തിരുവനന്തപുരം: മണക്കാട് 108 ആംബുലൻസിന്റെ വൈദ്യസഹായതോടെ യുവതിക്ക് വീട്ടിൽ സുഖപ്രസവം. മണക്കാട് കുട്ടുകല്ലിമൂഡ് വിശ്വനന്ദ ലെയ്നിൽ മുഹമ്മദ് ഷബീറിന്റെ ഭാര്യ ബുഷ്‌റ(25) ആണ് വീട്ടിൽ പെണ്കുഞ്ഞിന്‌ ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ബുഷ്‌റയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. 

കണ്ട്രോൾ റൂമിൽ നിന്ന് വിവരം അറിയിച്ചത് അനുസരിച്ച് ഉടൻ തന്നെ ഫോർട്ട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസിലെ പൈലറ്റ് ചഞ്ചു കുമാർ, എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യൻ വൈശാഖ് എന്നിവർ ബുഷ്‌റയുടെ വീട്ടിൽ എത്തി. നേഴ്‌സ് വൈശാഖ് നടത്തിയ പരിശോധനയിൽ ബുഷ്‌റയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. ബുഷ്‌റയുടെ അവസ്ഥ മോശമായതിനാൽ വൈശാഖ് വീട്ടിൽ വെച്ചുതന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു. 

ആറു മണിയോടെ ബുഷ്‌റ പെണ്കുഞ്ഞിന്‌ ജന്മം നൽകി. പ്രഥമ ശുസ്രൂഷ നൽകിയ ശേഷം ഉടനെ തന്നെ അമ്മയെയും കുഞ്ഞിനെയും 108 ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത് മുഹമ്മദ് ഷബീർ ബുഷ്‌റ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ്.