17 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
കാസർകോട്: 17 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 13 പേർക്കെതിരെ കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്.
ജൂലൈ 31 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
Read more: പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്സ് വീഡിയോയ്ക്ക് അടിമ
അതേസമയം, തിരുവനന്തപുരത്ത് പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ നാൽപത്തിയാറുകാരനെയും സഹായിയായ എഴുപത്തിയൊന്നുകാരനെയും നഗരൂർ പൊലീസ് പിടികൂടി. വഞ്ചിയൂർ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46), അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കേസിലെ ഒന്നാം പ്രതി ബിജു അവിവാഹിതനാണ്. 2021 മുതൽ ഇയാൾ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. ബിജുവിന്‍റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് ബിജു പെൺകുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അറിയാമായിരുന്നു.
ഇതിനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ബാബുവായിരുന്നു. ബിജുവിന്‍റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് മാതാവ് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് പെൺകുട്ടിയും മാതാവും നഗരൂർ സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.
