124 കിലോ ആനക്കൊമ്പുകൾ, ഒപ്പം കൊമ്പുകളുടെ കഷ്ണങ്ങൾ, ചീളുകൾ, പല്ലുകളടക്കം വനംവകുപ്പിന് കൈമാറി ഗുരുവായൂർ ദേവസ്വം
ഈ കൊമ്പുകള്‍ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം സൂക്ഷിച്ചിരുന്ന 124 കിലോ ആനക്കൊമ്പുകളും പല്ലുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. വളരുമ്പോള്‍ മുറിച്ച് മാറ്റുന്ന കൊമ്പുകളുടെ കഷ്ണങ്ങള്‍, ചീളുകള്‍, കൊഴിഞ്ഞ് വീണ പല്ലുകള്‍ എന്നിവയാണ് വനംവകുപ്പ് ഏറ്റെടുത്തത്. ആനത്താവളത്തില്‍ ചരിയുന്ന ആനകളുടെ കൊമ്പുകള്‍ വനവകുപ്പിന്റെ സംരക്ഷണത്തിലാണ്. പല ഘട്ടങ്ങളായി മുറിച്ചുമാറ്റിയ കൊമ്പിന്റെ അവശിഷ്ടങ്ങള്‍ ദേവസ്വം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയാണ് ഇപ്പോൾ വനംവകുപ്പ് ഏറ്റെടുത്തത്.
കൊമ്പുകള്‍ നശിപ്പിക്കാനോ ഉപേക്ഷിക്കാനോ ദേവസ്വത്തിന് അനുവാദമില്ല. ഈ സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കണമെന്ന് ദേവസ്വം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഗജ ദിനത്തില്‍ വനവകുപ്പ് അവ ഏറ്റെടുക്കുകയായിരുന്നു. വനംവകുപ്പുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കൊമ്പിന്റെ ഭാഗങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി മഹസര്‍ തയാറാക്കിയാണ് ഏറ്റെടുത്തത്.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി എന്‍ രാജേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം പി അനില്‍കുമാര്‍, ആര്‍ രാജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഏറ്റെടുത്ത കൊമ്പുകള്‍ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം