ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹബീറ ഹബി എഴുതിയ മൂന്ന് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ചിറകാകുക, 
വാനമാവുക...

തൊടുമ്പോള്‍ വാടിയാലും
പിന്നെയും വിടരുക!
വഴി തടയുമ്പോള്‍
ചിറകള്‍ മുറിഞ്ഞൊഴുകുക.

നില്‍ക്കാനാവില്ലെങ്കില്‍
ചിറകാകുക, പറന്നുയരുക.
പഴികളൊക്കെയും
പാരിതോഷികമാക്കുക!
നിലം തൊടുമ്പോഴും 
ചിന്തകളിലുയരുക!

നിന്റെയും ലോകമാണിത്
നീതി പുലരുക തന്നെ ചെയ്യും!

തറഞ്ഞു നില്‍ക്കുമ്പോള്‍
തള്ളി വീഴ്ത്തുന്നവരെ 
പിന്നെയും തള്ളാനായി..
പിറകിലാളുണ്ട്.

കൊടുത്തതു കിട്ടാതെ 
തിരികെ പോകാനാവില്ലെന്നറിയുക!

പിന്‍വിളികളൊക്കെയും 
പിന്‍തുടരുമെന്നറിയുക!

ഹിമത്തെക്കാള്‍ തണുത്ത് 
തീയേക്കാള്‍ പൊള്ളിച്ച്...

അറിയുംതോറും
അനന്തമായജ്ഞാതമായ്
ഭൂമിയുമാകാശവും കടന്ന്
കടലാഴങ്ങള്‍ കടന്ന്
മനുഷ്യനജയ്യന്‍

ഓന്തിനെപോലെ
ഭ്രാന്തിനെ പോലെ
ഭ്രമങ്ങള്‍ മാറി മാറി
മനുഷ്യര്‍.

ദ്രംഷ്ടകള്‍ നീണ്ട് നീണ്ട്
മുറിവുകളിലാഴം നിറച്ച്
നാവു നീട്ടി നിണം നുണഞ്ഞ്
ആട്ടിന്‍തോലണിഞ്ഞ് 
മനുഷ്യര്‍.

ഹിമത്തെക്കാള്‍ തണുത്തുറഞ്ഞ് 
തീയെക്കാള്‍ പൊള്ളിച്ച്.

പല നിറങ്ങള്‍
ചില ഭാവങ്ങള്‍,
അതെ മനുഷ്യര്‍!

ചിറക് 

ഞാന്‍ നനയുന്ന മഴയ്ക്കും
ഞാന്‍ നീന്തുന്ന പുഴയ്ക്കും
കടലാഴങ്ങളാണെന്ന് 
ആരുമറിഞ്ഞില്ല.

നീ തന്ന വെയിലില്‍
കരിഞ്ഞുണങ്ങിയിട്ടുണ്ട്
എന്നിലെ ഞാന്‍.
നീ തനിച്ചാക്കിയ
കോടമഞ്ഞില്‍
വിറങ്ങലിച്ചിട്ടുണ്ട്

നീയൊന്നുമറിഞ്ഞില്ല.

നിനക്ക് ചായാന്‍
തണല്‍മരച്ചോലയുണ്ടായിരുന്നു.
എനിക്കു ചായ്ക്കാനോ 
മുറിച്ചു മാറ്റിയ ചില്ല മാത്രം. 
ചിറക് മാത്രമായിരുന്നു
എനിക്കഭയം. 

ആത്മബോധങ്ങളില്‍ ഞാന്‍
നിനക്കു മുന്നേയോടി തളര്‍ന്നു.
അറിഞ്ഞതേയില്ല
രാപ്പകലുകള്‍. 

നീ തുറന്നുവച്ച
വാതിലിന്‍ വിടവിലൂടെ
ചിറകുകള്‍ക്കായം നല്‍കി
ഞാന്‍ പറന്നുപോയി.