ഡിസംബർ 27 മുതൽ മൂന്ന് ദിവസമായിരുന്നു ഉൾക്കാട്ടിനകത്തെ പക്ഷി സർവെ. മുപ്പതോളം പക്ഷി നിരീക്ഷകരും വനംവകുപ്പ് ജീവനക്കാരും സർവേയിൽ പങ്കാളികളായി.
മണ്ണാര്‍ക്കാട്: സൈലന്‍റ് വാലി ദേശീയോദ്യാനത്തിലെ ഏഴാമത് പക്ഷി സർവെ പൂർത്തിയായി. 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. ഡിസംബർ 27 മുതൽ മൂന്ന് ദിവസമായിരുന്നു ഉൾക്കാട്ടിനകത്തെ പക്ഷി സർവെ. മുപ്പതോളം പക്ഷി നിരീക്ഷകരും വനംവകുപ്പ് ജീവനക്കാരും സർവേയിൽ പങ്കാളികളായി. കാട്ടിനുള്ളിൽ ഏഴു ക്യാമ്പുകളിലായി താമസിച്ചായിരുന്നു വിവരശേഖരണം.
17 ഇനങ്ങളെ പുതുതായി കണ്ടെത്തിയതോടെ, സൈലൻ്റെ വാലിയിലെ പക്ഷി ഇനങ്ങളുടെ എണ്ണം 174 ആയി. കാട്ടുകാലൻ കോഴി, ചെങ്കുയിൽ, അസുരക്കാടൻ, മീൻകൊത്തിച്ചാത്തൻ, തുടങ്ങിയ പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്.1990ലാണ് കേരളത്തിലെ ആദ്യത്തെ പക്ഷി സർവേ സൈലൻ്റ് വാലിയിൽ നടത്തിയത്. ദേശീയോദ്യാനത്തിൻ്റെ കോർ ഏരിയയിലാണ് സർവേ പൂർത്തിയാക്കിയത്. കരുതൽ മേഖലയിലും വിവരശേഖരണം വൈകാതെ പൂർത്തിയാക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് അറിയിച്ചു.
നേരത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്ന് ഡിഎഫ്ഒ എസ്. വിനോദ് വിശദമാക്കിയിരുന്നു. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചിരുന്നു. പ്രസിദ്ധപ്പെടുത്തിയ സർവേ ഭൂപടത്തിൽ മണ്ണാർക്കാട് നഗരസഭ മുഴുവൻ ബഫർ സോൺ ആണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയിരുന്നത്. മണ്ണാർക്കാട് എംഎൽഎ എൻ. ശംസുദ്ദീൻ അടക്കം ഈ ആശങ്കയാണ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
