കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 11 വയസുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികഅതിക്രമം നടത്തിയ കേസില്‍ കടയുടമയായ 53 കാരന് ഏഴുവര്‍ഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ
തൃശൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 11 വയസുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികഅതിക്രമം നടത്തിയ കേസില്‍ കടയുടമയായ 53 കാരന് ഏഴുവര്‍ഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ. ചാവക്കാട് ആനത്തലമുക്ക് തിരുവത്ര മണത്തല ദേശത്ത് കോറമ്പത്തേയില്‍ അലി (53)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2020 -ല്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും അലി ദേഹോപദ്രവം ചെയത് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ചാവക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടരായിരുന്ന യുകെ ഷാജഹാന്റെ നേതൃത്വത്തിലാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
ഈ കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യുഷനുവേണ്ടി അഡ്വ. കെഎസ്. ബിനോയിയും, പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്‌നയും ചാവക്കാട് പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ എസ്. ബൈജുവും പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കഠിനതടവിനും നഷ്ടപരിഹാരത്തിനും തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി പാവറട്ടി പുതുമനശേരി മുസ്തഫയെ (40) വിവിധ വകുപ്പുകളിലായി 15 വര്‍ഷം തടവിനും 60,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം 5 മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മറ്റൊരു കേസ്സില്‍ ചേലക്കര മേപ്പാടം സ്വദേശി പയറ്റി പറമ്പില്‍ റഫീക്കിനെ (48 ) നാലുവര്‍ഷവും ഒമ്പതുമാസം തടവും 61,000 രൂപ പിഴയും വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് രണ്ടുകേസുകളിലായി ഒരേ ദിവസം ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
2015 ലാണ് കേസ്സിനാസ്പദമായ സംഭവം. പ്രതിയായ മുസ്തഫ അതിജീവിതയെ ഓട്ടോറിക്ഷ യില്‍ തട്ടിക്കൊണ്ടുപോയി പ്രതിയുടെ ഒളിവുസങ്കേതത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സീനിയര്‍ സി.പി. ഒ പി.ആര്‍ . ഗീത പ്രോസിക്യൂഷന്‍ സഹായിയായി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ. പി . അജയ് കുമാര്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍നിന്ന് ഹാജരായി .
