തിരുവനന്തപുരം: ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർണ്ണ സജ്ജമായി കനിവ് 108 ആംബുലൻസുകൾ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിന്റെ ഭാഗമായി രണ്ടു 108 ആംബുലൻസുകളാണ് വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിലാണ് ഇവിടെ ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തുന്ന കൊറോണ വൈറസ് ബാധിച്ചെന്ന് സംശയമുള്ളവരെ മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്ന ഐസലേഷൻ വാർഡിലേക്ക് മാറ്റുന്നതിനാണ് 108 ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുന്നത്.   

കൊറോണ ബാധ സംശയിക്കുന്ന ഓരോരുത്തരെയും ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആംബുലൻസുകൾ അണുവിമുക്തമാക്കിയാണ് വീണ്ടും വിന്യസിക്കുന്നത് എന്ന് കനിവ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെഇഎംആർഐ അധികൃതർ അറിയിച്ചു. എയർപോർട്ടിലെ മെഡിക്കൽ സംഘം 108 ആംബുലൻസ് കണ്ട്രോൾ റൂമിൽ വിവരം നൽകുന്ന മുറയ്ക്ക് ആയിരിക്കും ആംബുലൻസ് സജ്ജമാകുന്നത്. വിവരം ലഭിച്ച ഉടനെ തന്നെ മെഡിക്കൽ സംഘവും ആംബുലൻസ് ജീവനക്കാരും അണുബാധ പ്രതിരോധിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്ത് സജ്ജമാകും.  

കോറോണ വൈറസ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് ക്ലിനിക്ക്, 10 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐസിയു എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഐസൊലേഷന്‍ റൂമുകളുടെ എണ്ണം അതനുസരിച്ച് വര്‍ധിപ്പിക്കും. ചൈനയില്‍ നിന്നും വന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് രോഗ പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കൊറോണ വൈറസ് ക്ലിനിക്ക് സ്ഥാപിച്ചത്. കെ എച്ച് ആര്‍ ഡബ്ല്യു എസ്  ഡീലക്‌സ് പേ വാര്‍ഡിന്റെ താഴത്തെ നിലയിലാണ് കൊറോണ വൈറസ് ക്ലിനിക്ക് ഒ പി. സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്.

Read More: ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലീപ്പീന്‍സില്‍; മരിച്ചത് 44-വയസുകാരന്‍

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ കെ എച്ച് ആര്‍ ഡബ്ല്യു എസ് പേ വാര്‍ഡിലെ ഒരു നില പൂര്‍ണായും കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊറോണ വൈറസ് ക്ലിനിക്കും 14 ഐസൊലേഷന്‍ സജ്ജീകരണങ്ങളുള്ള മുറികളും തയ്യാറാക്കി. പരിശോധനയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ ഉപകരണങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ട്.