Asianet News MalayalamAsianet News Malayalam

പുതവര്‍ഷ ദിനത്തില്‍ ഷാമിനയ്ക്കും കുഞ്ഞിനും തുണയായി '108' ആംബുലന്‍സ്

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ബന്ധുക്കൾ അറിയിച്ചെങ്കിലും അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില കൂടുതൽ വഷളാകുന്നുയെന്ന് മനസിലാക്കിയ പ്രിയ ആംബുലൻസ് കടക്കൽ സർക്കാർ ആശുപത്രിയിലേക്ക് കയറ്റാൻ ആവശ്യപ്പെട്ടു

108 ambulance save life of mother and child in new year day
Author
Thiruvananthapuram, First Published Jan 1, 2020, 8:07 PM IST

തിരുവനന്തപുരം: കാറിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഗുരുതരാവസ്ഥയിലായ ഗർഭിണിയായ യുവതിക്കും ഗർഭസ്ഥ ശിശുവിനും കൃത്യസമയത്ത് വൈദ്യസഹായമൊരുക്കി '108' ആംബുലൻസ്. കൃത്യ സമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരായി.

കൊല്ലം കൊട്ടാരക്കര വയ്ക്കൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷാമിന(30)യ്ക്കാണ് സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് തുണയായത്. പുതുവർഷ ദിനത്തിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഷാമിനയുമായി കാറിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

യാത്രാമധ്യേ കുരിയോട്  വെച്ച് ഷാമിനയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് കൊല്ലം നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഉടന്‍ സ്ഥലത്തെത്തി. ആംബുലൻസിലേക്ക് മാറ്റി പരിശോധിച്ചതിൽ ഷാമിനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് മനസിലാക്കിയ ആംബുലൻസ്  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രിയ സൂസൻ വർഗീസ് ഉടൻ തന്നെ ഷാമിനയെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് ആംബുലൻസ് പൈലറ്റ് ബോബസ് ജോൺ ഷാമിനയുമായി ആശുപത്രിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ബന്ധുക്കൾ അറിയിച്ചെങ്കിലും അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില കൂടുതൽ വഷളാകുന്നുയെന്ന് മനസിലാക്കിയ പ്രിയ ആംബുലൻസ് കടക്കൽ സർക്കാർ ആശുപത്രിയിലേക്ക് കയറ്റാൻ ആവശ്യപ്പെട്ടു.

 ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ഉടൻ തന്നെ ഷാമിന പ്രസവിക്കുകയായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മുഹമ്മദ് ഷാഫി- ഷാമിന മൂന്നാമത്തെ കുഞ്ഞാണ് ഇത്. 

Follow Us:
Download App:
  • android
  • ios