ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു സൂര്യ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വനസ്ഥലികളോട്
നിന്നെക്കണ്ടു
പിരിയുമ്പോഴൊക്കെ
എനിക്കൊറ്റയ്ക്ക്
കാടുകയറാന്‍ തോന്നും.
അത്രയ്‌ക്കൊന്നും
ചുവക്കാത്തൊരു
പൂവരശിന്റെ
നെഞ്ചിലേക്ക് മുഖംപൂഴ്ത്തി
വിങ്ങിക്കരയും.
പുഴവന്നെന്നെ നനയ്ക്കും
കാറ്റ്,
കരയാതെന്നുരുകും.
ഭ്രമണവേഗം മറന്ന്
ഭൂമി കണ്‍നിറയ്ക്കും.
ഒരു മഴ
ശാന്തമായാലിംഗനം ചെയ്യും
മണ്ണു തണു,പ്പായ നീര്‍ത്തും
നിന്റെയിളം ചൂട്.
കരള്‍ നിറയുന്നു.
കദനമൊട്ടിച്ച പകലുകള്‍,
മൂവന്തികള്‍, രാവുകള്‍.
നിറമെഴാക്കനവുകള്‍
ഒരു സ്വപ്നത്തിന്റെയിരുട്ട്.
വരയ്ക്കാനാവാത്ത നിന്റെ മുഖം
ജീര്‍ണ്ണജീവിത ക്യാന്‍വാസ്.
പുറം കൈയില്‍
നിന്റെ ചുംബനത്തിന്റെ ചൂട്.
ഈ കറുത്തകാടിന്റെ ആഴങ്ങളില്‍
ഞാനൊന്ന് നിലവിളിച്ചോട്ടെ...!
എന്റെ..
എന്റെമാത്രം നീയേയെന്ന്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
