പെരുമഴ, വെള്ളക്കെട്ട്; തിരുവനന്തപുരത്തെ ഭീതിയിലാക്കി പെരുമ്പാമ്പ് ശല്യം, പിടികൂടിയത് 10 കൂറ്റൻ പെരുമ്പാമ്പുകളെ
റോഷ്നിയാണ് ഇന്നലെ രണ്ടു പാമ്പുകളെ പിടികൂടിയത്. പാമ്പിന് 35 കിലയോളം ഭാരം വരും.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി വരികയാണ്.
നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയതോടെയാണ് പെരുമ്പാമ്പ് ശല്യം കൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ വെള്ളനാട് നിന്നും കുളപ്പടയിൽ നിന്നും രണ്ട് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലെ ആർ ആർ ടി റോഷ്നിയാണ് രണ്ടു പാമ്പുകളെയും പിടികൂടിയത്. പാമ്പിന് 35 കിലയോളം ഭാരം വരും.
വെള്ളനാട് സ്വദേശിനി ജയയുടെ പുരയിടത്തിൽ നിന്നാണ് ഒരെണ്ണത്തെ പിടികൂടിയത്. കുളപ്പടയിൽ റോഡരികിൽ നിന്നും സമീപത്തെ പുരയിടത്തിൽ കയറുന്നതിനിടെയാണ് രണ്ടാമത്തേതിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആര്യനാട് കരമനയാറിൽ കാണാതായ ആളിനായി തെരച്ചിൽ നടത്തുനിന്നതിനിടെ പെരുമ്പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ആര്യനാട് പമ്പ് ഹൌസിനു സമീപം ഈറകൾക്കിടയിൽ വലിയ പാമ്പിനെ കണ്ടെന്നാണ് സംഘം പറഞ്ഞത്.
വീടുകളുടെ പരിസരം വൃത്തിയാക്കിയിടുക എന്നത് വളരെ പ്രധാനമാണ്. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടിവയ്ക്കരുതെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
2018 എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ തിരക്കഥകൃത്ത് അഖില്‍ പി ധര്‍മ്മജന് കഴിഞ്ഞയാഴ്ച പാമ്പ് കടിയേറ്റിരുന്നു. തിരുവനന്തപുരം വെള്ളായനിയില്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതാനെത്തിയ അഖിലിനെ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയ്ക്കിടെയാണ് പാമ്പ് കടിച്ചത്.
സംഭവത്തെ കുറിച്ച് അഖില്‍ പറഞ്ഞതിങ്ങനെ- കായലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറും എന്ന അവസ്ഥയായി. തുടര്‍ന്ന് അവിടെ നിന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനിടെ വെള്ളത്തിലൂടെ നടക്കുമ്പോള്‍ പാമ്പ് കടിയേറ്റു. മൂര്‍ഖനാണ് കടിച്ചത്. ഉടനെ ആശുപത്രിയിലെത്തിയെന്നും ഭയക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അഖില്‍ പി ധര്‍മ്മജന്‍ പറയുകയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം