ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്

കല്‍പ്പറ്റ: വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ തേനിലെ മായം ചേര്‍ക്കലിന് പിന്നാലെ ചായപ്പൊടിയിലും മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. നൂറ്കിലോ ചായപ്പൊടി പരിശോധന ഉദ്യോഗസ്ഥര്‍ പിടികൂടി. ഗുഢല്ലൂരിലാണ് സംഭവം. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൂഡല്ലൂരില്‍ ചായക്കടകളില്‍ മായംചേര്‍ത്ത തേയില ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ നീല്‍കമല്‍, എം കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.

തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടീ ബോര്‍ഡ് ഡെവലപ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ചായപ്പൊടി നിര്‍മാണ കമ്പനികള്‍ ധാരാളമുള്ള പ്രദേശത്താണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത്. ഇതര സംസ്ഥാനത്തേക്ക് കയറ്റി അയക്കുന്ന ചായപ്പൊടി കൂടി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.