വാടകവീട്ടിൽ ചാക്കുകെട്ടുകൾ; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്
രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയിൽ വൻ കഞ്ചാവ് വേട്ട. വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തെങ്കര മണലടി പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ബഷീറിൻ്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ് ഐ ഋഷി പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.