ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷര്‍മിള സി നായര്‍ എഴുതിയ കവിത. Asianet News Chilla literary space. malayalam Poem by Sharmila C Nair

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വെള്ളാരം കണ്ണുകളുടെ രാജകുമാരന്‍

ഹോസ്റ്റലിന് മുന്നിലൂടെയുള്ള
റോഡിന്റെ
രണ്ടാമത്തെ വളവിലെ
മൂന്നാമത്തെ വീട്-

അത് അവന്‍േറതായിരുന്നു.

മുറ്റത്തൊരു ചെമ്പകം
പൂവിടാന്‍ മടിച്ചു നിന്നിരുന്നു
തൊട്ടടുത്തുള്ള തേന്‍മാവിനെ മറന്ന്
ചെമ്പകത്തെ പുണര്‍ന്നു പടര്‍ന്ന
മുല്ലവള്ളി എന്നും പൂവിട്ടിരുന്നു.

'സ്‌നേഹം' എന്ന് പേരിട്ട
ആ പഴയ വീടിന്റെ പൂമുഖത്ത്
പുസ്തകത്തില്‍ കണ്ണും നട്ട്
എപ്പോഴും അവനുണ്ടാവും.

അവനെ കാണാന്‍വേണ്ടി മാത്രം
ആ വീടിനു മുന്നിലൂടെ
അവളെല്ലാ വൈകുന്നേരവും
അമ്പലത്തിലേക്ക് പോയിരുന്നു.

അവളെ കാണുമ്പോഴൊക്കെയും
അവന്റെ വെള്ളാരംകണ്ണുകളില്‍
ഒരു പ്രകാശം പരന്നു.

പക്ഷേ,
ഒരിയ്ക്കല്‍ പോലും അവന്‍
ആ കസേരയില്‍ നിന്നിറങ്ങിയില്ല.

അതെന്താവും?

പലപ്പോഴും അവളാ ചിന്ത
പാതിവഴിയില്‍ ഉപേക്ഷിച്ചു.

പരസഹായമില്ലാതെ അവന്
അനങ്ങാനാവില്ലെന്ന്
അവളെങ്ങനറിയാനാണ്..!

(അറിഞ്ഞിരുന്നെങ്കിലോ എന്നല്ലേ എന്നെപ്പോലെ നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്.)

ഒരു ക്രിസ്തുമസ് അവധിക്ക്
നാട്ടിലേക്ക് പോയ അവള്‍
ഹോസ്റ്റലിലേക്ക് മടങ്ങിയില്ല.

അവള്‍ വിവാഹിതയായത്
അവന്‍ അറിഞ്ഞിരിക്കോ?

എങ്ങനെ അറിയാനാണ്...!

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍
അവളവനെക്കുറിച്ച് വാതോരാതെ
ഭര്‍ത്താവിനോട് സംസാരിച്ചു.

അവനിടാറുള്ള ഷര്‍ട്ടുകളെക്കുറിച്ച്
മുറ്റത്തെ മുല്ലവള്ളിയെക്കുറിച്ച്
അവന്റെ വെള്ളാരം കണ്ണുകളെക്കുറിച്ച്
കസേരയില്‍ നിന്നിറങ്ങാത്ത
അവന്റെ രീതിയെക്കുറിച്ച്
പിന്നെയും പിന്നെയും
എന്തൊക്കെയോ..

പേരുപോലുമറിയാത്തൊരാളോട്
ഭാര്യയ്ക്ക് തോന്നിയ ഇഷ്ടം
ഒരു തമാശയായേ അയാള്‍
കണ്ടിരുന്നുള്ളൂ

എങ്കിലും
അവനോട് അയാള്‍ക്ക്
ഒരാണസൂയ തോന്നി തുടങ്ങി.

അവളുടെ മനം കവര്‍ന്നവനെ
ഒരു നാള്‍ കാണണമെന്നയാള്‍
തീരുമാനിച്ചു.

അവളറിയാതൊരു നാള്‍
അയാളാ പട്ടണത്തിലെത്തി.

അവള്‍ പറഞ്ഞ ഹോസ്റ്റല്‍
രണ്ടാമത്തെ വളവിലെ
മൂന്നാമത്തെ വീട്


പൂമുഖത്തെ ഒഴിഞ്ഞ കസേര


മുറ്റത്തേയ്ക്ക് കയറുമ്പോള്‍
ചെമ്പകത്തിന് സമീപം
ഉണങ്ങാത്തൊരു മണ്‍കൂനയ്ക്ക്
മേലേ
കുരുത്തോലകൊണ്ടൊരു മറവ്.

ചുവരിലെ മാലയിട്ട ചിത്രം
അവനുറങ്ങുന്ന മണ്ണിനു സമീപം
നില്‍ക്കുമ്പോള്‍
എന്തിനെന്നറിയാതെ അയാളുടെ
കണ്ണുകള്‍ നിറഞ്ഞു.

അവന്റെ അമ്മയ്ക്കയാള്‍
ഒരിയ്ക്കല്‍ വരുമെന്ന് അവന്‍
പറയാറുളള കൂട്ടുകാരനായിരുന്നു.

വൈകിയല്ലോ മോനേയെന്നമ്മ
അയാളുടെ നെഞ്ചില്‍ ചാഞ്ഞ് തേങ്ങി.

അന്ന് രാത്രി, അവള്‍
അവനെക്കുറിച്ച് പറയുമ്പോള്‍
അയാളുടെ കണ്ണുകള്‍
വീണ്ടും നിറഞ്ഞു..

അതുകണ്ടവള്‍
അയാളെ ചേര്‍ത്തണച്ചു.

പിന്നീടൊരിക്കലും
അവളവനെക്കുറിച്ച്
അയാളോട് പറഞ്ഞില്ല...!

അയാളോ
അവളെ കാണുമ്പോഴൊക്കെയും
ആ വെള്ളാരം കണ്ണുകളോര്‍ത്ത്
നെടുവീര്‍പ്പിട്ടു....