മലപ്പുറം ജില്ലയിലെ കെഎസ്ഇബി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ ഷോര്‍ട് സര്‍ക്ക്യൂട്ട് മിന്നല്‍ പരിശോധനയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി

മലപ്പുറം: ജില്ലയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സ് 'ഓപ്പറേഷന്‍ ഷോര്‍ട് സര്‍ക്ക്യൂട്ട്' മിന്നല്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഓഫിസുകളിലും നടന്ന പരിശോധനയില്‍ ഗൗരവകരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സെക്ഷന്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരില്‍ നിന്നായി കണക്കില്‍പ്പെടാത്ത 34,000 രൂപയാണ് പിടിച്ചെടുത്തത്. മഞ്ചേരി സെക്ഷന്‍ ഓഫിസിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ സബ് എന്‍ജിനീയര്‍ക്ക് ഗൂഗിള്‍ പേ വഴി 70,500 രൂപ അയച്ചുകൊടുത്തത് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് കരാര്‍ നടപടികളുമായി ബന്ധപ്പെട്ട കൈക്കൂലിയാണോ എന്ന് പരിശോധിക്കുന്നുണ്ട്.

കരാറുകാരന്‍ ബെനാമി പേരുകളില്‍ ക്വട്ടേഷന്‍ നല്‍കി വഴിവിട്ട രീതിയില്‍ ജോലി നേടി

പെരിന്തല്‍മണ്ണയില്‍ ഒരു കരാറുകാരന്‍ തന്നെ ബെനാമി പേരുകളില്‍ ക്വട്ടേഷന്‍ നല്‍കി വഴിവിട്ട രീതിയില്‍ ജോലികള്‍ നേടിയതായും വ്യക്തമായി. അഞ്ച് വര്‍ഷത്തിനിടയിലെ കരാറുകള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗം ഓഫിസുകളിലും ഫയലുകള്‍ കൃത്യമല്ലെന്നും ലോഗ് ബുക്കുകളും സ്‌ക്രാപ് റജിസ്റ്ററുകളും പരിപാലിക്കുന്നില്ലെന്നും ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് നടക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍. ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.