ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ആദര്‍ശ് ജെ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Adarsh J 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അപ്പന്റെ കുപ്പായം

വെളുപ്പിന് കൃത്യം നാല് മണിയാകുമ്പോള്‍
അപ്പന്റെ ചോന്ന പൂവന്‍കോഴി അലാമടിക്കും.

ചെത്തി മിനുക്കി കൂര്‍പ്പിച്ച കത്തിയുമായി
അപ്പന്‍ റബ്ബര്‍ മരം വെട്ടാന്‍ പോകുന്നത്
പൂവന്‍ ഒറ്റക്കണ്ണിലൂടെ നോക്കി നില്‍ക്കും.

ഇരുട്ടില്‍ അപ്പന്റെ നിഴല്‍ നിലാവുപോലെ
തെളിഞ്ഞു കാണും.

ഇടവഴി, മണ്‍തടം, ടാര്‍ പൊളിഞ്ഞ റോഡുകള്‍
എന്നിങ്ങനെ ചവിട്ടി പോകുന്നു അപ്പന്റെ
തേഞ്ഞു പൊട്ടിയ കാലുകള്‍.

തലേ ദിവസത്തെ ഒട്ടുപാല്‍ ചാലിനെ
കത്തി കൊണ്ട് കുത്തി വലിച്ചെടുത്ത്
ശേഷം പട്ട ചീവുമ്പോള്‍ മരത്തില്‍ നിന്നും
ഒഴുകിയിറങ്ങുന്ന വിയര്‍പ്പിനും
അപ്പന്റെ വിയര്‍പ്പിനും ഒരേ മണമാണ്.

തലയില്‍ കെട്ടിയ ടോര്‍ച്ചിന്റെ വെളിച്ചവും കണ്ട്
കത്തി കൊണ്ട് ചില്ലില്‍ തട്ടുന്ന ഒച്ചയും കേട്ട്
അങ്ങേ മലയിലും ഒരു ദിവ്യ വെളിച്ചത്തിനൊപ്പം
കൂയ്.. എന്നൊരു വിളിയും കേള്‍ക്കും.

ചില മരങ്ങളാകട്ടെ മച്ചികളാണ്,
അവയ്ക്ക് വളര്‍ച്ച കാണില്ല
വേനല്‍ കാലത്ത് ഒരു വിത്തുപോലും
പൊട്ടി താഴേക്ക് വീഴില്ല.
അതിനാല്‍ അതിലൊട്ടു പാലും കാണില്ല.

എങ്കിലും ചീവുന്ന കൂട്ടത്തില്‍ അപ്പന്‍
അതിലും കൈ വയ്ക്കും.

കത്തികൊണ്ടുള്ള ഇക്കിളിപ്പിടുത്തത്തില്‍
മരം ഒന്നു ഞെരിപിരി കൊള്ളും.

ഒരിക്കല്‍ ആ മച്ചി മരവും പാല്‍ ചുരത്തി,
ഒഴുകിയിറങ്ങിയ പാല്‍ തുള്ളികള്‍ നിര
തെറ്റി താഴെ വീണെങ്കിലും ഇലകള്‍ കൊണ്ട്
മറ്റു മരങ്ങള്‍ അതിനെയും കെട്ടിപ്പിടിച്ചു.

തിരികെ പാലുമെടുത്ത് ഷീറ്റടിപ്പുരയിലെത്തി
തലേ ദിവസത്തെ ആസിഡില്‍ കുതിര്‍ന്ന
റബ്ബര്‍ ഷീറ്റിനെ അച്ചിലേക്ക് കയറ്റുമ്പോള്‍
ഇറുകിപ്പൊട്ടുന്ന വേദനയോടെ ഷീറ്റിന്
പരിണാമം സംഭവിക്കും.

എല്ലാം കഴിഞ്ഞ് പഴയ ചായ്പ്പിലെത്തി
അപ്പന്‍ ദേഹത്തൊട്ടിയ കുപ്പായത്തെ
അഴയിലേക്ക് നിവര്‍ത്തിയിടും.

ആ കുപ്പായത്തില്‍ അപ്പന്‍ നടന്ന
ജീവിതം അടര്‍ത്തി മാറ്റാന്‍ കഴിയാത്ത
വിധത്തില്‍ ഒട്ടിയിരിപ്പുണ്ടാകും.