കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്ന് ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം. വയനാട് വന്യജീവി സങ്കേതത്തില്‍ 17 ഇടങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്‌നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചിടങ്ങളിലായുണ്ടായ തീയ്യില്‍ 6.6 ഹെക്ടര്‍ വനമാണ് നശിച്ചത്. ബന്ദിപ്പൂര്‍, മുതുമല ഭാഗങ്ങളില്‍ രണ്ട് ദിവസം മുമ്പ് പടര്‍ന്നുപിടിച്ച തീ ഇതുവരെ അണക്കാനായിട്ടില്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വനപ്രദേശങ്ങളാണിവ. എങ്കിലും വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ എത്തുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. 

തീ വയനാടന്‍ കാടുകളിലെത്തുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ജില്ലകലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വ്യോമസേനയുടെ സഹായം തേടും. റോഡ് സൗകര്യമുള്ള പ്രദേശങ്ങളില്‍ വനംവകുപ്പിനെ സഹായിക്കാന്‍ അഗ്‌നിശമനസേനയെ സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയര്‍ ജാക്കറ്റുകള്‍ വനംവകുപ്പിന് ലഭ്യമാക്കും. 

പ്രശ്‌നബാധിത മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചതായും വന്യജീവി സങ്കേതത്തില്‍ ആവശ്യമെങ്കില്‍ വോളന്റിയര്‍മാരുടെ സഹായം തേടുമെന്നും വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘര്‍ഷമുണ്ടാവുന്ന പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. കുറിച്യാട് റേഞ്ചില്‍ കാടിനു തീപ്പിടിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് പൊലീസിന് കൈമാറി.

ഇതില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാടിനു തീയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.