തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ പ്രധാന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ തീര്‍ഥാടനത്തിന്‍റെ ഭാഗമായി 1002 സ്ത്രീകള്‍ അണിനിരന്ന  തിരുവാതിര വിസ്മയമായി. ദേവാലയത്തിന് മുന്നിലെ മൈതാനത്തില്‍ 6 വൃത്തങ്ങള്‍ക്കുളളില്‍ വീണ്ടും 4 ചെറുവൃത്തങ്ങള്‍ ക്രമീകരിച്ചാണ് സ്ത്രീകള്‍ തിരുവാതിര വിസ്മയമാക്കിയത്. നൃത്താധ്യപകനായ ജി എസ് അനില്‍കുമാറാണ് തിരുവാതിരയുടെ പരമ്പരാഗത ചുവടുകള്‍ ചിട്ടപ്പെടുത്തിയിയത് .  14 മിനിറ്റ് ദൈര്‍ഖ്യമുള്ള

ഗാനം തുടങ്ങിയതോടെ ചടുലമായ തൃത്തച്ചുവടുകളോടെ  ഇടവകയിലെ 4 വയസുകാരി ആര്‍ദ്ര മുതല്‍ 60 വയസുകാരി സുമഗല വരെ കാഴ്ചക്കാര്‍ക്ക് മിഴിവേകി.  സ്വര്‍ഗ്ഗാരോപിത മാതാവിനെക്കുറിച്ചും ക്രിസ്തുദേവന്‍റെ ജനനം, കാനായിലെ കല്ല്യാണം, ബൈബിളിലെ വിവിധ അത്ഭുതങ്ങള്‍, കാല്‍വരിയിലെ കുരിശുമരണം തുടങ്ങി  വിവിധ സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്. 

ഗാനരചയിതാവും അധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകന്‍ അനില്‍ ഭാസ്കറാണ്. ഭൈരവിയും ഭാവശ്രീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.തിരുവാതിരയുടെ ഉദ്ഘാടനം തുറമുഖ  വകുപ്പ് മന്ത്രി കടന്നപളളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ.ആന്‍സലന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, പാറശ്ശാല ബ്ലോക്ക് പ്രസിഡന്‍റ് വി. ആര്‍. സലൂജ, മജീഷ്യന്‍ മനു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. 

ഇന്നലെ വൈകിട്ട് 4 ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍  നെയ്യാറ്റിന്‍കര ഫൊറോനാ വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി ഉദ്ഘാടനം ചെയ്ത പതാകപ്രയാണം ഉദയന്‍കുളങ്ങര ചെങ്കല്‍ വഴി ദേവാലയത്തിലേക്ക് നടന്നു. തിരുവാതിരയെ തുടര്‍ന്ന് 10 ദിവസം നീണ്ടു നില്‍ക്കുന്ന വ്ളാത്താങ്കര മരിയന്‍ തീര്‍ഥാടനത്തിന് ഇടവക വികാരി മോണ്‍.വി.പി ജോസ് കൊടിയേറ്റി.