ആലുവ സ്പെഷൽ ബ്രാഞ്ച് എസ് ഐയായ പി എസ് വേണുഗോപാലിന്റെയും കൊടകര ചെമ്പൂച്ചിറ ജി എൽ പി എസ് അധ്യാപിക അജിതയുടെയും മകനാണ്
കൊച്ചി: കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്തു വയസുകാരൻ മുങ്ങി മരിച്ചു. എറണാകുളം ജില്ലയിലെ വായ്ക്കര മൂരുകാവിലാണ് സംഭവം. രായമംഗലം പോണേക്കുടി സ്വദേശി അശ്വിൻ (10) ആണ് മരിച്ചത്. ആലുവ സ്പെഷൽ ബ്രാഞ്ച് എസ് ഐയായ പി എസ് വേണുഗോപാലിന്റെയും കൊടകര ചെമ്പൂച്ചിറ ജി എൽ പി എസ് അധ്യാപിക അജിതയുടെയും മകനാണ്. ഇന്ന് വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
കൊച്ചി: മലയാറ്റൂരിൽ കൂട്ടുകാരൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ മലയാറ്റൂർ ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരും നാട്ടുകാരും ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു; കേസ്
ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇവർ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടിരുന്നു. ദൃശ്യങ്ങൾ സഹിതം കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസം മുൻപ് മാത്രമാണ് ഇവർ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
വീട്ടമ്മ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല
പാലക്കാട്: ചിറ്റൂർ അഞ്ചാംമൈലിൽ വീട്ടമ്മയെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം മൈൽ സ്വദേശി ജ്യോതിയാണ് മരിച്ചത്. ഭർത്താവ് വീരമണിക്കായി കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം നടത്തുകയാണ്.
