ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആശ എസ് എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മനുഷ്യന്റെ മണം
നിറം മങ്ങിത്തുടങ്ങിയ ഭിത്തികളുള്ള ആ മുറിയ്ക്ക് അധികം ഭംഗിയൊന്നും ഉണ്ടായിരുന്നില്ല.
ബസാറിലേക്ക് തുറക്കുന്ന കിളിവാതിലിന്റെ കമ്പിയില്‍ പറ്റിപ്പിടിച്ചു വളരുന്ന ആകാശമുല്ല, മേശമേല്‍ നിരത്തി വച്ച ചുവപ്പും മഞ്ഞയും നിറമുള്ള ചായക്കോപ്പകള്‍, അമീര്‍ ഖുസ്രുവിന്റെ കവിതാ പുസ്തകം..ഇവയെല്ലാം നിറഞ്ഞൊരു മുറി. ഓര്‍ത്തെടുക്കാന്‍ ബാക്കിവച്ചതിനേക്കാളേറെ മറവിയ്ക്ക് നല്‍കാന്‍ ബാക്കി വച്ച് ആ മുറി തീവ്രമായൊരു നിശ്ശബ്ദതയും വിഴുങ്ങി നിന്നു.
ആ മുറിയുടെ ഭിത്തികളില്‍ അവള്‍ വളപ്പൊട്ടുകള്‍ കൊണ്ട് ഒരുപാട് ചിത്രങ്ങള്‍ വരച്ചു. അറ്റം ചുരുണ്ട മീശയുള്ള ഇറച്ചി വില്പനക്കാരന്റെ, തലപ്പാവ് ധരിച്ച പുസ്തക വില്‍പ്പനക്കാരന്റെ, വെള്ളിക്കണ്ണുകളുള്ള ഭിക്ഷക്കാരന്റെ.. അങ്ങനെ അവള്‍ക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും ആ ഭിത്തിയില്‍ ഒരു അടയാളം പോലെ പതിഞ്ഞു കിടന്നു.
ആ മുറിയ്ക്ക് തെരുവിലേക്ക് തുറക്കുന്ന ഒരു കിളിവാതിലുണ്ട്. ആ കിളിവാതിലിലൂടെ നോക്കിയാല്‍ പലതരം മനുഷ്യരെ കാണാം. പനിനീര്‍പ്പൂവും ചന്ദനവും വില്‍ക്കുന്നവര്‍, സാരംഗി മീട്ടി പാട്ടു പാടുന്ന തെരുവു ഗായകര്‍, നീണ്ട മീശയും താടിയുമുള്ള പാവ കളിക്കാര്‍, കഴുതപ്പാല്‍ വില്‍ക്കുന്ന സ്ത്രീകള്‍... അങ്ങനെ അങ്ങനെ പലതരം നിറവും ഒച്ചയുമുള്ള മനുഷ്യര്‍.
അതില്‍ എവിടെയോ അവളുടെ അമ്മയുണ്ടായിരുന്നു. അമ്മയുടെ ചുവന്ന സാരിയില്‍ മഞ്ഞപ്പൂക്കള്‍ തുന്നി ചേര്‍ത്തിട്ടിട്ടുണ്ടായിരുന്നു, ചുണ്ടുകള്‍ ചുമപ്പിച്ചിരുന്നു, നെറ്റിയില്‍ ഒരു വലിയ ചുമന്ന പൊട്ടും കവിളുകളില്‍ വെയില്‍ച്ചൂട് ഏല്‍പ്പിച്ചുപോയ ഉണങ്ങാത്ത പാടുകളുമുണ്ടായിരുന്നു.
അമ്മയ്ക്ക് പലപ്പോഴും പല മണമാണ്. ചിലപ്പോള്‍ അത്തറിന്റെ, ചിലപ്പോള്‍ മദ്യത്തിന്റെ, ചിലപ്പോള്‍ ഗുഡ്കയുടെ. അങ്ങനെ തിരിച്ചറിയാന്‍ പോലുമറിയാത്ത പലതരം മണങ്ങള്‍.
ഒരു രാത്രി അമ്മയ്ക്കൊപ്പം കയറിവന്നപ്പോഴാണ് അവള്‍ അയാളെ ആദ്യമായി കാണുന്നത്.. പിന്നെ അയാള്‍ ഒരുപാട് പകലും രാത്രിയും ചോദിക്കാതെ കയറി വന്നു, സ്വര്‍ണ്ണപ്പല്ലുകള്‍ കാട്ടി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. അയാള്‍ക്ക് വേണ്ടി അമ്മ ദാല്‍ ബാട്ടി ചൂര്‍മയും ആലൂ കചൗരിയും ഉണ്ടാക്കി.
അയാള്‍ക്കൊപ്പം പിന്നെ പലരും വന്നു, പലതരം മണമുള്ള മനുഷ്യര്‍. പലപ്പോഴും അമ്മയ്ക്ക് ആ മനുഷ്യരുടെയെല്ലാം മണമുള്ള പോലെ അവള്‍ക്ക് തോന്നിത്തുടങ്ങി.
അവളുടെ കുഞ്ഞുടുപ്പുകള്‍ക്ക് അവളുടെ ശരീരം പാകമാകാതായ നാള്‍ മുതല്‍ അയാള്‍ അവളോട് സോനഗച്ചിയിലെയും കാമാത്തിപ്പുരയിലെയും പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞു. അവര്‍ കണ്ണുനീര്‍ വറ്റിപ്പോയ പെണ്ണുങ്ങള്‍ ആണത്രേ. മുറുക്കി തുപ്പി തെരുവുകളിലൂടെ കുപ്പിവളയും കിലുക്കി നടക്കുന്നവര്‍, അവര്‍ക്കും അവളുടെ അമ്മയെ പോലെ പലതരം മണം ആണത്രേ.
അമ്മയ്ക്ക് പിന്നെയും ഒരുപാട് മണം വന്ന പോലെ അവള്‍ക്ക് തോന്നി.
അമ്മയുടെ മണങ്ങള്‍ പതിയെ പതിയെ അവള്‍ വെറുത്തു തുടങ്ങി. നെറ്റിയില്‍ തൊടാന്‍ ചുവന്ന പൊട്ടുകളും മുടിയില്‍ ചൂടാന്‍ ഒരു മുഴം മുല്ലപ്പൂവുമായി അവര്‍ ഒരു രാത്രി കയറി വന്നു. വിറകു കൊള്ളിപോലെ മെലിഞ്ഞു പോയ അവരുടെ കൈ വിരലുകള്‍ കൊണ്ട് അവര്‍ അവളെ തലോടി.
ആ മുറിയുടെ ഭിത്തിയില്‍ അവള്‍ പേരറിയാത്ത പുതിയ മനുഷ്യരുടെ ചിത്രങ്ങള്‍ വളപ്പൊട്ടുകള്‍ കൊണ്ട് കോറി വരച്ചു. ഭിത്തി നിറയെ പേരറിയാത്ത പലതരം മനുഷ്യര്‍. അവള്‍ ആ ചിത്രങ്ങള്‍ക്ക് കീഴെ തളര്‍ന്നിരുന്നു. അവളുടെ തൊണ്ടക്കുഴിയില്‍ നിലവിളികള്‍ നിശബ്ദമായി തണുത്തുറഞ്ഞുപോയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
