ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് മിത്ര എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Mithra
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

തെരുവ് എന്ന കവിത
പകലൊച്ചകള്‍ മാഞ്ഞ
കുടുസ്സ് വഴികളില്‍
രാത്രി, അതിന്റെ
കറുത്ത വിരലുകള്‍
പതുക്കെ താഴ്ത്തുന്നു.
ദ്രവിച്ച ചുവരുകളിലെ വിള്ളലുകളിലൂടെ,
ഉരുകിത്തീര്‍ന്ന പകലുകളുടെ കൊഴുത്ത നീര്
ചോര കിനിയുന്ന മുറിവുപോലെ ഉരുകിയൊലിക്കുന്നു.
സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിലേക്ക്
വിശപ്പും പുകയും ഛര്‍ദ്ദിച്ചു
വീണുകിടക്കുന്ന മനുഷ്യ നിഴലുകള്‍!
ദാഹം വറ്റിയ തൊണ്ടയില്‍,
തുരുമ്പിച്ച പഴയ ടാപ്പ്
വേദനകള്‍ അടക്കം പറയുന്നു.
ദൂരെ കിതച്ചു പായുന്ന
തീവണ്ടിയൊച്ചകള്‍ക്കപ്പോള്‍
വിശപ്പിന്റെയീണം.
കരഞ്ഞു തൊണ്ട വറ്റിയ-
കുഞ്ഞുങ്ങള്‍ക്ക് തൊട്ടിലു കെട്ടുന്ന
വറ്റിയ മുലകള്‍.
ക്ഷണിക്കാതെയിടിച്ചു കയറി വരുന്ന
രക്തഗന്ധത്തെ-
കീറത്തുണികളില്‍
മുറുക്കിക്കെട്ടുന്ന
നരച്ച കണ്ണുകളുള്ള
പെണ്‍കുട്ടികള്‍.
അഴുക്കു കൂമ്പാരത്തിലെ എച്ചിലിലകളില്‍ ഒട്ടിയ-
വറ്റുകള്‍ക്ക് മേല്‍ വിശപ്പടക്കുന്ന ചുളിഞ്ഞ കൈകള്‍.
ഉടഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ട്ടങ്ങള്‍ പേറി
ഓരോ രാത്രികളുടെ ആഴങ്ങളിലും
ബാക്കിയാവുന്ന തെരുവെന്ന കവിത!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


