ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്നി ജബീല്‍ എഴുതിയ രണ്ട് കവിതകള്‍ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ആത്മാവിന്റെ ചിറകുകള്‍ 

ഓരോ മനുഷ്യനിലുമുണ്ട് 
ആരാരും കാണാതെ
ആത്മാവിനുള്ളില്‍ ഘടിപ്പിക്കപ്പെട്ട 
രണ്ട് ചിറകുകള്‍.

അതിതീവ്രമായ ആത്മദാഹം പേറുന്നത്, 
കിനാവുകളുടെ തൂവലിനാല്‍ തുന്നിച്ചേര്‍ത്ത് 
കനല്‍ വഴി താണ്ടാന്‍ വിധിക്കപ്പെട്ടത്,
കോതിമിനുക്കി ഒതുക്കിവെച്ചാലും 
അതിരില്ലാ ഗഗനത്തിന് താഴെ 
അനന്തസമുദ്രങ്ങള്‍ക്ക് മീതെ 
ഭയമില്ലാതെ പറന്നു ചെല്ലുന്നത്. 

അത്രയേറെ മൃദുലം, 
എങ്കിലും
ഇടിനാദങ്ങളെ 
മിന്നല്‍പിണരുകളെ ഭേദിച്ച് 
പൊടിപടലങ്ങള്‍ നിറഞ്ഞ 
ജീവിതാന്തരീക്ഷത്തില്‍ 
അത്ഭുതാവഹമായി സഞ്ചരിക്കുന്നത്.

തൂവലുകളോരോന്നായ് കൊഴിയുമ്പോഴും 
ദേഹം കുഴയുമ്പോഴും 
സമതുലനാവസ്ഥയില്‍ നിലനിര്‍ത്തി 
ഉടലിനെ താങ്ങുന്നത്.
ഒറ്റ സ്പര്‍ശത്തില്‍ 
ജീവന്റെ തുടിപ്പും മിടിപ്പും 
കിതപ്പും കുതിപ്പും 
അറിയാവുന്നത്. 

ഒരിക്കല്‍, 
നിലം പതിക്കുമെന്നറിയാമെങ്കിലും 
അകലെയൊരു തണല്‍ചില്ല 
പ്രതീക്ഷിച്ച് അദൃശ്യമായ് 
അവസാനം വരെ ചലിക്കുന്നത്.

ഒടുവില്‍ 
തണുത്തുറഞ്ഞു നിശ്ചലമാകുമ്പോഴും 
താണ്ടിയ ഉയരങ്ങള്‍, വേഗങ്ങള്‍ 
ആത്മാഭിമാനത്തോടെ ഓര്‍ക്കുന്നത്. 

ഒരിക്കല്‍ 
മണ്ണോട് ചേര്‍ന്നാലും 
അലയൊലികള്‍ ശേഷിക്കണമെന്ന് 
ആരും ആഗ്രഹിക്കുന്നത്.


മനുഷ്യരിലുണ്ട് 
ആരാരും കാണാത്ത 
ആത്മാവിന്റെ ചിറകുകള്‍.

ആകാശം, കടല്‍ 

ഞാനെന്ന കടലെപ്പോഴും 
ആഴവും ചുഴികളുമില്ലാത്ത 
ആകാശം സ്വപ്നം കാണുന്നു.
അന്തരംഗമാകെ ഇരുളില്‍ 
പിടയുമ്പോഴും 
പറക്കാനുള്ള വഴികള്‍ തിരയുന്നു,
സ്വാതന്ത്ര്യത്തിന്റെ ചിറകടി കേള്‍ക്കുമ്പോള്‍
അകമേ തിരകള്‍ അലയടിക്കുന്നു.
ഉപ്പുരസമുള്ള കണ്ണീര്‍തുള്ളികളാല്‍
ഉടല്‍ വെന്തുപോകുമ്പോള്‍ 
മഴത്തുള്ളികള്‍ പൊഴിയുമിടം
എന്നില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു 

ഉരുകിയുരുകി 
നീരാവിയായി മാറുമ്പോഴും 
തണുവാര്‍ന്ന മേഘങ്ങളൊഴുകുന്ന 
ആകാശം. 
ഇരുള്‍ വന്നു മൂടിയാലും 
നിലാവെളിച്ചത്തില്‍ പുഞ്ചിരിക്കുന്ന 
ആകാശം. 

അതിനാലാവണം
അലതല്ലി വീണുപോയിട്ടും 
ഞാനെന്ന കടല്‍ 
ആകാശം തൊടാന്‍ 
തിരകളായ് പിന്നെയും
ഉയര്‍ന്നുപൊങ്ങുന്നത്. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...