ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിജി ടി ജി എഴുതിയ രണ്ട് കവിതകള്‍ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പ്രണയമില്ലാതെ 
വരണ്ടുപോവില്ലൊരു 
ജീവിതവും


ജീവിതം
പ്രണയമില്ലാതെ
വരണ്ടു പോകുമെന്ന് 
കഥയില്ലാക്കഥയായി 
പാതിയില്‍ നിര്‍ത്തിയ 
പേനയാകുമെന്ന്

ഈ പരിഭവങ്ങള്‍ വെറുതെയാണ്.

നടത്തത്തിനിടയില്‍ 
മയങ്ങി വീണു,
മറ്റൊരു പുലരിയിലേക്ക് 
ഉറങ്ങിയുണരുന്ന 
സമാന്തര ജീവിതം പോലെ, 
മരണം വന്നു
വിളിക്കുമ്പോള്‍ 
മണ്ണുടലാകെ 
എന്നെ ഉമ്മവയ്ക്കും 

ഋതു ഭേദങ്ങള്‍ 
കാറ്റിന് കടം കൊടുത്ത്,
മഴയൊളിപ്പിച്ച പൂ വിത്തുകള്‍ 
എന്റെ നാഭിയില്‍ 
കിളിര്‍ക്കും.

തുടകളിലേയ്ക്കിനിയും 
പെയ്യാതെ പോയ 
ദാഹ മേഘങ്ങള്‍ 
ഉരഗങ്ങളിലേക്ക് 
ഉറവു കൂടി 
ഉന്മാദത്തോടെ 
പുളഞ്ഞു കൊത്തും 
ആനന്ദ നീലിമയില്‍ 
ഹൃദയം പാടും.

ഇനിയും വയ്ക്കാതെ പോയ 
ഉമ്മകള്‍ ചുണ്ടിലേയ്ക്ക് 
ഊറി വരും.

മണ്ണെന്നെ പ്രണയിക്കുമ്പോള്‍ 
ഏറ്റുവാങ്ങി തളരാതെ 
എനിക്കും മതിയാകില്ലല്ലോ.

പിന്നെങ്ങനെയാണ് 
പ്രണയിച്ചില്ലെന്നും,
പ്രണയിക്കപ്പെട്ടില്ലെന്നും 
പരിഭവത്തോടെ 
ഒരാള്‍ മരിയ്ക്കുക?

പുഴുക്കൂട്ടങ്ങളും 
ആഴുന്ന വേരിണകളും 
ആകെപ്പടര്‍ന്നു 
പുണര്‍ന്നു തഴുകാതെയോ,
സ്‌നേഹിക്കാതെയോ, 
സ്‌നേഹിക്കപ്പെടാതെയോ,
ഒരാത്മാവും 
കടന്നു പോകുന്നില്ല തന്നെ.


കല്ല് 

ചിലര്‍ക്ക് പ്രണയമെന്നത് 
ഇടനേരങ്ങളില്‍ 
ചന്തി ചൊറിയാനുള്ള 
മഷി തീര്‍ന്നൊരു 
പേനയാണ്,
നാല് കളം വരച്ച്,
കക്കയും, കോലും നിരത്തി 
നിരയൊപ്പിച്ചു ജയിക്കുന്നൊരു 
നേരമ്പോക്ക്.

അത് പ്രാണനും ശ്വാസവുമായവര്‍ക്ക് 
ഓരോ വാക്കും നോക്കും 
കൊളുത്തിവലിയ്ക്കും 
വെന്തു നീറും.

'പണ്ടേ ഇതൊക്കെ നിന്നെ 
പഠിപ്പിച്ചതല്ലേ പെണ്ണേ'യെന്ന് 
ദൈവം പോലും കളിയാക്കുമ്പോള്‍ 
അവള്‍ ഒന്നുകൂടി 
കടുപ്പം വന്ന കല്ലാകും.

തട്ടിയാലും 
ഉടയാന്‍ മനസില്ലെന്ന് 
മനസ്സില്ലാ മനസ്സോടെ
പറഞ്ഞുറയ്ക്കും.
നിങ്ങളെത്ര കലാപം കൊണ്ട് 
ഉരുളുപൊട്ടിയാലും 
ഉറച്ചതിനെ എന്ത് ചെയ്യാന്‍.
കവച്ചു കടന്നു 
പോകാമെന്നല്ലാതെ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...