ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മനോജ് ചോല എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മതിലുകള്‍ക്കപ്പുറം

എത്ര അടുത്തിണങ്ങിയാലും
ജാനകിയ്ക്കും ജമീലക്കും കത്രിനയ്ക്കും ഇടയില്‍
ആരും കാണാത്ത
ഒരു മതില്‍ ഉണ്ടായിരുന്നു

പാതിരാത്രിയില്‍ ഉറക്കിന്റെ പല്ലക്കില്‍
ഊഞ്ഞാലാടുമ്പോഴാണ് മതില്‍ തകര്‍ത്ത്
ഒരു മഴ
മൂവരെയും കവര്‍ന്നു കൊണ്ടുപോയത്

പറന്നു വന്ന
മലവെള്ളം
അതിന്റെ തൂവല്‍ കൊണ്ട്
ജാനകിയുടെ പൊട്ട്
മായ്ച്ചു.

ഓടി വന്ന കാറ്റ്

അതിന്റെ നീണ്ട വിരലു കൊണ്ട് കത്രീനയുടെ
കൊന്ത മോഷ്ടിച്ചു.


ഭ്രാന്ത് പിടിച്ച ഒരു പുഴ
ജമീലയുടെ മക്കന
മുക്കി കളഞ്ഞു.

നെറ്റിയില്‍ പൊട്ടില്ലാത്ത ജാനകിയെ
ആരും ഹിന്ദുവാക്കിയില്ല.

മക്കന ഇല്ലാത്തതിനാല്‍ ജമീലയെ മുസ്ലിം എന്നും ആരും വിളിച്ചില്ല

കൊന്തയില്ലാത്ത കത്രീനയില്‍ ആരും 
ഒരു ക്രിസ്ത്യാനിയെ കണ്ടെത്തിയതേ ഇല്ല

ഭാഗ്യം...

ആരും തിരിച്ചറിയാത്തതിനാല്‍
അവര്‍
തികച്ചും മതേതരമായ
ഒറ്റ മുറിയില്‍
ഇപ്പോഴും വിശ്രമിക്കുന്നു.

മതിലുകള്‍ക്കപ്പുറം.