ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് അനു ശാരദ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Poem by Anu Sarada.
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


തീക്കടല്‍ പ്രേമം
അയാളെ വിട്ടു പിരിയുമ്പോഴെല്ലാം എനിക്ക് ഞാനുരുകിത്തീര്‍ന്നു പോകുന്ന പോലെ തോന്നിയിരുന്നു. പായല്‍ തിങ്ങിയ പച്ച അടിത്തട്ടില്‍ മുങ്ങി ഒളിക്കാന്‍ പാകത്തിന് ഉള്ളൊക്കെ വെന്തു പൊള്ളി നൊന്തു പോയിട്ടുണ്ട്. എപ്പോഴും എനിക്ക് മാത്രം വേദനിച്ചു.
എന്നെ വിട്ടു പോകരുതെന്ന് ഞാനയാളോട് പലതരത്തില്‍ കെഞ്ചി. തേങ്ങിയും ദേഷ്യപ്പെട്ടും ആക്രോശിച്ചും
നിലവിളിച്ചും എന്തിനേറെ എന്റെയെല്ലാ മാനാഭിമാനവും നെഞ്ചില്‍ നിന്നും പറിച്ചെടുത്ത് മുടിയിഴകളിലൊന്നില്‍ തിരുകി, ഞാനയാളുടെ കാലില്‍ പിടുത്തമിട്ട് എങ്ങലടിച്ചും പറഞ്ഞ് നോക്കി. ഭാവവ്യത്യാസമേതുമില്ലാതെ അയാളെന്നെ ആള്‍ക്കൂട്ടത്തിലേക്ക് വകഞ്ഞു മാറ്റി ഒരു ദാക്ഷിണ്യവുമില്ലാതെ പോയ്ക്കളഞ്ഞു.
എനിക്ക് നോവുന്നുണ്ടായിരുന്നു. എനിക്ക് മാത്രം വേദനിച്ചു. വേദനിക്കാന്‍ പാകത്തിന് അയാളെനിക്ക് ആരുമല്ലല്ലോ എന്നും ആരുമായിരിക്കരുതെന്നും ഞാനെന്നെ ഊട്ടിവിട്ടു. ഉപേക്ഷിച്ചു കളയാന്‍ ഏറ്റവും എളുപ്പത്തില്‍ ഞാനാണല്ലോയെന്നും ഇതുവരെയും പടിയടച്ചു പോയ മുഖങ്ങളെയും ഓര്‍ത്തു
ഞാനെന്റെ പേര് കാറ്റിലെഴുതി.
ഞാന്‍ ആരിലുമില്ലെന്നതിനേക്കാള്‍ ഒട്ടും അയാളിലില്ലെന്നത് എന്നെ തളര്‍ത്തി. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാതെ എന്നെ കൊന്നു കളയും വിധം അയാളെന്നെ ഉപേക്ഷിച്ചു പോയിക്കളഞ്ഞു.
എനിക്ക് മരിക്കാന്‍ തോന്നിയില്ല; അയാളെ വെറുക്കാനും. കാരണം എനിക്കയാളെ ഇഷ്ടമായിരുന്നു. സ്‌നേഹമായിരുന്നു. നിറഞ്ഞ പ്രേമം ആയിരുന്നു.
2
എട്ട് കൊല്ലം ഞാന്‍ അയാളെ സ്‌നേഹിച്ചു. അതില്‍ മൂന്ന് കൊല്ലവും അയാളെ ഉപേക്ഷിച്ചമാതിരി ഞാന്‍ എവിടൊക്കെയോ ഓടിയൊളിച്ചു. എനിക്കയാളല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നിയില്ല. അനാഥപ്രേതം കണക്കെ ഞാന്‍ അലഞ്ഞു നടന്നു. ഭ്രാന്ത് പിടിക്കുമെന്ന നിമിഷത്തില്‍ ഞാന്‍ മരിക്കാനൊരുമ്പെട്ടു; പരാജയപ്പെട്ടു.
ഓരോ തവണ മരിക്കാനൊരുങ്ങുമ്പോഴും ഞാനയാളെ ഓര്‍ത്തുരുകി. അവസാനം 'മരിക്കുന്നെങ്കിലൊന്ന് മരിക്കൂ' എന്ന് തലയെടുത്തുലച്ചപ്പോഴാണ് കൈയിലെ എഴുന്നു നിന്ന ഞരമ്പുകളറുത്ത് ഉറക്കഗുളികകള്‍ വാരി വിഴുങ്ങി കട്ടിലില്‍ കിടന്നത്. നിലത്തേക്കൊലിച്ചിറങ്ങുന്ന ചോര അയാളുടെ മുഖം വരച്ചു. ഞാന്‍ മരിക്കാന്‍ ഭയന്നു.
പിന്നെ ഒരു കൊല്ലം കൂടെ കഴിഞ്ഞയാള്‍ എന്നെ വിവാഹം ചെയ്തു. അയാളെന്നെ വല്ലാതെ സ്‌നേഹിച്ചു, ഞാനതില്‍ ലോകം തന്നെ മറന്നു. പക്ഷെ രണ്ടാം മാസം അയാളുടെ മൂന്നാമത്തെ കാമുകിയുടെ പേരുംചൊല്ലി എന്റെ ഇടതു ചെവിയുടെ കേള്‍വി അയാള്‍ തൂത്തെടുത്തു. പിന്നെയും അയാളെന്നെ സ്‌നേഹിച്ചു.
അഞ്ചാമത്തെ കാമുകിയെ ചൊല്ലി അയാളെന്നെ പിന്നെയും അടിച്ചു, നിലത്തൂടെ വലിച്ചിഴച്ചടുത്തെറിഞ്ഞു.
ഞാന്‍ ചുരുണ്ടുകൂടി പോയി. ഇപ്പോഴില്ലാത്ത അമ്മയെയും ഉപേക്ഷിച്ച അച്ഛനെയും വിളിച്ചു നിലവിളിച്ചു.
ഒന്ന്, മൂന്ന്, രണ്ട്, നാല്, അഞ്ച്... എനിക്ക് പിന്നൊന്നും തിരിഞ്ഞില്ല. തുന്നിപിടിപ്പിച്ച ഹൃദയം, ഇനിയൊന്നും താങ്ങില്ലാ എന്നും പറഞ്ഞു തുന്നലോരോന്നു പൊട്ടിച്ചു. ഞാന്‍ നെഞ്ചു തിരുമ്മിയും അടിയിലൂടെ നിന്നേക്കുകില്ല എന്ന വിധത്തിലുള്ള ചോരയൊഴുക്കിന് തുണികള്‍ കീറിയും നശിച്ചു. എന്റെ മുറിയും മുറ്റവുമെല്ലാം വെള്ള അടിത്തുണികള്‍ നിറഞ്ഞു.
അയാള്‍ക്ക് പിന്നെയും ഒരുപാടു പെണ്ണുങ്ങള്‍ വന്നു പോയി. നിലത്തുണങ്ങി പിടിച്ച ചോരയില്‍, അത് കുഞ്ഞുകൈയും കാലും ആയിരിക്കല്ലേയെന്ന് കരഞ്ഞു കൊണ്ട് ചകിരിയാല്‍ ഞാന്‍ നിലം ഉരച്ചു കഴുകി.
അയാളില്‍ ഞാനെവിടെയാണ് സ്‌നേഹത്തെയും പ്രേമത്തെയും തിരയേണ്ടതെന്നറിയാതെ ഞാന്‍ അടുത്ത തുണിയും മടക്കി വെച്ചു.
3
അയാളുടെ പെണ്ണുങ്ങളുടെ അത്ര ശരീരമോ, മയക്കുന്ന വാക്കുകളോ എനിക്കില്ലായിരുന്നു. നോക്കുമ്പോള്‍ മെല്ലിച്ച് എല്ലുന്തി നെഞ്ചൊട്ടിയ, കഴുത്തിനു മുകളിലോട്ട് വളര്‍ന്നു കേറാത്ത വരണ്ട മുടിയുള്ള ഒരുവളായിരുന്നു ഞാന്‍. എന്നിട്ടും അയാളെന്നോട് 'നിന്നോട് തോന്നുന്നത്ര സ്‌നേഹം മറ്റൊരുവളോടും ഇല്ല' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു.
ഓരോ യാത്ര പറച്ചിലുകള്‍ക്ക് ശേഷവും, കണ്ണില്‍ നിന്നും മറയുന്നതിനു മുന്നേ ഒരു നോട്ടം, ഒരു ചിരി ഇതിനൊക്കെ വേണ്ടി ഞാന്‍ എപ്പോഴും കാത്തു. ഓരോ കാത്തുനില്‍പ്പും ഇല്ലിമുള്‍ പോറലുകളായിരുന്നു.
അയാളുടെ ഉമ്മകള്‍ മുറിക്കുള്ളിലെ വാതിലിനു പിന്നിലും, കെട്ടിപ്പിടുത്തങ്ങള്‍ കിടക്കയ്ക്ക് അടിയിലെന്നും മാത്രം വിശ്വസിച്ചു പോന്ന ഞാന്‍ പലപ്പോഴും അയാളെവിടെയാണത് ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്‍ മുറിക്കുള്ളിലാകെ പരതി നടന്നു. മുറിയൊഴിച്ച്മറ്റൊന്നും തിരയേണ്ടതിന്റെ ആവശ്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
അയാളുടെ വീട്ടുകാര്‍, കൂട്ടുകാര്‍, പരിചയക്കാര്‍, പൊതുയിടങ്ങള്‍, ചടങ്ങുകള്‍ -ഇവിടങ്ങളിലൊന്നും ഞങ്ങള്‍ ഒരുമുച്ചുണ്ടാവാറില്ല. എനിക്ക് മനുഷ്യ•ാരോട് അടുക്കാനും അറിയില്ലായിരുന്നു, ഇയാളോടൊഴികെ.
എനിക്ക് സ്‌നേഹം തന്നെയായിരുന്നു. തികഞ്ഞ പ്രേമം. തിരക്കുള്ള തെരുവില്‍, ചുവന്ന സന്ധ്യയില്‍, നീല കടല്‍ തീരത്ത്, പോതപ്പുല്‍ നിറഞ്ഞ മണപ്പുറത്ത് ഒക്കെയും അയാളുടെ കൈ കോര്‍ത്തു നടക്കാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.
ആളൊഴിഞ്ഞ ഇടവഴിയില്‍, ആരും എത്തിപ്പെടില്ലെന്നുറപ്പുള്ള മരങ്ങള്‍ തിങ്ങിയ നാട്ടുവഴിയില്‍- ഇവിടങ്ങളിലൊക്കെ വെച്ചാണയാള്‍ എന്റെ വിരലുകളെ തൊട്ടത്. എനിക്ക് വേണ്ടപോലെ ഒരിക്കലും അയാള്‍ക്കെന്നെ സ്‌നേഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. വേദന കൊത്തി വലിച്ചിഴഞ്ഞ ഒരുഗ്രസര്‍പ്പമായിരുന്നു കഴുത്തിനു മുകളിലോട്ട് ചുരുണ്ടുകൂടിയ എന്റെ എണ്ണവറ്റിയ പാതിചെമ്പിച്ച മുടി.
അയാളുടെ കഴിഞ്ഞു പോയ പെണ്ണുങ്ങളുടെ മുന്നില്‍ അയാളെന്നെ ഒട്ടും ഗൗനിച്ചതേയില്ല. അയാളുടെ ഏറ്റവും അവസാനത്തെ പെണ്ണിന്റെ മുന്നില്‍ വെച്ച്, എന്നെ അകറ്റി മാറ്റി നടന്നു പോയപ്പോള്‍ അവളുടെ മുഖത്ത് കണ്ട ചിരിയിലാണ്, പോറലുകള്‍ ഹൃദയത്തിന്റെ നീല ഞരമ്പും മുറിച്ചു കളഞ്ഞത്.
എനിക്കത് സഹിക്കാന്‍ പറ്റിയില്ല. തല ഞരമ്പ് പൊട്ടി ഞാന്‍ നിലത്തു വീണു പോയി. എന്റെ പ്രേമം എപ്പോഴും അരികിടിഞ്ഞ പൊട്ടക്കിണറ് പോലെ നിലനിന്നു. ചെറിയൊരു പ്രകമ്പനത്തിനു പോലും അത് ഇടിഞ്ഞ് ഉള്ളു നികന്നുകൊണ്ടിരുന്നു. വേണ്ടപോലെ സ്‌നേഹിക്കപ്പെടാതെ ഞാന്‍ നശിക്കുകയാണുണ്ടായത്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


