Asianet News MalayalamAsianet News Malayalam

കൊറോണ: തലസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 അംഗ ടീം

ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരും ഡോക്ടർമാരുമടങ്ങുന്ന 15 ടീമിനെ നിയോഗിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിൽ പ്രത്യേക കട്രോൾ റൂം തുടങ്ങി

15 member team for  taking Preventive measures against coronavirus
Author
Thiruvananthapuram, First Published Feb 3, 2020, 10:12 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലയിലെ മുൻകരുതൽ നടപടികൾ തൃപ്തികരമാണെ് കളക്ടർ പറഞ്ഞു. എന്നാൽ, എല്ലാവരുടെയും ഭാഗത്തു നിന്ന് ജാഗ്രത വേണ്ട സമയമാണിത്.

അതിരു കടന്ന ആശങ്കയുണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരും ഡോക്ടർമാരുമടങ്ങുന്ന 15 ടീമിനെ നിയോഗിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിൽ പ്രത്യേക കട്രോൾ റൂം തുടങ്ങി.

മെഡിക്കൽ കോളേജിലും ജനറൽ ഹോസ്പിറ്റലിലും നിരീക്ഷണ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകി. ചൈനയിൽ നിന്ന് വരുന്നവർ 28 ദിവസം നിരീക്ഷണത്തിലായിരിക്കണം. ടൂറിസം റിസോർട്ടുകളിലും ഹോട്ടലുകളിലും ചൈനയിൽ നിന്ന് എത്തിയവരുണ്ടെങ്കിൽ അവിടെ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.

ഇക്കാര്യം ആരോഗ്യ വകുപ്പിനെയും ടൂറിസം വകുപ്പിനെയും അറിയിക്കുകയും വേണം.  വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പഞ്ചായത്തുതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗബാധയുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ടായിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താൽ പൊലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആർ. വിനോദ്, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത പി പി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, പൊലീസ്, മറ്റ് ജില്ലാതല  ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
     
കളക്ടറേറ്റിൽ 24 മണിക്കൂർ കൺട്രോൾ റൂം

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിൽ കൺട്രോൾ റൂം തുടങ്ങി. കൺട്രോൾ റൂം നമ്പർ 0471 2730045, 0471 2730067. ഇവിടെ 24 മണിക്കൂറും സംശയനിവാരണത്തിനും മാർഗ നിർദ്ദേശത്തിനും ഡോക്ടർമാരുടെ സേവനമുണ്ടാകും.

Follow Us:
Download App:
  • android
  • ios