ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്ക്കൊപ്പം നടന്ന് പോകുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. 

ഇടുക്കി: കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണെങ്കിലും, നീന്തിക്കയറി താരമായിരിക്കുകയാണ് 10 വയസുകാരി അളകനന്ദ. ഇടുക്കി വള്ളക്കടവ് സ്വദേശി സംഗീതയുടെ മകൾ അളകനന്ദയാണ് അപകടത്തിൽ പതറാതെ ആത്മധൈര്യത്തോടെ നീന്തി കരപറ്റിയത്. ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്ക്കൊപ്പം നടന്ന് പോകുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. 

റോഡിന്റെ നടുവിൽ ചെളിയായിരുന്നു. അതിനാൽ ഒരു വശത്തേക്ക് നടക്കുകയായിരുന്നു. ചവിട്ടിയ ഉടനെ തെന്നിപ്പോയെന്ന് അളകനന്ദ പറയുന്നു. വീണതോടെ ഇടത്തേക്ക് നീന്തി ചെടിയിൽ പിടിച്ച് കയറുകയായിരുന്നു. ഞാനും അമ്മയും ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. കരയ്ക്കെത്തിയപ്പോഴേക്കും നാട്ടുകാർ എടുത്ത് ആശുപത്രിയിലെത്തിച്ചു. പാലത്തിനടിയിൽ ടാറിങ് ഉണ്ടായതോണ്ട് അവിടെ കാലിടിച്ചു. സ്കൂൾ ബാ​ഗും ഉൾപ്പെടെയാണ് പുഴയിൽ വീണത്. ബാ​ഗ് ഉണ്ടായത് കൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടന്നത്. എന്നാൽ ബാഗിന് വെയ്റ്റ് തോന്നിയില്ല. നീന്താൻ നേരത്തെ കുറച്ച് പേടിയുണ്ടായിരുന്നു. താഴോട്ട് വീണപ്പോൾ പേടി തോന്നി. രണ്ടാം ക്ലാസ് മുതൽ അമ്മ നീന്തൽ പഠിപ്പിച്ചിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അളകനന്ദ പറഞ്ഞു.

മകൾ വീണതോടെ പുഴയിലേക്ക് കൂടെ ചാടാൻ ശ്രമിച്ചുവെന്ന് അളകനന്ദയുടെ അമ്മ പറഞ്ഞു. എന്നാൽ രണ്ടുപേർക്കും കയറാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നി ഒച്ച വെച്ചു. അതോടെ ആളുകൾ എത്തി. മകൾ നീന്തിക്കയറുമെന്ന് തോന്നിയപ്പോഴാണ് ചാടാതിരുന്നത്. ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ നീന്തുമോ എന്ന് പേടിയുണ്ടായിരുന്നു. എന്നാൽ നീന്തിക്കയറുന്നത് കണ്ടപ്പോൾ സമാധാനമായി. അപകടം ഉണ്ടാവുമ്പോൾ രക്ഷപ്പെടാനാണ് നീന്തൽ പഠിപ്പിച്ചതെന്നും അമ്മ പറയുന്നു. 

'മുങ്ങിയ' ഡോക്ടർമാർക്ക് എട്ടിന്റെ പണിയുമായി ആരോ​ഗ്യവകുപ്പ്, പേര് പ്രസിദ്ധീകരിച്ചു, അടുത്തത് പിരിച്ചുവിടൽ!

https://www.youtube.com/watch?v=Ko18SgceYX8