പരിശീലനം പൂര്‍ത്തിയാക്കിയ 150 കമാൻഡോകൾ കൂടി ഇന്ത്യ റിസർവ് ബറ്റാലിയൻ തണ്ടർബോൾട്ടിന്റെ ഭാഗമായി.

പാണ്ടിക്കാട്: സംസ്ഥാന പൊലീസ് സേനക്ക് അഭിമാനമായി 150 കമാൻഡോകൾ കൂടി ഇന്ത്യ റിസർവ് ബറ്റാലിയൻ തണ്ടർബോൾട്ടിന്റെ ഭാഗമായി. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐആർബി പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

ഇന്ത്യ റിസർവ് ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്‌സും, കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ ഇൻസർജൻസി ട്രെയ്നിങ് സ്‌കൂളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആറ് പ്ലറ്റൂണുകളായാണ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. കെ. രഞ്ജിത്ത് പരേഡ് നയിച്ചു. പി.കെ മുനീർ സെക്കൻഡ് ഇൻ കമാൻഡറായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി എം ആർ അജിത്കുമാർ, ഡിഐജി പിപ്രകാശ് എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഇൻഡോർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആലപ്പുഴ സ്വദേശി ആർ.സൂരജ്, ഔട്ട്ഡോർ വിഭാഗത്തിൽ മികവ് പുലർത്തിയ കണ്ണൂർ സ്വദേശി കെ രഞ്ജിത്ത്, മികച്ച ഷൂട്ടർ ഇടുക്കി സ്വദേശി പി.അമൽരാജ്, ആൾറൗണ്ടറായി തെരഞ്ഞെടുത്ത വയനാട് സ്വദേശി പി.കെ.മുനീർ എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു. തണ്ടർബോൾട്ടിന്റെ ഭാഗമായ കമാണ്ടോകൾക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡന്റ് സി വി പാപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Read More: പൊടി പിടിക്കാത്ത, വൃത്തിയായി കൊണ്ട് നടക്കുന്ന 'ആനവണ്ടി'യും ഇവിടെയുണ്ടേ..!

ദേശീയ ഗാനാലാപനത്തോടെയാണ് പരേഡ് അവസാനിച്ചത്. 18 മാസത്തെ കൃത്യതയാർന്ന പരിശീലനത്തിന് ശേഷമാണ് പുതിയ സേനാംഗങ്ങൾ തണ്ടർബോൾട്ടിന്റെ ഭാഗമായത്. 150 അംഗ സംഘത്തിൽ 20 പേർ വിവിധ അർധസൈനിക വിഭാഗങ്ങളിൽ പ്രവർത്തിച്ചവരാണ്. പരേഡിന് ശേഷം കമാൻഡോകളുടെ അഭ്യാസ പ്രകടനങ്ങളും മൈതാനത്തു നടന്നു. കരഘോഷത്തോടെയാണ് ഓരോ പ്രകടനങ്ങളും കാണികൾ സ്വീകരിച്ചത്. പി വി അബ്ദുൾ വഹാബ് എം പി, എം ഉമ്മർ എംഎൽഎ, പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, സേനാംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങി നിരവധി പേരാണ് പാസിങ് ഔട്ട് പരേഡ് വീക്ഷിക്കാൻ പാണ്ടിക്കാട് ഐ.ആർ.ബി പരേഡ് ഗ്രൗണ്ടിൽ എത്തിയിരുന്നത്.