പാലക്കാട്: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച പതിനാറായിരത്തോളം ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പികൂടി. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് ചിന്ന കാനൂരിലെ രഹസ്യ ഗോഡൗണിൽ നിന്നാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റാണ് പിടികൂടിയത്.

പാലക്കാട് എക്സൈസും എക്സൈസ് ഐ ബിയും സംയുക്തമായിട്ടാണ് തമിഴ്‌നാട്ടിലെ ചിന്ന കാനൂരിലെ രഹസ്യ ഗോഡൗണിൽ റെയിഡ് നടത്തിയത്. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പുലർച്ചെ രണ്ടു മണിക്ക് നടത്തിയ റെയിഡിൽ നാനൂറ്റി അമ്പത് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പി കെ സതീഷ് വ്യക്തമാക്കി.

എക്സൈസ് സംഘം തിരച്ചിൽ നടത്തുന്ന സമയത്ത് ഗോഡൗണിൽ ആരും ഇല്ലായിരുന്നു. പിടികൂടിയ സ്പിരിറ്റ് തമിഴ്‌നാട് പ്രോഹിബിഷൻ വകുപ്പിന് കൈമാറി. ഒരു മാസം മുമ്പ് പൊള്ളാച്ചി പരിസരത്തു നടത്തിയ റെയ്‌ഡിൽ പതിനായിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയിരുന്നു.