ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ. Asianet News Chilla literary space. malayalam Short Story by V Sudheesh Kumar
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഒന്നാം കുടുംബശ്രീ യുദ്ധം
'എന്തു വില കൊടുത്തും എല്ലാറ്റിനും ഉടനടി ഒരൊത്തുതീര്‍പ്പുണ്ടാക്കണം. സത്യത്തിന്റെ വിജയത്തിന് ജീവന്‍ കൊടുക്കണമെങ്കില്‍ അങ്ങനെ. രക്തചൊരിച്ചിലുകൊണ്ട് ധര്‍മ്മ പരിപാലനമാണ് നമ്മുടെ ലക്ഷ്യം. ഒരുങ്ങിയിരിക്കുക. വഴി ഒന്നേയുള്ളു. യുദ്ധം.'
പുഷ്പലത അത് പറഞ്ഞതും കാരക്കാട് കുടുംബശ്രീ യൂണിറ്റിലെ സകലരും എഴുന്നേറ്റു നിന്ന് കൈയടിച്ചു പോയി. യുദ്ധമല്ലാതെ മറ്റൊന്നും ഉടലെടുത്ത പ്രശ്‌നത്തിന് ഉത്തരം നല്‍കില്ല എന്ന് മെമ്പര്‍മാര്‍ ഓരോരുത്തര്‍ക്കും ഉത്തമ ബോധ്യം ഉണ്ടായിരുന്നു.
'ധര്‍മ്മം എന്തായാലും ജെയിക്കണൊണെ. അയ്റ്റ്ങ്ങളെ മീട്ടേക്ക് കുത്തണം.'
യൂണിറ്റ് ട്രഷറര്‍ തങ്കമണി കൊച്ചുമകള്‍ രണ്ടാം ക്ലാസുകാരി ചിന്നു മോളെപ്പോലെ അക്ഷരാര്‍ത്ഥത്തില്‍ തുളളിച്ചാടി.
'ഇന്ന് വൈന്നേരം നമ്മളെ തീരുമാനം മലാംകാട് കുടുംബശ്രീ യൂണിറ്റിന അറീക്കും. അപ്പിയേക്കും അതന്നെയാന്ന് വേണ്ടതെങ്കില് ഒന്നും നോക്കാനില്ല. അയ്റ്റ്ങ്ങള കൊത്തീറ്റ് ബേറും നമ്മൊ.'
പുഷ്പലത ആവേശം വാരി വിതറി.
പണ്ട് സ്‌കൂള് വിടുമ്പൊ തോന്നാറുണ്ടായിരുന്ന മാതിരിയുള്ള ആഹ്ലാദാരവങ്ങളോടെ യൂണിറ്റ് മെമ്പര്‍മാര്‍ ഒന്നടങ്കം തൊട്ടുപിന്നാലെ മലാംകാട് യൂണിറ്റിലെ സാമര്‍ത്ഥ്യക്കാരികളായ സകലരെ പറ്റിയും ഇരുന്ന് പോലി പറയാന്‍ തുടങ്ങി.
യുണിറ്റ് ഒന്നായിരുന്ന കാലത്ത് ഒരമ്മ പെറ്റവരെ പോലെയായിരുന്നു അക്കരയിലെയും ഇക്കരയിലെയും പെണ്ണുങ്ങള്‍ ഓരോരുത്തരും.
ഒത്തൊരുമയോടെ അവര്‍ കുന്നിന്‍ ചരുവിലെ വിഷയങ്ങളും വിശേഷങ്ങളും കാര്യക്ഷമമായി തന്നെ കൈകാര്യം ചെയ്തു. ബിന്ദുജയുടെ മകള്‍ക്ക് സുമയും സുജയും ചെക്കനെ അന്വേഷിച്ച് കണ്ടെത്തി കൊടുത്തതും നളിനയുടെ പാലുകാച്ചലിന് ചരുവിലെ വീടുകളില്‍ നിന്ന് പെണ്ണുങ്ങളെല്ലാവരും സദ്യക്കുള്ളത് താന്താങ്ങള്‍ക്കാവുന്നതെടുത്ത് വച്ച് കൊടുത്തതും രക്തവാതം വന്ന് കിടപ്പിലായ നാരായണി അമ്മയെ സ്വന്തം അമ്മയെ കണക്കനെ രമയും ശുഭയും സുശീലയും മൂന്നു നേരം വച്ചുണ്ടാക്കികൊടുത്തും കൂട്ടുകിടന്നും നോക്കിയതുമെല്ലാം അതിനുദാഹരണങ്ങളാണ്.
കുടുംബശ്രീ അംഗങ്ങള്‍ ഇങ്ങനെ സഹവര്‍തിത്വത്തിന്റെ നൂറ് നൂറ് പുഷ്പങ്ങള്‍ വിരിയിക്കവെ അംഗങ്ങളുടെ ഐക്യത്തിന് അവമതിപ്പുണ്ടാക്കികൊണ്ട് അപ്രതീക്ഷിതമായി യൂണിറ്റില്‍ നിന്നും ഒരു തീരുമാനം ഉണ്ടായി.
അംഗസംഖ്യ കൂടി കാര്യഗൗരവമില്ലാതെ യൂണിറ്റ് മെമ്പര്‍മാര്‍ ഇട്ടതിന്റെയും ഉടുത്തതിന്റെയും മാറ്റു നോക്കുവാനും നട്ടതിന്റെയും നനച്ചതിന്റെയും മേനിപറയുവാനും എടുത്തതിന്റെയും കൊടുത്തതിന്റെയും എണ്ണം കൂട്ടുവാനും മാത്രമായി മീറ്റിങിനു വന്നിരുന്ന് നൊട്ട പറഞ്ഞിരുന്ന് നേരം കളയുന്നത് കണ്ട് സെക്രട്ടറി രമാദേവിയും ഭരണ സമിതിയും ഒരു നീക്കുപോക്കിനും തയ്യാറിനില്ലാതെ എടുത്ത തീരുമാനമായിരുന്നു അത്.
കാരക്കാട് കുടുംബശ്രീ യൂണിറ്റ് രണ്ടായി വിഭജിക്കുവാന്‍ പോകുന്നു.
അംഗങ്ങളെല്ലാവരും ആസകലം കുലുങ്ങുക തന്നെ ചെയ്തു. ആരും പിരിയുന്നതിന് ഒരുക്കവുമായിരുന്നില്ല. തിരുമാനത്തിനെതിരെ പല്ലും നഖവും കൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പിരിഞ്ഞാല്‍ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തുള്ള രണ്ടു ചേരികളായി മാറാമെന്നും ധന വിഭവ സമാഹരണത്തിന് അത് ഉപകരിക്കുമെന്നും സ്ഥലപരിമിതിക്കും അച്ചടക്കമില്ലായ്മയ്ക്കും അതാണ് പരിഹാരമെന്നും രമാദേവി പിന്നാലെ നടന്ന് ഓരോരുത്തരെയും പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കി. രമാദേവിക്ക് ആരും തന്നെ ചെവികൊടുത്തിരുന്നില്ല.
'എന്തെങ്കിലും ആക്ക് നിങ്ങൊ. കര്‍മ്മം കൈക്കാനായിറ്റ്.'
എന്നും പ്രാകിക്കൊണ്ട് രമാദേവി സെക്രട്ടറി സ്ഥാനം വലിച്ചെറിയാന്‍ പോയതും അംഗങ്ങളുടെ തലമണ്ടകളില്‍ ഒരിടിമിന്നലുണ്ടാവുകയും പ്രതിഷേധം കനം കുറഞ്ഞ് നേര്‍ത്ത് പോവുകയും ചെയ്തു. വൈകാതെ പുഷ്പലതയുടെ നേതൃത്വത്തില്‍ കുന്നിനക്കരെ കാരക്കാടും പങ്കജവല്ലിയുടെ നേതൃത്വത്തില്‍ ഇക്കരെ മലാംകാടും യൂണിറ്റുകളായി അവിഭക്ത കാരക്കാട് കുടുംബശ്രീ യൂണിറ്റ് രണ്ടായി വേര്‍ പിരിഞ്ഞു.
2
കുണ്ടംകുഴിയപ്പന്റെ ഉല്‍സവത്തിന് സദ്യ വിളമ്പുന്നതിലും ഇരു യൂണിറ്റിലുമുള്ള ചെണ്ടകൊട്ട് സംഘങ്ങള്‍ പാര്‍ട്ടി പരുപാടിക്ക് പഞ്ചാരിമേളം കൊട്ടുന്നതിലും പിന്നീടങ്ങോട്ട് രണ്ട് ചേരികളായി തന്നെയാണ് കുന്നിന്‍ ചരുവിലെ പെണ്ണുങ്ങളെല്ലാവരും പങ്കുകൊണ്ടത്. പിരിഞ്ഞതോടുകൂടി യൂണിറ്റിനെന്ന പോലെ അംഗങ്ങളുടെ മനസ്സിലും ഒരു വിള്ളല്‍ വീണിരുന്നു.
ചെന്താരകം ക്ലബ്ബിന്റെ വാര്‍ഷികത്തിന് മലാംകാട് യൂണിറ്റിലെ മൂന്നു പേരെ കാരക്കാടിന്റെ രമ തലയണ തല്ലിന് തല്ലി തെറുപ്പിച്ചതോടു കൂടി വിള്ളല്‍ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു. ഒരു കുടിപ്പകയുടെ അധ്യായം മെല്ലെ മെല്ലെ എഴുതപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
കുന്നിന്‍ ചരുവില്‍ നിന്ന് പത്താം ക്ലാസ് പാസായ കുട്ടികളെ അനുമോദിക്കുന്നതിനു വേണ്ടി ഇരു യൂണിറ്റിലെയും മെമ്പര്‍മാര്‍ അങ്കണവാടി ഹാളില്‍ വച്ച് കൂടിയ ചടങ്ങില്‍ വച്ച് പുഷ്പലത ഒന്ന് മഞ്ഞുരുക്കി എടുക്കാന്‍ നോക്കിയതാണ് പരസ്പരമുള്ള അകല്‍ച്ച ഒരു കയ്യാങ്കളിവരെ എത്തിച്ചത്.
'നമ്മളെല്ലം എത്ര കാലാന്ന് ഒരു പായീമ്മ കെടന്നിറ്റും ഒരു പിഞ്ഞാണത്ത്ന്ന് തിന്നിറ്റും ഒത്തൊരുമേല് കൈഞ്ഞ് കൂടിയത്. ഈ സമയത്ത് എനക്കതല്ലാന്ന് ഓര്‍മ്മവെര്ന്നത്. എനിയ്ള്ള കാലത്തും നമ്മൊ അങ്ങനന്നെ പോണോപ്പാ.. '
പുഷ്പലത പറഞ്ഞു.
'നിങ്ങൊ പറീന്നത് കേട്ടാ തോന്നും ഞങ്ങളെന്തോ പ്രശ്‌നക്കാറാന്നല്ലൊ.'
പങ്കജവല്ലി പുഷ്പലതയുടെ സംസാരം മുറിച്ചു.
'ഞാനങ്ങനെ പര്‍ഞ്ഞതല്ല.'
'നിങ്ങൊ അങ്ങന്നെ പറഞ്ഞത്.'
'ഇല്ലാത്തത് വായിക്കല നീ. എല്ലാറ്റിനും ഒരു മര്യാദി വേണം.'
'എന്ത്യെ നിങ്ങക്കാ മര്യാദി. എന്നക്കൊണ്ടൊന്നും പറീപ്പിക്കല നിങ്ങൊ.'
'എന്ത്യെ നിന്‍ക്ക് പറയാനില്ലത്. പറയറൊ എന്നാ. കേക്കട്ട്. '
'നീങ്ങോല്ലെ കനകേന്റെ മോളെ മംഗലം മൊടക്കീന്.'
'ആരി ഞാനാ മൊടക്കീന്. ഞാനല്ല നിന്റെ ബെല്ലിച്ചന്‍ മൊടക്കീന്.'
'എന്റെ ബെല്ലിച്ചന പര്‍ഞ്ഞാല്ണ്ടല്ല.'
'എന്താക്കും നീ പര്‍ഞ്ഞാല്.'
പങ്കജവല്ലി ഇരുന്ന ബെഞ്ചിലേക്ക് കയറി പുഷ്പലതയുടെ മേത്തേക്ക് ചാടി വീണ് കാലുയുയര്‍ത്തി അവളുടെ നെഞ്ചിന് ഒരു ചവുട്ടു വച്ച് കൊടുത്തു. പുഷ്പലത ഒരു സ്വപ്നത്തിലേക്കെന്നവണ്ണം ഉയര്‍ന്നുപൊങ്ങി പിന്നിലോട്ട് തലതല്ലി വീണു. പിന്നാലെ സുമലത അടുക്കളയിലേക്കോടി അണ്ടാവിന്റെ ചട്ടുകവുമായി മലാംകാട്ടുകാര്‍ക്ക് നേരെ പറന്നു വന്ന് പുഷ്പലതയുടെ മോന്ത അടിച്ച് പരത്തി. ഗിരിജ നെസീബയുടെ അണപ്പല്ലു നോക്കി ഒരടി കൊടുത്തു. ചന്ദ്രമതി ഗ്രീഷ്മയുടെ മുഖം അങ്കണവാടിയുടെ തേക്കാത്ത ചുവരില്‍ പിടിച്ചുരസി. തമ്പായി അമ്മയ്ക്കും കിട്ടി തലമണ്ടയ്ക്ക് മുട്ടു കൈവച്ചുള്ള ഒട്ടകം നളിനാക്ഷിയുടെ വീക്ക്. അടി കൊഴുത്തതും അങ്കണവാടി പരിസരം പൊടിമണ്ണില്‍ മുങ്ങി. കൊണ്ടും കൊടുത്തും പെണ്ണുങ്ങള്‍ ഒന്നൊതുങ്ങിയതും പുഷ്പലത പങ്കജവല്ലിക്കു നേരെ കൈ ചൂണ്ടിക്കൊണ്ട് വായിലൂറിയ ചോര ജനാലയിലൂടെ പുറത്തേക്ക് തുപ്പിക്കൊണ്ട് പ്രതികാര ദാഹിയായി വെല്ലുവിളിച്ചു.
'നോക്കിക്കൊ മക്കളെ. ഈനൊക്കെ ഞങ്ങൊ പ്രതികാരം ചെയ്തിരിക്കും.'
പിന്നീട് പരസ്പരമുള്ള പ്രതികാര ദാഹത്തിന്റെ കാലമായിരുന്നു. സുശീലയുടെ രണ്ടാമത്തെ മകള്‍ അശ്വനിയുടെ കല്യാണം മുടങ്ങി. ഷീലയുടെ പത്താം ക്ലാസുകാരന്‍ മകനെ ബൈക്കോടിച്ചതിന് പോലീസ് പിടിച്ചപ്പോള്‍ ഒരു കഞ്ചാവ് കഥയും കൂടി കൂട്ടിച്ചേര്‍ത്ത് പുഷ്പലതയും കൂട്ടുകാരികളും പാടി നടന്നു. കാരക്കാട്ടുകാര്‍ നടത്തുന്ന വീട്ടിലെ ഊണ് ഹോട്ടലില്‍ നിന്ന് പച്ചവെള്ളം പോലും കുടിക്കരുതെന്ന് അകന്ന ബന്ധുക്കളെ പോലും മലാംകാട്ടുകാര്‍ വിലക്കി. കല്യാണം വിളിച്ചാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകാതായി. മരണവീടുവരെ വൈരത്തിനിരയായി. രാത്രിക്ക് വീടുകള്‍ക്ക് പരസ്പരം കല്ലെറിഞ്ഞു. കിണറില്‍ ചത്ത പൂച്ചയെ കൊണ്ടിട്ടു. പരസ്പരം മാട്ടം വച്ചു. കാരക്കാട്ടുകാരി സുശീലയുടെ കെട്ടിയവന്‍ രമേശന് നെഞ്ചുവേദന വന്നപ്പോള്‍ മലാംകാട്ട്കാരി രാജിയുടെ ഭര്‍ത്താവ് വല്‍സന്‍ ജീപ്പെടുക്കാന്‍ പോയതും രാജി ചാവി എടുത്തൊളുപ്പിച്ചു. രമേശന്‍ കിടന്ന് മരിച്ചു. പിന്നാലെ രാത്രിക്ക് ടയറിന് അള്ള് കയറി ജീപ്പ് കുഴിയില്‍ വീണ് വല്‍സന്‍ അര ഒടിഞ്ഞ് കിടപ്പിലായി. സങ്കതി ഡാര്‍ക്കായി. പക പകലിലും രാത്രിയിലും ഇരു കുന്നിന്‍ ചെരുവിലും മൂടല്‍മഞ്ഞു പോലെ പുതഞ്ഞു പൊന്തി. ഒറ്റ നടപ്പാത കയറുന്നവരും കവുങ്ങിന്‍ പാലം കടക്കുന്നവരും എതിരെ എതിര്‍ ഗ്രൂപ്പുകാരാരും വരല്ലെ എന്ന് വേലക്കുന്നപ്പനോട് പ്രാര്‍ത്ഥിച്ചു. പണിക്കുപോയ ഭര്‍ത്താക്കന്‍മാരോടും കളിക്കാന്‍ പോയ കുട്ടികളോടും നേരത്തെ വീടു പിടിക്കാന്‍ പെണ്ണുങ്ങള്‍ കച്ചകെട്ടി. രാത്രിയില്‍ പുര കത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് ഇരു കുന്നിന്‍ ചെരുവും ഉറങ്ങാതെ കിടന്നു.
പക മൂത്ത് വീര്‍പ്പുമുട്ടി ജീവിതം മടുത്തപ്പൊഴാണ് യൂണിറ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടലിലൂടെ പ്രശ്‌നങ്ങള്‍ക്കൊരു അറുതി വരുത്താം എന്ന് തീരുമാനമെടുക്കുന്നത്.
കേള്‍ക്കുമ്പോള്‍ അസംബന്ധമായി തോന്നാമെങ്കിലും അതായിരുന്നു ചെരുവിലെ പെണ്ണുങ്ങളുടെ വിധി. യുദ്ധം ചെയ്യുക. യുദ്ധത്തിലൂടെ എല്ലാറ്റിനും അറുതി വരുത്തുക.
3
മിനി സ്റ്റേഡിയമോ വോളിബോള്‍ ഗ്രൗണ്ടോ യുദ്ധഭൂമിയായി തിരഞ്ഞെടുക്കാമെന്ന് യൂണിറ്റുകള്‍ സംയുക്തമായി തീരുമാനിച്ചു. കാരക്കാട് യൂണിറ്റില്‍ നിന്ന് യശോദയെയും മലാംകാട് യൂണിറ്റില്‍ നിന്ന് സീതാലക്ഷ്മിയെയും യുദ്ധ നിയമങ്ങളുണ്ടാക്കാന്‍ ഏര്‍പ്പാടു ചെയ്തു.
ആദ്യത്തെ നിയമം എല്ലാവരു പ്രതീക്ഷിച്ചത് തന്നെയായിരുന്നു; പിന്നില്‍ നിന്ന് കുത്തരുത്.
പിന്നാലെയുള്ള നിയമങ്ങള്‍ ഇവയൊക്കെയാണ്, മുടിയില്‍ പിടിച്ച് വലിക്കരുത്. സാരിക്കുത്തഴിഞ്ഞാല്‍ മുറുക്കി കുത്താന്‍ സാവകാശം കൊടുക്കുക. ആസ്മയുള്ളവര്‍ ആസ്മയുള്ളവരോടും തടിയനങ്ങാത്തവര്‍ അതുപോലുള്ളവരോടും മാത്രം യുദ്ധം ചെയ്യുക. യുദ്ധത്തിന് ദിവസം കുറിച്ചാല്‍ മുന്നോടിയായി ബാഹുബലി ഒന്നും രണ്ടും, കേരളവര്‍മ്മ പഴശിരാജ, വടക്കന്‍ വീരഗാഥ , തച്ചോളി ഒതേനന്‍ തുടങ്ങിയ വാള്‍ പയറ്റ് സിനിമകള്‍ കണ്ട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഒരു മുന്‍ധാരണ വരുത്തുക.
തൊട്ടു പിന്നാലെ ഇരു യൂണിറ്റുകളും യുദ്ധസാമഗ്രികള്‍ക്ക് ലിസ്റ്റിട്ടു. പതിനൊന്ന് വാളും രണ്ട് ഗദയും മൂന്ന് ഉറുമിയും നാല് കുന്തവും ആണ് കാരക്കാടുകാരുടെ ലിസ്റ്റിലെ ആയുധങ്ങള്‍. വാളു പൊക്കാന്‍ പോലും പാങ്ങില്ലാത്തവര്‍ ഒരു കാരണവശാലും ഗദ വേണമെന്ന് വാശി പിടിക്കരുത്. അവര്‍ക്കുള്ളതാണ് കുന്തം. അവരവര്‍ക്ക് കംഫര്‍ട്ടബിളായ ആയുധങ്ങള്‍ വീട്ടില്‍ നിന്നു കൊണ്ടുവരാവുന്നതുമാണ്. പരിച തികഞ്ഞില്ലെങ്കില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും അപ്പചെമ്പിന്റെ അടപ്പോ ഇടലി പാത്രമോ കൈയില്‍ കരുതണം. അച്ചാറും കൂട്ടി കുളുത്തും കുടിച്ച് രാവിലെ ഏഴുമണിക്കു തന്നെ എല്ലാവരും യുദ്ധഭൂമിയില്‍ ഹാജരാവണം.
കിഴങ്ങ് കൃഷിക്കും വെള്ളരിക്ക കൃഷിക്കും മാറ്റിവച്ച ഫണ്ട് മറിച്ച് ലിസ്റ്റിലെ ആയുധങ്ങള്‍ ഓരോന്നും ഇരു യൂണിറ്റുകാരും കാസര്‍ക്കോട് പുതിയ ബസ്റ്റാന്റിലെ നാടക പ്രോപ്പര്‍ട്ടിക്കാരില്‍ നിന്നും വാടകയ്‌ക്കെടുത്തു. യുദ്ധത്തെ പറ്റിയുള്ള വാര്‍ത്ത പാറപ്പുല്ലിന് കാട്ടുതീ പിടിച്ചതു പോലെ അപ്പൊഴെയ്ക്കും നാടുനീളെ പാറി പറന്നിരുന്നു. എല്ലാ ജാതി മതക്കാരും ആ കൗതുകകരമായ ദിവസത്തിലേക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തു.
യുദ്ധത്തിന്റെ തലേന്ന് രാത്രി പുഷ്പലത വാളു ചുഴറ്റി പങ്കജവല്ലിയുടെ തലയരിഞ്ഞ് രക്തം അനാറിന്‍ കുരുക്കള്‍ പോലെ ആകാശത്തേക്ക് തെറുപ്പിക്കുന്നതും അവളുടെ മാറുപിളര്‍ന്ന് രക്തത്തില്‍ കൈമുക്കി തന്റെ സിസൊ ഹെയര്‍കളര്‍ ഡൈയിട്ട് കറുപ്പിച്ച മുടി വാരി കെട്ടുന്നതും സ്വപ്നത്തില്‍ കണ്ടു. അതിരാവിലെതന്നെ എണീറ്റ് കുളിച്ച് നൂല്‍പ്പുട്ടുണ്ടാക്കിത്തിന്ന് ഭര്‍ത്താവിന് ഇന്‍സുലിനും എടുത്ത് റബറ് വെട്ടുകാരന് പത്തു മണിക്കുള്ള ചായയും മാറ്റി വച്ച് പുഷ്പലത യുദ്ധം ചെയ്യാന്‍ ഉല്‍സാഹത്തോടെ വീടുവിട്ടിറങ്ങി. വഴിയില്‍ ഇന്ദുമതി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നിച്ച് പോകാമെന്നേറ്റ സുശീലയെ കാണാഞ്ഞ് പുഷ്പലത അവളെ ഫോണില്‍ വിളിച്ചു.
'എന്തണെ വരാത്തെ. എണീച്ചിറ്റെ നീ. തൊടക്ക് ബേല് കൊണ്ടാലെ എണീക്കു.. ഞങ്ങൊ ഇതാ ഈട കാത്ത് നിക്ക്ന്ന്. വേം വാ.'
കൂട്ടുകാരികളുമായി പുഷ്പലത യുദ്ധഭൂമിയിലേക്കെത്തിയപ്പോഴെയ്ക്കും തങ്കമണി ആളുകളെയും ആയുധങ്ങളെയും തരം തിരിച്ചിരുന്നു. യുദ്ധഭൂമിയായ വോളിബോള്‍ ഗ്രൗണ്ടു നോക്കി ഗദയും തോളിലേന്തി ഗ്രൗണ്ടിനു ചുറ്റിലും കൂടിയ ആളുകളെ സമൂഹത്തിന്റെ വ്യവസ്ഥിതികളോടുള്ള സകലമാന പുച്ഛത്തോടെയും നോക്കി നില്‍ക്കുകയായിരുന്നു ഗിരിജ. കിട്ടിയ കുന്തത്തിന്റെ മൂര്‍ച്ചയുള്ള മുനയിലുരസി രാജി വിരലിലെ നെയില്‍ പോളിഷ് മായ്ച്ചു കളയുന്ന തിരക്കിലുമായിരുന്നു.
സുരേന്ദ്രന്റെ ജീപ്പില്‍ മലാംകാട് യൂണിറ്റ് അംഗങ്ങള്‍ പങ്കജവല്ലിയുടെ നേതൃത്വത്തില്‍ വോളിബോള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയതും ഗ്രൗണ്ടിനു ചുറ്റിലുമുള്ള ആളുകള്‍ തല്‍ക്ഷണം ആരവങ്ങള്‍ മുഴക്കി. ആരവങ്ങളുടെ അലയൊലി കേട്ട് കുന്നിന്‍ ചെരുവില്‍ നിന്ന് കുറുക്കന്‍മാര്‍ ഓരിയിട്ടു.
ഇരു യൂണിറ്റ് മെമ്പര്‍മാരും ഗ്രൗണ്ടിന്റെ രണ്ടു ഭാഗങ്ങളിലായി ആയുധങ്ങളുമേന്തി നിര നിരയായി വന്നു നിന്നു.
'നിങ്ങള്‍ക്ക് വേണമെങ്കില്‍ പരാജയം സമ്മതിച്ച് ആയുധം വച്ച് കീഴടങ്ങി ഒരു രക്തചൊരിച്ചില്‍ ഒഴിവാക്കാം.'
പങ്കജവല്ലി കാരക്കാട്ടുകാരോട് വിളിച്ചു പറഞ്ഞു.
'നൊടിയാണ്ട് നീ വാണേ ഞങ്ങളോട് മുട്ടാന്‍. നിന്റേല്ലം പെരടി ഞങ്ങൊ പൊളിക്കും.'
പുഷ്പലത അലറി.
റഫറിയായി നില്‍ക്കുന്ന ബിന്ദുജ വിസിലൂതിയാല്‍ പോരാട്ടം തുടങ്ങും. യുദ്ധത്തിനെ പറ്റി കേട്ട് രണ്ട് മൂന്ന് കഴുകന്‍മാര്‍ ഗ്രൗണ്ടിനു മുകളിലെ ആകാശത്തില്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
ഇരുകൂട്ടത്തിലെയും മെമ്പര്‍മാര്‍ ഒന്നടങ്കം ശ്വാസമടക്കി പിടിച്ച് കാട്ടേണ്ട അടവുകള്‍ മനസിലുറപ്പിച്ച് ബിന്ദുജയുടെ വിസിലിന് കാതോര്‍ത്ത് നെഞ്ചിടിപ്പേറ്റി നിന്നു. തലയറ്റു വീഴുന്ന കബന്ധങ്ങളുടെ മേല്‍ കണ്ണു കൊള്ളാതിരിക്കാന്‍ അമ്മമാര്‍ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണു രണ്ടും പൊത്തി പിടിച്ചു. ബിന്ദുജയുടെ വിസില്‍ മുഴങ്ങി. പുഷ്പലതയും പങ്കജവല്ലിയും കുന്നിന്‍ ചെരുവു മുഴങ്ങുമാറുച്ചത്തില്‍ തൊണ്ടപ്പൊട്ടി അലറി.
'ആക്രമിക്കൂ..'
ഇരു കൂട്ടരും നേര്‍ക്കുനേര്‍ ആയുധങ്ങളുമായി പാഞ്ഞടുത്തു. ദയയില്ലാതെ പരസ്പരം ആയുധങ്ങള്‍ വീശി.
വനജയുടെ മിന്നല്‍ പിണര്‍ വാള്‍ പ്രയോഗത്തില്‍ നിന്ന് സുമലതയും രേഷ്മയും ചാടി മറിഞ്ഞ് ജീവന്‍ രക്ഷപ്പെടുത്തി. ശുഭ വീശിയ ഗദ സാവിത്രി ഗദയാല്‍ തന്നെ തടുത്തു. ലീലാവതിയുടെ ഇടലി പാത്രം അവള്‍ക്കു നേരെ പതിക്കുന്ന മുംതാസിന്റെ വാള്‍ മുനയെ ഉമ്മവച്ചു. രമാദേവി ശ്രീലക്ഷ്മിയെ പപ്പടം കുത്തി കൊണ്ട് കുത്തിയതും അവള്‍ തൊള്ള കീറി കാറി.
പുഷ്പലത വാളു വീശി. പങ്കജവല്ലി ഒഴിഞ്ഞു മാറി. പങ്കജവല്ലി വാളു വീശി. പുഷ്പലത വാളാല്‍ തട്ടി മാറ്റി. രണ്ടു പേരും വടക്കന്‍ പാട്ടിലെ പോരാളികളായ പെണ്ണുങ്ങളെ തോല്‍പ്പിക്കുമാറ് കാണികളെ ഒന്നടങ്കം ആവേശത്തില്‍ ഞെക്കി കൊന്നു.
ആദ്യത്തെ തലയറ്റു വീണത് രമാദേവിയുടേതായിരുന്നു. പൊട്ടുകുത്തി പൗഡറിട്ട് ചെക്കിപ്പൂവും തുളസിക്കതിരും ചൂടിയ രമാദേവിയുടെ തല തങ്കമണി ആകാശത്തേക്ക് വെട്ടി തെറുപ്പിച്ചു.
കാണികളൊന്നടങ്കം നിലവിളിച്ചു പോയി. സംഭവം കണ്ട് സ്തംബ്ധരായെങ്കിലും മെമ്പര്‍മാര്‍ പോരാട്ടം തുടരുക തന്നെ ചെയ്തു. തൊട്ടുപിന്നാലെ ഒന്ന് നോട്ടം തെറ്റിപ്പോയ രേണുകയുടെ നെഞ്ചിന്‍ കൂടിലൂടെ സുമ കുന്തം കുത്തിയിറക്കി. തലകള്‍ പിന്നെയും ഉടലില്‍ നിന്നും മേലെ ആകാശത്തേക്ക് തെറിച്ച് താഴെ ഭൂമിയിലേക്ക് ഉടമകളില്ലാതെ വീണുരുണ്ടു.
പുഷ്പലതയും പങ്കജവല്ലിയും പോരാട്ടം തുടരുകയാണ്. പുഷ്പലതയുടെ പരിഭ്രമം ഒട്ടുമേ ഇല്ലാത്ത ചലനങ്ങള്‍ക്കു പിന്നില്‍ തഞ്ചത്തിനു വേണ്ടി പുറത്തെടുക്കാതെ മറച്ചു പിടിക്കുന്ന മറ്റൊരു അടവുണ്ടെന്ന് പങ്കജവല്ലിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ മുടിനാരിഴയ്ക്കുള്ള പഴുതു പോലും ഉണ്ടാവരുതെന്ന ജാഗ്രത പങ്കജ കാത്തു. കാണികളിലേക്കും മറ്റ് മെമ്പര്‍മാറിലേക്കും അവരുടെ വീറ് പരന്നു. അവര്‍ അതാതു പക്ഷത്തെ പോരാളിയെ ആക്രോശങ്ങള്‍ക്കൊണ്ട് ഉത്തേജിപ്പിച്ച് രംഗം കൊഴുപ്പിച്ചു. പുഷ്പലതയുടെ തല ഉടലില്‍ ബാക്കിയായാല്‍ വരുന്ന മകരത്തില്‍ അറുപത്തി രണ്ട് വയസാവും. പങ്കജവല്ലിക്ക് മീനത്തില്‍ അമ്പത്തിനാലും. പങ്കജയുടെ ഊര്‍ജ്ജത്തിന് പ്രായത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. അവള്‍ ഒന്ന് മുന്നേറുക തന്നെ ചെയ്തു. പുഷ്പലതയുടെ കൈകള്‍ കഴച്ച് ചുവടുകളില്‍ ഭയം വട്ടമിടാനും തുടങ്ങിയിരുന്നു. മലാംകാട്ടുകാര്‍ ഏറക്കുറെ വിജയം ഉറപ്പിച്ച മട്ടായി. കാരക്കാട്ടുകാരുടെ തലയ്ക്കു മുകളിലേക്ക് പരാജയത്തെ പ്രതിയുള്ള ആലോചനാഭാരം അതിന്റെ തൂക്കം കൂട്ടികൊണ്ടിരുന്നു. എന്നാല്‍ ചുവടു പിന്മാറ്റത്തിന്റെ മറവിലൊളുപ്പിച്ചു വച്ച ഒരു ചാട്ടുളി മട്ടുളള ചാട്ടത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായി ഉച്ച സൂര്യന്‍ തട്ടി വെട്ടിതിളങ്ങുന്ന ആകാശത്തിലെ മേഘങ്ങളെ തൊട്ടു തൊട്ടില്ല എന്ന വണ്ണം രക്തത്തില്‍ മഴവില്ലിന്റെ ഏഴു ചുവന്ന രേഖകള്‍ വരച്ചിട്ടു കൊണ്ട് പോരാളിയായ പങ്കജവല്ലിയുടെ തല പുഷ്പലത പൂവിന്റെ മൊട്ടരിയും പോലെ ഉടലില്‍ നിന്ന് ആകാശത്തേക്ക് ഊക്കോടെ വെട്ടിയരിഞ്ഞെറിഞ്ഞു. പങ്കജവല്ലി തലയില്ലാതെ യുദ്ധഭൂമിയിലെ ചോര ചീന്തിയ മണ്ണിലേക്ക് വീഴുവാന്‍ മടിച്ചു കൊണ്ട് ആടിയുലഞ്ഞു കൊണ്ട് നിന്നു.
അന്നു വൈകൂന്നേരം ഇരു കുടുംബശ്രീ യൂണിറ്റുകളുടെയും മത രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള ഒരു ശവഘോഷയാത്ര കുന്നിന്‍ ചെരുവിലൂടെ ഊടുവഴികളിലൂടെ നിശ്ശബ്ദം നടന്നു പോയി.


