ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഒറ്റമുറിച്ചി

ഞാനാ ഒറ്റമുറിച്ചിയെ പ്രണയിക്കുന്നു; 
ലോകം വീര്‍പ്പടക്കി നോക്കിനില്‍ക്കുന്നു.

ഞാനവള്‍ക്ക് 
കവിതകളെഴുതുന്നു;
'ചിറകുകള്‍ പിടിപ്പിച്ചു 
തരണോ തരണോ' എന്ന് 
ജാലക തന്ത്രികളില്‍ പക്ഷികള്‍ നിറയുന്നു.

ഞാനവളെ സാരിയുടുപ്പിക്കുന്നു.
'വിടര് വിടര്' എന്ന് 
നൂലുകള്‍ അടക്കം പറയുന്നു.

ഞാനവളെ പൊട്ടുതൊടീക്കുന്നു.
'ചൂടെവിടെ ചൂടെവിടെ' എന്ന്
നെറ്റിത്തടം കെറുവിക്കുന്നു.

ഞാനവള്‍ക്ക് ചായ പകരുന്നു.
'തുളുമ്പ് തുളുമ്പ്' എന്ന് ചുടു തുള്ളികള്‍
ആര്‍ത്തലയ്ക്കുന്നു.

ഞാനവള്‍ക്ക് ഭക്ഷണമൊരുക്കുന്നു.
'കത്തിക്ക് കത്തിക്ക്' എന്ന് അടുപ്പ് കണ്ണിലേക്കൂതുന്നു.

ഞാനവള്‍ക്ക് 
രാക്കൂട്ടു പോകുന്നു:
'ചേര്‍ത്ത് ചേര്‍ത്ത് ' 
എന്ന് മതില്‍ക്കവിളുകള്‍ തിളങ്ങുന്നു.

ഞങ്ങള്‍ ഉമ്മ വയ്ക്കുന്നു; 
വിശപ്പ് തുറിച്ചു നോക്കുന്നു.
'ഇങ്ങു പോരെ' എന്ന് ലോകമതിനെ 
കൈ കാട്ടി വിളിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...