ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla literary space. malayalam Poem by Sujesh PP
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ജലം, ആകൃതിയില്‍ നിന്ന്
മടങ്ങിപ്പോകും വിധം
കണ്ടെത്തും മുന്‍പ്,
കടലുകളെല്ലാം
വൃത്തത്തിലായിരുന്നു
ആകൃതിയില്‍ ജലം കടലിന്റെ
വൃത്തമെല്ലാം സൂക്ഷിച്ചു വെച്ചു
ഒരു തുള്ളിയില്‍ നിന്ന്
ഒരായിരം കുട നിവരുന്ന പോലെ
ജലത്തിന്റെ ശീലയെല്ലാം
കടലിന്റെ അരിക് തൊട്ടു
കടലിന്റെ അരികില്‍
അനേകം വെയില്‍ കാലുകള്‍
ഒരാള്‍പ്പൊക്കത്തില്‍
ചുമലില്‍ കുട ചാരിവെച്ചിരിക്കുന്നു
അകത്ത് കാറ്റിന്റെ ഉമ്മകള്‍
നമ്മള്‍ രണ്ടു പേര്‍
ഉടലഴിച്ചിട്ട് ചേര്‍ന്ന്
ജലം പോലെ
ചേര്‍ന്ന് നില്‍ക്കുന്നു,
ജലത്തിന്റെ ഉടലില്‍
നമ്മള്‍ ചേര്‍ത്തു പിടിച്ച
നേര്‍ത്ത ജീവ ഞരമ്പുകള്‍
ഒന്നില്‍ വഴിയടയാളം
മറ്റൊന്നില്‍ മേഘത്തിലേക്കുള്ള
വഴിത്തുമ്പുകള്‍ ,
ആകൃതിയില്‍ ജലം
കടലിനെ മുറുക്കെ പിടിച്ചിരിക്കുന്നു
ആഴങ്ങളില്‍ മീനുകളുടെ
ലവണങ്ങളെ അഴിച്ചു വെക്കുന്നു,
വൈകുന്നേരങ്ങളില്‍
നമ്മള്‍ പപ്പടം ഉണ്ടാക്കുന്നു
മാവിന്റെ ഒരു തുള്ളി
ജലത്തിന്റെ ആകൃതിയോട്
സാമ്യപ്പെട്ടിരിക്കുന്നു,
പരത്തി വെക്കുംതോറും
സന്ധ്യയാകുന്നു
ഒരുമ്മയില്‍ ആകാശം ചുവക്കുന്നു
ജലത്തിന്റെ കടല്‍
പപ്പടങ്ങളുടെ ലവണത്തിന്റെ
ആകെത്തുക
ഒരുതുള്ളിയില്‍ ഒരായിരം
കുട വിരിയുന്ന പോലെ
ഒരു തുള്ളി ജലത്തെ
നിലാവില്‍ ഇറക്കിവെക്കുന്നു
ആകൃതിയിലൊരു കടല്‍
ജലത്തിന്റെ പൂര്‍ണ്ണരൂപത്തിലേക്ക്
തിരികെ പോകുന്നു
കടല്‍ വൃത്തത്തിലാകുന്നു
ഒരു നീണ്ട മഴയ്ക്ക് അവസാനം
അകലെ ഉരുള്‍ പുറപ്പെടുന്നു,
ആകൃതിയില്‍ ജലം
വൃത്തമാകുന്നു
ഒരു വികൃതി പയ്യന്‍
എറിഞ്ഞ വെള്ളാരം കല്ലുകള്‍
പതിയെ ആഴങ്ങളിലേക്ക്
മുങ്ങാം കുഴിയിടുന്നു
(ജലകവിതകള്‍ )


