ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് കെ.ആര്‍ രാഹുല്‍ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by KR Rahul 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വരം

ഇടം കൈയ്യില്‍ നരകവും
വലം കൈയ്യില്‍ സ്വര്‍ഗവും
നീട്ടിയ ദൈവത്തോട്
നരകം ഇരന്ന് വാങ്ങി.

അനുഗ്രഹിക്കാനുയര്‍ത്തിയ
കൈകളില്‍ നിന്ന്
അവഗണന ശിരസ്സില്‍
ഏറ്റുവാങ്ങി.

നോവു തിന്നുമ്പോള്‍
പൂക്കുന്ന, ഉള്ളിലെ
ചെമ്പരത്തിക്കാടിന്
വേരുറപ്പിക്കാന്‍
മണ്ണു പോരത്രേ!

ഇനി അടുത്ത ജന്മം
നക്ഷത്രമാവണം.
ആകാശത്തോട്
കൊരുത്തു വെച്ചിരിക്കുന്ന
അദൃശ്യങ്ങളായ അതിന്റെ
ചരടുകളെ ഉള്ളം-
കൈവെള്ളയില്‍
കൂട്ടിക്കെട്ടണം.

ആഗ്രഹിക്കുമ്പോഴെല്ലാം
അവ പൊട്ടിച്ചു
ഞെട്ടറ്റു വീഴണം.

വീണിടത്ത്
പൂക്കളായി മുളയ്ക്കണം.

പൂക്കാന്‍ കഴിയാത്തപ്പോള്‍
മണ്ണിലെ നുണക്കുഴിയാവണം.

അതില്‍ നിന്ന്
തുമ്പികളായി പറന്നുയരണം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...