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണാം. അതിനാലാണ് അദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിന് 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് എഴുത്തുകാരന്‍ നല്‍കിയത്.

 

സിനിമയില്‍നിന്നുള്ള ദൃശ്യം
 

ചലച്ചിത്രപാഠം

എഴുതിക്കഴിഞ്ഞ് അതിന്റെ യാത്ര തുടരുന്ന പുസ്തകത്തില്‍നിന്നാണ് ചലച്ചിത്രം ആരംഭിക്കുന്നത്. പുസ്തകമെഴുതിക്കഴിഞ്ഞ് പതിറ്റാണ്ടുകള്‍ക്കു ശേഷം, എഴുത്തുകാരനെ തേടിച്ചെല്ലുന്ന ഒരു ക്യാമറ. 'റഷ്യയില്‍ പോയിട്ടുണ്ടോ' എന്ന സംവിധായികയുടെ ചോദ്യത്തിന് 'ഇല്ല' എന്ന് പെരുമ്പടവത്തിന്റെ ഉത്തരം.  എങ്കില്‍, ദസ്തയേവ്‌സ്‌കിയെ തേടി നമുക്കൊന്ന് റഷ്യയില്‍ പോയാലോ എന്ന സംവിധായികയുടെ ആലോചന. അതാണ് ഈ സിനിമയുടെ നട്ടെല്ല്. റഷ്യയില്‍ വിമാനമിറങ്ങുന്ന പെരുമ്പടവം, ദസ്തയേവ്‌സ്‌കി നടന്ന വഴികളിലൂടെ, അമ്പരപ്പും ആശ്ചര്യവുമായി നടന്നു ചെല്ലുന്നു. ദസ്തയേവ്‌സ്‌കി ജീവിച്ച ഇടങ്ങളിലൂടെ, അന്നയുമായുള്ള അടുപ്പവും സംഘര്‍ഷങ്ങളുമായി അദ്ദേഹം തീപോലെ പുകഞ്ഞ പാതവരമ്പുകളിലൂടെ പെരുമ്പടവവും നടക്കുന്നു. സ്വന്തം പുസ്തകം, ദസ്തയേവസ്‌കിയുടെ നാടിന് സമര്‍പ്പിച്ച്, അദ്ദേഹം ഒടുവില്‍ തിരിച്ച്, പാടവരമ്പും പശുവും നാട്ടുമണങ്ങളുമുള്ള സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 

ഇതുമാത്രമല്ല സിനിമ. പെരുമ്പടവത്തിന്റെ സഞ്ചാരത്തിന്റെ പശ്ചാത്തലത്തിലേക്ക്, പൊയ്‌പ്പോയ കാലത്തില്‍നിന്നും ദസ്തയേവസ്‌കിയെയും അന്നയെയും സംവിധായിക പ്രതിഷ്ഠിക്കുന്നു. റഷ്യന്‍ തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ വ്‌ളാദിമിര്‍ പോസ്ത് നിക്കോവ്, ഒക്‌സാന കര്‍മഷീന എന്നിവരെ ദസ്തയേവ്‌സ്‌കിയും അന്നയുമായി വേഷമിടുവിക്കുന്നു. പുസ്തകത്തിലെ നാടകീയമായ നാടകീയമായ ജീവിതമുഹൂര്‍ത്തങ്ങള്‍ എന്നിവ പുനരാഖ്യാനം നടത്തുന്നു. ചൂതാട്ട മേശയ്ക്കു ചുറ്റുമുള്ള ദസ്തയേവ്‌സ്‌കിയുടെ നിസ്സഹായമായ കറക്കങ്ങളെ, ഈ സിനിമ ദൃശ്യവല്‍കരിക്കുന്നു. പുസ്തകത്തിനും ജീവിതത്തിനും സിനിമയ്ക്കുമിടയില്‍ ഖനീഭവിച്ചുനില്‍ക്കുന്ന കാലത്തെ പ്രേക്ഷകനെ കാട്ടിത്തരുന്നു.  

 

പെരുമ്പടവം ശ്രീധരന്‍ റഷ്യയില്‍
 

അന്ന കണ്ടെത്തിയ ദസ്തയേവ്‌സ്‌കിയെ തന്റെ നോവലിലൂടെ സൃഷ്ടിച്ചെടുത്ത എഴുത്തുകാരന്‍,  അവരുടെ ഹൃദയമിടിപ്പുകള്‍ ഏറ്റുവാങ്ങിയ, താനിതുവരേ  കണ്ടിട്ടില്ലാത്ത സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലൂടെ അവര്‍ക്കൊപ്പം അദൃശ്യനായി സഞ്ചരിക്കുകയാണ് ഈ സിനിമയില്‍.  പെരുമ്പടവത്തിന്റെ ഗ്രാമഭംഗിയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ തെരുവീഥിയിലേക്ക് ഒരു ജംപ്കട്ട്. നോവല്‍ എഴുതിയ കാലത്ത്, ദസ്തയെവ്‌സ്‌കി തന്റെ തോളില്‍ കൈയിട്ട് നടന്നിരുന്നതായി തോന്നിപ്പിച്ച ഇടങ്ങളിലൂടെയാണ് പെരുമ്പടവത്തിന്റെ നടത്തങ്ങള്‍. ദസ്തയേവ്‌സ്‌കിയും അന്നയും താമസിച്ചിരുന്ന,  ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന വീട്, സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ തെരുവുകള്‍, നേവാ നദി, മാതാവിന്റെ പള്ളി,  കുതിരവണ്ടി എന്നിവയും സിനിമാനുഭവത്തിന് മിഴിവേകുന്നു.

 

സംവിധായിക ഷൈനി ബെഞ്ചമിന്‍
 

ബേബി മാത്യു സോമതീരം നിര്‍മ്മാണം നിര്‍വ്വഹിച്ച ഈ ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയാണ്.  ശരത്തിന്റെ സംഗീതം, എഴുത്തും പ്രണയവും ജീവിതവും കൊണ്ട് ചൂതാടിയ വിശ്വസാഹിത്യകാരനും അദ്ദേഹത്തിന്റെ പ്രണയിനി അന്നയ്ക്കും വാക്കുകള്‍ക്കതീതമായൊരു സ്വപ്ന സദൃശ്യ ദൃശ്യാനുഭവം പകര്‍ന്നു നല്‍കുന്നു. പതിനഞ്ചു ദിവസം റഷ്യയിലും നാലു ദിവസം പെരുമ്പടവത്തുമായി ഷൂട്ട് ചെയ്ത 45 മിനിട്ടുള്ള ഈ ചിത്രത്തിന്റെ കരുത്ത്, ക്യാമറയാണ്. ഈ സിനിമ അതിമനോഹരമായി ക്യാമറയില്‍ പകര്‍ത്തിയത് സിനിമാട്ടോഗ്രാഫര്‍ കെ ജി ജയന്‍ ആണ്. ബി അജിത്ത് കുമാറാണ് രണ്ടു കാലങ്ങളിലേക്കും ദേശങ്ങളിലേക്കും കാലുനീട്ടുന്ന സിനിമയെ ഗംഭീരമായി എഡിറ്റ് ചെയ്‌തൊരുക്കിയത്.

Follow Us:
Download App:
  • android
  • ios