ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

തോപ്രാംകുടിയിലെ പ്രവാചകന്‍
തോപ്രാംകുടിയിലെ പ്രവാചകന്‍ കര്‍ത്താവായ യേശുതന്നെയാണന്നു ഞാന്‍ വിശ്വസിച്ചു. യേശുദേവനെപ്പോലെ കഴുത്തറ്റം നീണ്ടുകിടക്കുന്ന മുടി. ദേവാലയത്തില്‍ പലിശക്ക് കൊടുത്തിരുന്നവരെയും പരീസ്യന്മാരെയും പുറത്താക്കുകയും പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞ കര്‍ത്താവിന്റെ ശൗര്യം തോപ്രാംകുടിയിലെ പ്രവാചകനുണ്ടായിരുന്നു.
അദ്ദേഹത്തെ കണ്ടുനില്‍ക്കുക കേട്ടുനില്‍ക്കുക ഇവയൊക്കെ കുട്ടിയായ എനിക്ക് മതിവരാത്ത അനുഭവമായിരുന്നു. മിക്കവാറും ഞായറാഴ്ചകളിലാണ് പ്രവാചകന്‍ വരിക. കറുത്ത പാന്റ്‌സും തൂവെള്ള ഉടുപ്പും. ഇടം കൈയ്യില്‍ മാറോടു ചേര്‍ത്തുപിടിച്ചിരുന്ന ബൈബിള്‍. മീശയും താടിയും നീണ്ടമുടിയും. തീക്ഷ്ണങ്ങളായ കണ്ണുകളും സ്ഥലകാലങ്ങളുമായി ചേര്‍ച്ചയില്ലാത്ത പെരുമാറ്റവും അദ്ദേഹത്തെ വേറിട്ടൊരു ആളാക്കി.
നടന്നു വരുന്ന വഴി തൊണ്ടയുടെ ആഴങ്ങളില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു വരും, 'രാജാധിരാജന്‍'. അത് സിറ്റി മുഴുവനും മുഴങ്ങും. (ഹൈറേഞ്ചുകര്‍ക്കു രണ്ടു മുറുക്കാന്‍ കടയുള്ള എല്ലാ കവലയും 'സിറ്റി'യാണ്, മുണ്ടിയെരുമ സിറ്റി, തൂക്കുപാലം സിറ്റി, ബാലന്‍പിള്ള സിറ്റി, എന്നിങ്ങനെ). അതിനു പുറകെ 'ആത്മമണവാളന്‍' എന്നുള്ള പ്രഘോഷണം പാതി തൊണ്ടയിലൂടെയും പാതി മൂക്കിലൂടെയും പുറത്തുവരും. സുപ്രാനോയും റ്റെനറും, ആള്‍ട്ടോയും ബെയ്സ്സുമൊക്കെ ക്ഷണനേരത്തില്‍ പ്രവാചകന്റെ തൊണ്ടയിലൂടെയെത്തും.
ആത്മമണവാളന്‍ കേള്‍ക്കുമ്പോഴേ അറിയാം ഉപദേശി എത്തിയെന്ന്. മുടിയില്‍ തലോടിക്കൊണ്ടിരിക്കുന്ന അമ്മയുടെ കയ്യ് എടുത്തുമാറ്റി അടുക്കളയില്‍ നിന്ന് ഒരോട്ടമാണ്, ഉപദേശിയെ കാണാന്‍, കേള്‍ക്കാന്‍. അദ്ദേഹത്തിന്റെ പല്ലുകള്‍ തൂവെള്ളയായിരുന്നു. ദേഹം വെയിലുകൊണ്ടുള്ള അദ്ധ്വാനത്തിന്റെ ഫലമായി എണ്ണക്കറുപ്പും. കണ്ണുകളുടെ തിളക്കം ഇന്നും മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നു. പാപികളോട് പ്രവാചകന്‍ പറയും, 'കേട്ടുകൊള്ളേണമേ നല്ലഫലങ്ങള്‍ കായ്ക്കാത്ത മരങ്ങള്‍ വെട്ടി തീയിലിടപ്പെടും' പിന്നെ കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി കേട്ടിട്ടില്ലാത്ത ഭാഷയില്‍ എന്തെല്ലാമോ സംസാരിക്കും. മറുഭാഷ കേട്ടിട്ടില്ലാത്ത നല്ലവരായ ആളുകള്‍ പറഞ്ഞു, അങ്ങേര്‍ക്കു വട്ടാ, എന്നാലും ശല്യമൊന്നുമില്ലല്ലോ.'
ഞങ്ങളുടെ വീടിന്റെ നേരെ എതിര്‍വശത്തു റോഡിന്റെ അപ്പുറത്താണ് തൊമ്മിച്ചേട്ടനും അമ്മിണിച്ചേട്ടത്തിയും താമസിച്ചിരുന്നത്. ഒരു ഇടവഴിയുടെ അറ്റത്താണ് അവരുടെ വീട്. അവിടെ ഗേറ്റുപോലെ ഒരു വലിയ പാറ. മഴകൊണ്ട് മുകളിലുള്ള മണ്ണെല്ലാം ഒലിച്ചു പോയതുകൊണ്ട് ഒരു സ്റ്റേജ് പോലെയായിരുന്നു പാറയുടെ സ്ഥാനം. സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് ഇടവഴിയിലേക്ക് കയറിനിന്നു കറുപ്പും സ്വര്‍ണനിറത്തിലുമുള്ള ഒരു തുണി പ്രവാചകന്‍ പാന്റ്‌സിന്റെ മുകളില്‍ ഒരു വള്ളികൊണ്ട് പാവാടപോലെ കെട്ടിയുറപ്പിച്ചു തലയില്‍ ഒരു കിരീടവും വച്ച് കഴിഞ്ഞാല്‍ രാജാവിന്റെ വരവായി. പാറമേല്‍ കയറിനിന്നു പ്രവാചകന്‍ ഉദ്ഘോഷിക്കും, 'രാജാധിരാജന്‍, ആത്മമണവാളന്‍'. പിന്നെ ബൈബിളുയര്‍ത്തിപ്പിടിച്ചു പാപത്തെക്കുറിച്ചും പാപികളെക്കുറിച്ചും നരകത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും ബൈബിള് നോക്കാതെ വചനങ്ങള്‍ ചറപറാന്നു പറയും. നെറ്റിയില്‍നിന്നു വിയര്‍പ്പുതുള്ളികള്‍ ഇറ്റിറ്റുവീഴും, കരിമ്പാറയില്‍നിന്നു ഉറവപൊട്ടുന്നപോലെ. ഒടുവില്‍ പ്രവാചകന്‍ ഗദ്ഗദകണ്ഠനാകും. എന്നെ കേള്‍ക്കാന്‍ കൂട്ടാക്കാത്ത നിങ്ങളെയോര്‍ത്തു എന്റെ മനം പരിതപിക്കുന്നു വ്യസനിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും.
അതിനുശേഷം എനിക്കറിയാം, വെള്ളം വേണമെന്ന് പറയും. അടുക്കളയിലേക്കോടി ഞാന്‍ വെള്ളം വലിയ കപ്പില്‍ കൊണ്ടുക്കൊടുക്കും. അത് ഒറ്റ വലിക്കു കുടിച്ചിട്ട് തൂവെള്ള പല്ലുകള്‍ കാട്ടി ആര്‍ദ്രമായ കണ്ണുകളോടെ എന്നെനോക്കി പുഞ്ചിരിക്കും, കണ്ണുകളടച്ചു എനിക്കായി അസ്പഷ്ടമായി എന്തൊക്കെയോ പ്രാര്‍ത്ഥിക്കും. പിന്നെ ബൈബിളും കിരീടവും മേലങ്കിയുമെല്ലാം അഴിച്ചു ഒരു സഞ്ചിയിലാക്കി പാമ്പാടുംപാറയിലേക്കുള്ള കയറ്റം കയറി ചെമ്മണ്‍പാതവഴി മുകളിലേക്ക് പോകും.
അടുക്കളയില്‍ തിരിച്ചെത്തി ഞാന്‍ അമ്മയുടെ മുന്‍പില്‍ പ്രകടനം ആരംഭിക്കും. രാജാധിരാജന്‍, ആത്മമണവാളന്‍....ചിരിച്ചുകൊണ്ട് അമ്മ പറയും ആരെയും കളിയാക്കരുത്, ഉപദേശി പറഞ്ഞത് കേട്ടില്ലേ അത് പാപമാണ്.
അടുത്ത ഞായറാഴ്ചവരെ പ്രവാചകന്റെ വേഷപ്പകര്‍ച്ച കാണാന്‍ ഞാന്‍ കാത്തിരിക്കും.
എന്റെയീ മുന്‍നിര പ്രേക്ഷക സ്വഭാവം കണ്ടിട്ട് അഭ്യുദയകാംക്ഷികള്‍ അമ്മയോട് പറയും, 'സൂക്ഷിക്കണം, എപ്പഴാ വെളിവ് പോകുന്നെന്ന് പറയാന്‍ പറ്റുമോ? എന്തെങ്കിലും സംഭവിച്ചിട്ടു പറഞ്ഞിട്ട്ന്താ കാര്യം? പ്രാന്തന്മാരെ പോലീസുകാരുപോലും തൊടത്തില്ല'.
പറഞ്ഞയാളെ അമ്മ പിണക്കത്തില്ല. ശരിയാ എന്ന് പറഞ്ഞു ഉത്സാഹത്തോടെ നിരാശപ്പെടുത്തും. അമ്മക്കെന്താ തോന്നിയത് എന്നൊന്നും മനസിലായില്ലെങ്കിലും പറയാനുള്ളത് പറഞ്ഞല്ലോ എന്ന മനഃസമാധാനത്തില്‍ അവര്‍ പോകും.
അര്‍ജുന പണിക്കരാണ് അന്ന് ഞങ്ങളുടെ സ്റ്റേഷനിലെ ഏഡ്ഡ് അഥവാ ഹെഡ് കോണ്‍സ്റ്റബിള്‍.
പാമ്പാടുംപാറയിലേക്കുള്ള കയറ്റത്തിന്റെ തുടക്കത്തിലാണ് അദ്ദ്യം വാടകവീട്ടില്‍ താമസിക്കുന്നത്. രാവിലെ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്ന് ഊണ് കഴിക്കാനും ഊണുകഴിച്ചു തിരിച്ചു പോകുന്നതും പിന്നെ വൈകുന്നേരം വീട്ടിലേക്കു മറിച്ചു പോരുന്നതുമെല്ലാം ഞങളുടെ വീടിനു മുന്‍പിലൂടെയാണ്. (തിരിച്ചും മറിച്ചും എന്നൊക്കെയാണല്ലോ പ്രാസം)
ഉണ്ടക്കണ്ണും കൊമ്പന്‍ മീശയുമൊന്നുമില്ലങ്കിലും പഴയ ജീപ്പിന്റെ മഡ്ഗാര്‍ഡ്‌പോലെ പശയിട്ടു വടിയാക്കിയ നിക്കറിന്റെ മുന്‍ഭാഗം, പുള്ളിക്കാരന്റെ വയറിന്റെ മുന്‍ഭാഗം ഒക്കെ ആദ്യമേ നമ്മുടെ ദൃഷ്ടിപഥത്തില്‍ എത്തിയിരിക്കും. ഒന്‍പതര ഇഞ്ചിന്റെ ഈ തള്ളല്‍ അന്നത്തെ പോലീസുകാരുടെയൊക്കെ അധികാരത്തിന്റെ വിജ്രംഭനമായിരുന്നു. മുഖത്ത് സദാ ഒരു ഗൗരവം കോവിഡ് കാലത്തെ മാസ്‌കുപോലെ ധരിച്ചിരുന്ന അര്‍ജുനപ്പണിക്കരെ നാട്ടാര്‍ക്കൊക്കെ പേടിയായിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം എസ്സൈ ആകേണ്ട ആളാണ്. ഇപ്പോഴേ ബഹുമാനിച്ചു തുടങ്ങിയേക്കാം എന്നാണ് പൊതുവെ ഉള്ള ഒരു അഭിപ്രായം.
രാവിലെ സ്റ്റേഷനിലോട്ടും വൈകിട്ട് വീട്ടിലോട്ടും മാത്രമേ ഏഡ്ഡ് തൊപ്പിവയ്ക്കൂ. സോക്‌സ് കണ്ടുപിടിച്ചിട്ടില്ലാത്ത അക്കാലത്തു പോലീസുകാര്‍ പട്ടീസു കെട്ടുന്നത് കാണാനും ഒരു രസമായിരുന്നു. വാടകവീടിന്റെ തിണ്ണയിലിരുന്ന് പട്ടീസുകെട്ടുന്ന ഏഡ്ഡന്റെ മുന്‍പില്‍ പോയി നിന്നു ഞാനങ്ങു നോക്കും. അച്ഛനുമായി കൂട്ടായിരുന്നതുകൊണ്ടു ഏഡ്ഡ് സാര്‍ എന്നെ ഇടിക്കത്തില്ല എന്നെനിക്കുറപ്പായിരുന്നു. ഉളുക്കിയ കാലില്‍ ഡോക്ടര്‍ ബാന്‍ഡൈഡ് കെട്ടുന്നതുപോലെ നീളത്തിലുള്ള കാക്കിത്തുണി കണങ്കാല്‍ മുതല്‍ മുട്ടിന്റെ താഴെവരെ ഗൗരവത്തിലിരുന്നു ചുറ്റുന്ന ഏഡ്ഡ് സാറിനെ കാണുമ്പോള്‍ എനിക്ക് ഉള്ളില്‍ ഒരു ചിരിവരും. 'അയ്യേ...!'
പെണ്ണുങ്ങള് സാരിചുറ്റുന്നതുപോലെ പട്ടീസു ചുറ്റി മുകള്‍ അറ്റത്തു ചുവപ്പും ഇടതുവശത്തു പച്ചയും ചുവപ്പും കലര്‍ന്ന ഒരു കുഞ്ഞന്‍ പതാകയും മുന്‍പില്‍ ഒരശോകസ്തംഭം കുത്തിയ കൂര്‍മ്പന്‍ തൊപ്പിയും വച്ച് പോകുന്ന ഏഡ്ഡ് സാറിനെ ചെമ്മണ്‍ പാതയുടെ ഇരുവശത്തുനിന്നും ജനം നോക്കിനില്‍ക്കും. ജനം നോക്കുന്നുണ്ടോ എന്ന് ഏഡ്ഡ് സാറൂം ഗൗരവത്തില്‍ നോക്കും.
അങ്ങനെയൊരു ദിവസം ഏഡ്ഡ് സാര്‍ ഉണ്ണാന്‍ പോകുന്ന സമയം. ഗൗരവത്തില്‍ അദ്ദ്യം വരികയാണ്.
പാറപ്പുറത്തു പ്രവാചകന്‍ ഉച്ചസൂര്യനേക്കാള്‍ കത്തിക്കയറുകയാണ്. 'അവന്റെ സൈന്യത്തിന്റെ മുന്‍പില്‍ ആരും പിടിച്ചു നില്‍ക്കില്ല. അവന്റെ വാള്‍ ഭൂമിയെ പിളര്‍ക്കാന്‍ മാത്രം ശക്തിയുള്ളതാണെന്നറിയുക, അത് പാപത്തിന്റെ കറയെ തുടച്ചു മാറ്റും. '
പ്രവാചകന്റെ ശരീരം താളാത്മകമായി ഇടത്തോട്ടും വലത്തോട്ടും ചലിക്കുന്നു, കാല്‍പാദങ്ങള്‍ പാറയിലുറച്ചപോലെ ചലനരഹിതമായിരിക്കുന്നു. ഇടതുകൈയില്‍ മാറോടു ചേര്‍ത്ത് വിയര്‍പ്പുചാലിച്ച കറുപ്പുചട്ടയിട്ട ബൈബിള്‍. വലതുകൈ ചെവിയോട് ചേര്‍ത്തുപിടിച്ചു ഏതോ സ്വര്‍ഗ്ഗ സംഗീതത്തിന് താളം പിടിക്കുന്നപോലെ ചലിക്കുന്നു. അദ്ദേഹത്തിന്റെ ശരീരമാസകലം ഒരദൃശ്യ ശക്തി ആവാഹിച്ചതുപോലെ വിറകൊള്ളുന്നു.
അതിന്റെ പാരമ്യത്തില്‍ ഉദരത്തിന്റെ അഗാധങ്ങളിലെവിടെയോ ഉദയം കൊണ്ടതുപോലെ പ്രവാചകന്റെ സ്വരം, ' മാലാഖ സായ് , മാലാഖ സായ്'. ഇടിമുഴങ്ങുംപോലെയുള്ള ഈ സ്വരം എന്നെ ഭീതിപ്പെടുത്തി. പ്രവാചകന്‍ കണ്ണുനട്ടിരുന്ന കത്തുന്ന മാനത്തേക്ക് ഞാനും നോക്കി. മാലാഖ ഇറങ്ങി വന്നിരിക്കുമോ? മാലാഖയെ കണ്ടാല്‍ എനിക്ക് ബോധക്കേട് വരുമോ? പ്രവാചകന്‍ എന്തായാലും മാലാഖയെ കാണുന്നുണ്ട് അല്ലെങ്കില്‍ അദ്ദേഹത്തിന് ഈ സ്വരത്തില്‍ സംസാരിക്കുവാന്‍ കഴിയില്ല. അദ്ദേഹം ഈ ലോകത്തിലേ അല്ല.
മാലാഖയെ കാണാന്‍ മാനത്തേക്ക് നോക്കിനിന്ന എന്റെ ചെവിയില്‍ പൊട്ടാസ് പൊട്ടിച്ചപോലെ ഒരു പൊട്ടല്‍. കുട്ടി പൗരുഷങ്ങളുടെ സ്വപ്നമാണ് പൊട്ടാസ് തോക്ക്. അമ്പലത്തിലെ ഉത്സവത്തിന് കാത്തിരിക്കുന്നത് തന്നെ ഈ തോക്കും പൊട്ടാസും വാങ്ങിക്കാനാണ്. അത് കൂട്ടുകാരുടെ ചെവിക്കടുത്തുവച്ചു പൊട്ടിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെങ്കിലും എല്ലാ ബാല്യ പൗരുഷങ്ങളും ഇത് ചെയ്തുപോന്നു.
ഞെട്ടിത്തിരിഞ്ഞു ഞാന്‍ പ്രവാചകനെ നോക്കി. ഗാഗുല്‍ത്താ മലയില്‍ കുരിശുമായിപ്പോകുന്ന കര്‍ത്താവിന്റെ മുന്‍പില്‍ ചാട്ടവാറുമായി റോമന്‍ ഭടന്‍ നില്‍ക്കുന്നതുപോലെ പ്രവാചകന്റെ മുന്‍പില്‍ ഏഡ്ഡ്!
പകച്ചുനില്‍ക്കുന്ന പ്രവാചകന്‍! വായില്‍നിന്നു കുടുകുടാ ഒഴുകുന്ന ചോര! പ്രവാചകന്റെ ചുണ്ടിലൂടെ താടിയിലൂടെ തൂവെള്ള ഉടുപ്പിലേക്ക് ഒഴുകുന്നു. വീണ്ടും പൊട്ടാസ്സ് പൊട്ടുന്നു. ഏഡ്ഡ് മറ്റേ കരണത്തു ആഞ്ഞടിക്കുന്നു. വീണ്ടും ചോര! അണപൊട്ടിയൊഴുകുന്നപോലെ ചോര.
പ്രവാചകന്‍ വിശ്വസിക്കാന്‍ കഴിയാത്തതുപോലെ ഏഡ്ഡിനെത്തന്നെ നോക്കി സ്തബ്ധനായി നില്‍ക്കുന്നു.
തുറന്നിരുന്ന വായിലൂടെ ചോരയില്‍ പുരണ്ട രണ്ടു പല്ലുകള്‍ പ്രവാചകന്റെ ചുണ്ടിലൂടെ ഒഴുകുന്ന ചോരയിലൂടെ താടിയിലൂടെ മാറിലൂടെ അദ്ദേഹം നിന്ന പാറയില്‍ വീഴുന്നു.
എന്തോ പറയാന്‍ എഡ്ഡ് വാ തുറന്നതും എങ്ങനെയോ അമ്മ അവിടെയെത്തി. എളിയിലിരുന്ന അനിയത്തിയെ പ്രവാചകന്റെ കൈകളിലേക്ക് കൊടുത്തു. കുട്ടിയെ അദ്ദേഹം ഏറ്റു വാങ്ങി, ബൈബിളിനോടൊപ്പം ചേര്‍ത്തുപിടിച്ചു. പ്രവാചകന്റെ കണ്ണില്‍നിന്ന് അശ്രുകണങ്ങള്‍ ധാരധാരയായി ഒഴുകി. അദ്ദേഹത്തിന്റെ മറുകൈയ്യില്‍ പിടിച്ചു അമ്മ പറഞ്ഞു, 'വാ പോകാം'.
ഒരു കുഞ്ഞിനെപ്പോലെ പ്രവാചകന്‍ അമ്മയുടെ ഒപ്പം പോയി. എന്തുചെയ്യണമെന്നറിയാതെ എന്തോ പിറുപിറുത്തു പാറയില്‍ ആഞ്ഞ് ഒരു ചവിട്ടു ചവിട്ടി ഏഡ്ഡ് ഊണുകഴിക്കാന്‍ പോയി. നീതി നടപ്പാക്കിയാല്‍ പിന്നെ ഊണ് കഴിക്കണം അതാണ് ചട്ടം.
പ്രവാചകന്‍ എന്തോ പറയുവാന്‍ ശ്രമിച്ചു. വാക്കുകള്‍ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കുരുങ്ങി. കണ്ണുനീര്‍കൊണ്ട് ഉടുപ്പിലൂടെ ഒഴുകുന്ന ചോര കഴുകിക്കളയാന്‍ അദ്ദേഹം ശ്രമിക്കുന്നപോലെ. ഏഡ്ഡനിട്ടു കൊടുക്കാന്‍ നിലത്തുനിന്നും ഞാനെടുത്ത പാറക്കഷ്ണം കൈയ്യിലിരുന്നു ഞെരിഞ്ഞു വിരലുകള്‍ വേദനിക്കുന്നു.
പ്രവാചകന്‍ അത് കണ്ടു. 'വാളെടുത്തവന്‍ വാളാല്‍' ഉച്ഛ്വസിക്കുന്നതുപോലെ അദ്ദേഹം പറഞ്ഞു.
ഏതു വാള്? എനിക്കൊന്നും മനസ്സിലായില്ല. കൈയ്യിലിരുന്ന കല്ല് അറിയാതെ താഴെ വീണു.
പ്രവാചകന്‍ അനിയത്തിയെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എന്നിട്ടവളെ വിളിച്ചു, 'സിന്ധൂരാഞ്ജി'.
അമ്മ കൊടുത്ത വെള്ളം കുടിച്ച്, ബൈബിള്‍ രക്തംപുരണ്ട മാറത്തടുക്കി പിടിച്ച് മൗനിയായി ചെമ്മണ്‍ പാതയിലൂടെ കയറ്റം കയറി തോപ്രാംകുടിയിലേക്കു പോയി, പ്രവാചകന്‍. നീതി നടപ്പാക്കിയിട്ട് ഏഡ്ഡ് പോയതും അതെ വഴിയിലായിരുന്നു.
ഏഡ്ഡ് പിന്നെയും പ്രവാചകനെ തല്ലുമോ?
ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മയുടെ മുഖത്ത് ഭീതിയില്ല, ഉത്കണ്ഠ തീരെയില്ല.
എനിക്ക് സമാധാനമായി. അമ്മക്ക് പേടിയില്ലങ്കില്‍ പിന്നെ ഒന്നും സംഭവിക്കുകയില്ല. അച്ഛന്റെ രൗദ്രഭാവത്തെക്കാള്‍ എന്നും എന്നെ തണുപ്പിച്ചത് അമ്മയുടെ ശാന്തഭാവമായിരുന്നു.
ഏഡ്ഡ് താമസിച്ചിരുന്ന ആനപ്പെര വരെ ഞാന്‍ പ്രവാചകന്റെ പിറകെ പോയി. ഏഡ്ഡ് അന്ന് ഊണ്
കഴിക്കുന്നില്ലായിരുന്നു. പട്ടീസഴിക്കാതെ കൈത്തലത്തില്‍ മുഖം താങ്ങി കസാലമേല്‍ കുനിഞ്ഞിരിക്കുന്ന ഏഡ്ഡിന്റെ പശയിട്ടു വടിയാക്കിയ നിക്കറിനു അയാളുടെ നാണം മറക്കാന്‍ പറ്റുന്നില്ലായിരുന്നു.
പിന്നെയുള്ള ഞായറാഴ്ചകളില്‍ ഞാന്‍ പ്രവാചകനെ കണ്ടതേയില്ല. 'രാജാധിരാജന്‍ ആത്മമണവാളന്‍' എന്ന പ്രഘോഷണങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്തു. ഒന്നും സംഭവിച്ചില്ല.
വായിലൂടെ ചോര വാര്‍ന്നു പ്രവാചകന്‍ ചത്തുപോയിക്കാണും എന്ന് ഞാനോര്‍ത്തു. ഇല്ല! ചത്തുപോയെങ്കില്‍ ആരെങ്കിലും അച്ഛനോട് പറയാതിരിക്കില്ല.
പിന്നെ മാസങ്ങള്‍ക്കു ശേഷമാണ് പ്രവാചകന്‍ വന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷപൂര്‍വമായിരുന്നു. വെള്ളായണി അപ്പുവിനെപോലെ കുഞ്ഞു ശരീരമുള്ള ഒരു പോത്തുംകുട്ടിയേയും കൊണ്ടായിരുന്നു വരവ്. അപ്പുവിന്റെ നീണ്ട ചെവികള്‍ പോലെ പോത്തുംകുട്ടിക്ക് വളരെ നീണ്ട കൊമ്പുകള്‍ ഉണ്ടായിരുന്നു. അതില്‍ പ്രവാചകന്‍ തോരണങ്ങള്‍ കെട്ടിയിരുന്നു, മണികളും.
നീണ്ട ഇടവേളക്കുശേഷമുള്ള പ്രവാചകന്റെ പട്ടണപ്രവേശം. പോത്തിന് കയറില്ലായിരുന്നു. ബൈബിളിന്റെ മണം പിടിച്ചു അത് പ്രവാചകന്റെ ഓരേ നടന്നുവന്നു. കുരുത്തോലകള്‍ ഇട്ടു വണങ്ങിയില്ലങ്കിലും പുരുഷാരം സന്തോഷിച്ചു.
അമ്മിണിച്ചേട്ടത്തീടേം തൊമ്മിച്ചേട്ടന്‍േറം വീടിനു മുന്‍പിലെ പാറയില്‍ തോപ്രാംകുടിയിലെ പ്രവാചകന്‍! അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടില്‍ തോരണങ്ങളും മണികളും കൊണ്ടലങ്കരിച്ച പോത്തുംകുട്ടി. ഇടതുകൈയില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് വലതുകൈ ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പറഞ്ഞു, 'സിന്ധൂരാഞ്ജിക്ക് മെട്ടില്‍ കൊട്ടാരം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം.'
അനിയത്തിയുടെ കൈപിടിച്ച് മുന്‍നിരയില്‍ നിന്നിരുന്ന എന്നോട് അവള്‍ പറഞ്ഞു, 'എനിക്കാണ് കൊട്ടാരം, അണ്ണന്‍ പോത്തിനെ എടുത്തോ.'
മേട് കുന്നാണെന്നും അത് സ്വര്‍ഗം പോലെ ഒരുയര്‍ന്ന സ്ഥലമാണെന്നും അന്നെനിക്ക് മനസ്സിലായില്ല. അങ്ങ് മേട്ടിലുള്ള പാറകള്‍ നിറഞ്ഞ ഞങ്ങളുടെ സ്ഥലത്തു പ്രവാചകന്‍ സിന്ധുവിനായി ഒരു കൊട്ടാരം പണിയുമെന്ന് ഞാനോര്‍ത്തു. പാറയൊന്നും ഒത്തിരി ഇല്ലാത്ത സ്ഥലമായിരുന്നെങ്കില്‍ പണി കുറേക്കൂടി എളുപ്പമായിരുന്നേനെ എന്നും ഞാനോര്‍ത്തു.
പോകുംമുമ്പേ അദ്ദേഹം ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.അദ്ദേഹത്തിന്റെ രക്തം എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി. അദ്ദേഹം പോത്തിന്റെ പുറത്തുകയറി തോപ്രാംകുടിയിലേക്കു പോയിരുന്നെങ്കില്‍ കാണാന്‍ നല്ല രസമായിരുന്നേനെ എന്ന് ഞാനോര്‍ത്തു. പോത്തുമ്പുറത്തു പോകുന്ന പ്രവാചകന്റെ രൂപം എന്റെ മനസ്സിലേക്ക് ഒരു ചിരി കൊണ്ടുവന്നു. അതുമായി ഞാന്‍ അനിയത്തിയുടെ കൈപിടിച്ച് അമ്മയുടെ അടുത്തേക്ക് പോയി.
'ഊദേശി വന്നു' അവള്‍ അമ്മയോട് പറഞ്ഞു.
'എന്നിട്ട്?'
'പോത്തേക്കേറി പോയി.' എന്റെ മനസ്സ് അവള്‍ വായിച്ചിരിക്കുന്നു.
കാലം പിന്നേം കൊറേ പോയി. സിന്ധു എല്‍പ്പീ സ്‌കൂളിലൊക്കെ ആയി. എല്‍പ്പീ പോയാല്‍ പിന്നെ വലിയ കുട്ടിയായി. വീട്ടില്‍ നിന്ന് നോക്കിയാല്‍ സ്‌കൂള് കാണാം. സ്‌കൂളിലേക്ക് നോക്കുമ്പോള്‍ അവിടെ ഒരു കൂട്ടം. ഒന്ന് മുതല്‍ നാലുവരെ ക്‌ളാസിലുള്ള കുട്ടികള്‍. മതിലില്ലാ സ്‌കൂളില്‍ 'വെളിക്കുവിട്ടപ്പോള്‍' അവര്‍ പ്രവാചകന് ചുറ്റും കൂടിയിരിക്കുന്നു. ചിലര്‍ കൂവുന്നു ചിലര്‍ കൊച്ചു കല്ലുകളൊക്കെ എടുത്തു എറിയാന്‍ ശ്രമിക്കുന്നു. വട്ടന്‍! വട്ടന്‍!
അവിടേക്കു കടന്നുവരുന്നു അനിയത്തി. അമ്മയുടെ മുഖമായിരുന്നു അപ്പോള്‍ അവള്‍ക്ക്.
'എന്തിനാ പിള്ളേരെ ഊദേശിയെ കൂവുന്നേ? എന്തിനാ കല്ലെടുത്തെറിയുന്നേ?'
പെട്ടന്ന് അവള്‍ പ്രവാചകന്റെ കൈയ്യില്‍ പിടിച്ചു. 'വാ പോകാം'
നേരെ വീട്ടിലേക്ക്. കല്ലുകള്‍ താഴെ വീണു. കൂവല്‍ നിലച്ചു. 'അതാ കൊച്ചിന്റെ അച്ഛനായിരിക്കും, വല്യച്ഛനായിരിക്കും'. കുട്ടികള്‍ പിരിഞ്ഞു.
വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ അവള്‍ ചോദിച്ചു, ഊദേശി വെള്ളം വേണോ? പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
ആയിരം പേരുടെ ഭ്രാന്ത് ഒരു സ്പര്‍ശം കൊണ്ട് കഴുകി കളഞ്ഞവള്‍, എന്റെ അനിയത്തി.
പ്രവാചകന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അവളോടു ചോദിച്ചു. 'വളരുമ്പം നിനക്ക് ആരാകണം?
ഉത്തരം ഉടനടിയെത്തി, 'ഊദേശി'.
ഉള്ളൊന്നൂകാളി. കവലച്ചട്ടമ്പികള്‍ക്കും പോലീസുകാര്‍ക്കും കൈത്തരിപ്പ് മാറ്റാന്‍, കുരിശിലേറ്റപ്പെടാന്‍, വിഷം തിന്നു ചാകാന്‍ ആരോരും ചോദിക്കാന്‍ ഇല്ലാത്ത പ്രവാചകനോ?
വളരുക, പെറുക,വളര്‍ത്തുക. ഒടുവില്‍ ആരുടെയെങ്കിലും സ്മാര്‍ട്ട് ഫോണിലൂടെ കേള്‍പ്പിക്കുന്ന ഗീതയോ ഒപ്പീസു പാട്ടോ കേട്ട് തലയ്ക്കല്‍ ജോലിക്കാരിയമ്മ കത്തിച്ചുവെച്ച ഒറ്റത്തിരി അണയും മുന്‍പേ ശാന്തി കവാടത്തിലെത്തി ഒരു ട്രോളിയില്‍ കയറി 'സ്വര്‍ഗ്ഗത്തിലേക്ക് പോയാല്‍' എല്ലാം ധന്യം. പെറ്റില്ലല്ലോ പോറ്റിയില്ലാലോ എന്നൊന്നും ആരും പറയില്ല. അല്ലെങ്കിലോ? നല്ല ഒരു കുടുംബത്തിലെ കൊച്ചായിരുന്നു എന്ത് ചെയ്യാനാ, വട്ടായിപ്പോയി. ആത്മഗദങ്ങളും ഗദ്ഗദങ്ങളും തള്ളിമറിച്ചു പുരുഷാരം പോകെ ചെവിയില്‍ ഒരു ഹോണടി.
പാമ്പാടുംപാറയിലേക്കും അവിടെനിന്നു തോപ്രാംകുടിയിലേക്കുമുള്ള ചെമ്മണ്‍ പാത ഇപ്പോള്‍ ബസ് റൂട്ടാണ്.
എപ്പൊഴെങ്കിലുമൊക്കെ സിറ്റിയിലെ പഞ്ചായത്തു കിണറിന്റവിടെനിന്നു മുകളിലേക്ക് നോക്കുമ്പോള്‍ വെറുതെ ആശിച്ചുപോകും, നീണ്ട മുടിയും തീക്ഷ്ണങ്ങളായ കണ്ണുകളും നേര്‍ത്ത പുഞ്ചിരിയുമായി ഒരിക്കല്‍ കൂടി അദ്ദേഹം വന്നിരുന്നുവെങ്കില്‍, തോപ്രാംകുടിയിലെ പ്രവാചകന്‍.


