ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രമ്യ മഠത്തില്‍ത്തൊടി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കാപ്പി പൂത്തപ്പോള്‍

കാപ്പിപൂത്തെന്ന
വാര്‍ത്തയറിയിച്ച് 
പുലരിയിലെപ്പൊഴോ 
പുങ്കാറ്റുവന്നുപോയ്.

കാരിരുമ്പുതറയുന്ന
കഠിനമാം വേദന
കാട്ടുതീപോല്‍
പടര്‍ന്നെന്നിലാകെ.

വര്‍ഷമെത്രകഴിഞ്ഞെങ്കിലും,
ഇന്നുനടന്നപോല്‍
ഓര്‍മ്മകള്‍ ചുറ്റിലും,
കണ്ണീരുപാകിക്കടന്നു
പോയിടുന്നൂ.

കാട്ടുപെണ്ണവളെന്‍
കളിക്കൂട്ടുകാരി,
കാട്ടുചോലതന്‍ വക്കില്‍
കണ്ണുപൊത്തിക്കളിച്ചു
വളര്‍ന്നവള്‍,
കാട്ടുതേന്‍ മൊത്തിക്കുടിച്ചു
വിശപ്പാറ്റിയോള്‍.

കാപ്പിപൂത്തത്
കാണാന്‍ കൊതിച്ചവള്‍
പുതുമഴ കാത്തു
പുലരികളെണ്ണിയോള്‍.

ഒടുവിലെത്തീ പുതുമഴ
കാപ്പിച്ചെടിയുടെ
കണങ്കാലുനോക്കി
കൊത്തിയനേരം
പുതുപ്പെണ്ണിനെപ്പോല്‍
പൂത്തുലഞ്ഞു 
കാപ്പിച്ചെടികള്‍.

കാപ്പിപൂത്തതു
നോക്കിയിരിക്കെ,
ഞങ്ങളില്‍ 
പ്രേമത്തിന്‍ കാപ്പികള്‍
കൂട്ടമായ് പൂത്തുപോയല്ലോ.

കാപ്പിച്ചെടികളതു കണ്ടു
നാണത്താല്‍ വിറകൊണ്ടു
പൂക്കളുതിര്‍ത്തുവോ?

കാപ്പിമലര്‍കൊണ്ടു
കെട്ടിയമാലകള്‍ 
പരസ്പരം ചാര്‍ത്തിക്കളിക്കവേ,
കാപ്പിക്കാടുമറന്നു 
ഞാനെന്‍ കാട്ടുപെണ്ണിനെ
അമര്‍ത്തിച്ചുംബിച്ചുപോയ്.

കാപ്പിപ്പൂവിരിയുന്നവളുടെ 
കണ്‍കളില്‍നിന്നന്നേരം 
ആനന്ദത്തിന്‍
കാപ്പിക്കുരുക്കള്‍ തെറിച്ചു.

നാളുകളങ്ങനെ 
മലകയറിവന്നു.
മഴപോയതിന്‍ശേഷം
കാപ്പിച്ചെടികളില്‍
വേനല്‍ത്തിരകള്‍
ആളിപ്പടര്‍ന്നു.

കാപ്പിപൂക്കുന്ന കാലവും 
നോക്കി ദിനങ്ങള്‍
ഞങ്ങള്‍ മറന്നുപോയ്.
പുതുമഴ വന്നു
ചാരത്തണയവേ
കാപ്പിപൂത്തതു
കാണുവാനവള്‍
ഓടിക്കിതച്ചുപോയീടവേ,
വേഗതയില്‍ വന്നൊരാ
പെരുംലോറിയവളെ 
കൊന്നിട്ടുപോയല്ലോ!

കാപ്പിക്കുരുക്കള്‍ 
പൊടിഞ്ഞതുപോലെയെന്‍
ജീവിതമന്നുപൊടിഞ്ഞുപോയ്.
തോരാത്ത വേദന
എന്നെ പൊതിഞ്ഞുപോയ്.

കാപ്പിയെത്രയോ പേരുടെ
ദു:ഖങ്ങളാറ്റുന്നു.
എന്റെ ദു:ഖത്തിന്‍ 
കാരണം തന്നെയീ 
കാപ്പിയായ്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...