ഛായാഗ്രാഹകനും സംവിധായകനുമായ അനിൽ ഗോപിനാഥ് തൻ്റെ 'തൊമ്മൻകുത്ത്' എന്ന നടക്കാതെ പോയ സിനിമയെക്കുറിച്ച് വെളിപ്പെടുത്തുന്നു

സിനിമയ്ക്ക് പിറകിലെ സംവിധായകരുടെ പ്രയത്നം പലപ്പോഴും പ്രേക്ഷകര്‍ അറിയാറില്ല. താരങ്ങളെപ്പോലെ വലിയ പ്രതിഫലം വാങ്ങുന്ന, ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിക്കുന്ന ആളുകളാണ് സാധാരണക്കാരെ സംബന്ധിച്ച് സംവിധായകര്‍. എന്നാല്‍ ഒരു സിനിമ സ്ക്രീനില്‍ എത്തിക്കുന്നതിന് അവര്‍ എടുക്കുന്ന പ്രയത്നം വളരെ വലുതാണ്. ബിഗ് സ്ക്രീനില്‍ എത്തുന്ന ചിത്രങ്ങള്‍ മാത്രമാണ് നാം അറിയുന്നത്. വര്‍ഷങ്ങളുടെ പ്രയത്നത്തിന് ശേഷവും നടക്കാതെ പോകുന്ന നിരവധി പ്രോജക്റ്റുകളുടെ കഥ ഓരോ സംവിധായകനും പറയാനുണ്ടാവും. ഇപ്പോഴിതാ ഇനിയും സിനിമ ആയിട്ടില്ലാത്ത, അത്തരത്തിലൊരു ശ്രമത്തെക്കുറിച്ച് പറയുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അനില്‍ ഗോപിനാഥ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊമ്മന്‍കുത്ത് എന്ന പേരിലുള്ള സിനിമയില്‍ പൃഥ്വിരാജിനെയാണ് നായകനായി ആദ്യം മനസില്‍ കണ്ടിരുന്നതെന്ന് അനില്‍ ഗോപിനാഥ് പറയുന്നു. “ഒരു 25 ശതമാനം പൃഥ്വിരാജ് ഓകെ ആയിരുന്നു. പലതവണ അദ്ദേഹവുമായി കഥ ചര്‍ച്ച ചെയ്തു. എനിക്ക് പ്രതീക്ഷയായി. അങ്ങനെ തിരക്കഥാ രചന പൂര്‍ത്തിയാക്കി. പക്ഷേ അപ്പോഴത്തേക്ക് പൃഥ്വിരാജിന് ബ്ലെസിയുടെ ആടുജീവിതം കയറിവന്നു. അതിനുവേണ്ടി ശരീരം തയ്യാറാക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷേ ലൂസിഫര്‍ വന്നപ്പോള്‍ ആടുജീവിതവും പൃഥ്വി ചവുട്ടി”. പക്ഷേ ലൂസിഫറിന്‍റെ സെറ്റില്‍ വച്ച് മോഹന്‍ലാല്‍ ആണ് തന്‍റെ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തതെന്നും അനില്‍ ഗോപിനാഥ് പറയുന്നു.

“പിന്നെ ആര് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ഉണ്ണി മുകുന്ദന്‍റെ കാര്യം ഓര്‍ത്തത്. കഥ പറഞ്ഞപ്പോള്‍ ഉണ്ണി മുകുന്ദന് ഇഷ്ടപ്പെട്ടു. പക്ഷേ വെള്ളത്തില്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിനകത്താണ് ഈ സിനിമ നടക്കുന്നത്. അണ്ടര്‍ വാട്ടര്‍ ആണ്. പണ്ട് മമ്മൂട്ടി നായകനായ ഒരു ചിത്രത്തിന്‍റെ ഷൂട്ടിനിടെ വെള്ളത്തില്‍ പെട്ടുപോയ കാര്യമൊക്കെ അദ്ദേഹം പറഞ്ഞു. അഡ്വാന്‍സും കൊണ്ടാണ് പോയത്. പക്ഷേ ഉണ്ണി അത് വാങ്ങിയില്ല”. പിന്നീട് സമുദ്രക്കനിയുമായി ഈ പ്രോജക്റ്റ് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ പേട്ട അടക്കമുള്ള അദ്ദേഹത്തിന്‍റെ കമ്മിറ്റ്മെന്‍റുകള്‍ കാരണം യാഥാര്‍ഥ്യമായില്ലെന്നും അനില്‍ ഗോപിനാഥ് പറയുന്നു. മലയാളം, തമിഴ്, സിംഹള ഭാഷകളിലായി ഈ ചിത്രം ചെയ്യാന്‍ പിന്നീട് ഒരു ടീം തന്നെ സമീപിച്ചിരുന്നുവെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊവിഡ് ലോക്ക്ഡൗണ്‍ വന്നതെന്നും അനില്‍ ഗോപിനാഥ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ഗോപിനാഥ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming