Malayalam Poem: എന്ന് സ്വന്തം നീ, വിലീന പി വിനയന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിലീന പി വിനയന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എന്ന് സ്വന്തം നീ
ആര്‍ത്തവവേദനയ്ക്കും,
ചുരുട്ടിയ കടലാസ്സുകൂനക്കും,
വരാന്‍ വൈകിയ രക്തസ്രാവത്തിനുമിടയില്‍,
വികാരം ബാക്കിയായത് നോക്കി,
ആശയക്കുഴപ്പങ്ങള്‍ പേനയില്‍ നിറച്ച്,
എഴുതാറുണ്ടോ?
ക്രൂരമായ കഠാര കടന്നു കയറി,
കരളിന്റെ കാതലിനെ,
ആര്‍ത്തിയോടെ ആശ്ലേഷിച്ച സമയമുണ്ടായിട്ടുണ്ടോ?
പ്രതീക്ഷയുടെ പതിനെട്ടാമത് നാളവും കെടുത്തി,
ആത്മാവിനകത്താവേശിച്ച്
ചിന്തകളെ ഞെരിച്ചു കൊന്നിട്ടുണ്ടോ?
തിരമാലകളെണ്ണി,
നോക്കുകുത്തിയെ പോലെ നിന്നതും,
സഹായഹസ്തങ്ങള്‍,
തപ്പിത്തിരയലവസാനിപ്പിച്ചതും,
കാലക്കെടുതിയിലകപ്പെട്ട്,
യൗവ്വനക്കാറ്റില്‍ കുരുങ്ങി,
കൗമാരക്കരയില്‍ ചത്തു പൊങ്ങിയതും,
ജീവിച്ചു തുടങ്ങിയതും
ഓര്‍മ്മയുണ്ടോ?
അഗാധങ്ങളിലിരുന്ന്,
ശ്വാസത്തില്‍ കോറിയിട്ട നിറം മങ്ങിയ സത്യങ്ങളെ,
ഉറ്റുനോക്കാന്‍ തുടങ്ങിയത്,
എന്നാണെന്നോര്‍മ്മയുണ്ടോ?
നരച്ച മണിക്കൂറുകളില്‍,
പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ തിരയുമ്പോള്‍,
വാത്സല്യത്തിന്റെ ദുര്‍ബലമായ ഇഴകളില്‍,
മുറുകെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍,
നീ ഛിന്നഭിന്നമാകാറുണ്ടായിരുന്നു.
അറിഞ്ഞു വെച്ചതൊന്നോര്‍ത്താല്‍,
സങ്കീര്‍ണതകളെ ഗ്രഹിക്കാന്‍ പരാജയപ്പെട്ട മനുഷ്യരാണ്,
നീ കണ്ടതില്‍ അത്രയും.
ഉറ്റവരും ഉടയവരും എന്തിനേറെ ഉയിരായവര്‍ വരെ.
പക്ഷേ നിനക്ക് പരാതികളില്ല!
പണ്ടവര്‍ സുവര്‍ണ്ണ പ്രഭാതങ്ങള്‍ പോലെ,
തിളങ്ങി തന്ന വാഗ്ദാനങ്ങള്‍,
ഇന്ന് തകര്‍ന്നുകിടപ്പാണ്.
ആ ചില്ലുകള്‍ നിന്റെ,
തരിശായ ഭൂപ്രകൃതിയില്‍ കിടന്നു കുത്തുന്നുണ്ട്.
മറന്നുപോയ ഇടവേളകളില്‍ നിന്നുള്ള ശബ്ദം,
നിന്നോട് കണിശമായി ഗദ്ഗദിക്കുന്നു.
സമയമാകുന്ന ക്രൂരന്റെ കളിതമാശകള്‍,
നീ കാണുന്നുണ്ടോ?
നരകമായ കണക്കെടുപ്പിന്റെ അവസാനം,
നീ ജീവിതത്തെ രുചിച്ചറിഞ്ഞു;
വിധിയുടെ ഭാരം,
തിരസ്‌കരണത്തിന്റെ ശൂന്യത,
സര്‍വ്വോപരി ഒരു കരുണയില്ലാത്ത മദ്ധ്യസ്ഥന്‍.
ഇതെല്ലാം മറ്റൊരുവന് തോന്നിയേക്കാവുന്ന വിഡ്ഢിത്തം!
തകര്‍ന്ന സ്വത്തിന്റെ,
പതറി കിടക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിക്കുമ്പോള്‍,
നിന്നോടൊപ്പം ഈ ഭൂമിയില്‍ വിലപിക്കുന്നത്,
നീ മാത്രമാണ്.
അതിനാല്‍ വിലപിക്കാതിരിക്കുക!
~എന്ന് സ്വന്തം നീ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
