ഹരിപ്പാട് : കായലിലെ വെള്ളത്തിൽ വിഷം  കലർത്തി മീന്‍ പിടിക്കാന്‍ ശ്രമം. വിഷം കലര്‍ന്ന വെള്ളം കയറി കൂട് മത്സ്യകൃഷിയായി വളര്‍ത്തിയ ആറായിരത്തോളം കരിമീൻ കുഞ്ഞുങ്ങൾ ചത്തു. തൃക്കുന്നപ്പുഴ എസ് ആർ നഗർ പുനമുട്ടത്ത് കമലാസനൻ,  ഷിബു ഭവനത്തിൽ ഷിബു എന്നിവർ വളർത്തിയിരുന്ന കരിമീനുകൾ ആണ് ചത്തത്. 

ഏകദേശം ആറുമാസം പ്രായമുള്ളവയാണ് ഇവ. രണ്ടുമാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താൻ പാകമാകുന്നവയായിരുന്നു  ഈ കരിമീനുകൾ. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സി എം എഫ് ആർ ഐ പദ്ധതിപ്രകാരം മഹാദേവികാട് വട്ടക്കാലിൽ  നടത്തിവന്നിരുന്ന കൂട്  മത്സ്യകൃഷിയിൽ ഉൾപ്പെട്ട മത്സ്യങ്ങളാണ് കായലിൽ വിഷം കലർത്തിയതിനെതുടർന്ന് ചത്തത്. 

ഏകദേശം അമ്പതോളം കൂട് മത്സ്യകൃഷി കൾ ആണ് വട്ടക്കായൽ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് കാണപ്പെട്ടത്. ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ നിന്നും വെള്ളത്തിൽ വിഷം കലർത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്ത് ചില മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.