ഇടുക്കി: രേഖകളില്ലാതെ സ്വകാര്യ ബസിൽ കടത്തിയ 18 ലക്ഷം രൂപ പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടിൽ വാഹനപരിശോധന നടത്തവേ കട്ടപ്പനയിൽ നിന്നും ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് പണം കണ്ടെത്തിയത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പണം കൈവശം വെച്ചിരുന്ന തൃശ്ശൂർ ജില്ലയിൽ  കിള്ളന്നൂർ വില്ലേജിൽ തിരൂർ ചോറ്റുപാറ കരയിൽ മഞ്ഞമറ്റത്തിൽ ജോസഫ് മകൻ സോബിൻ ജോസഫിനെ കസ്റ്റഡിയിലെടുത്ത് കരിമണൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള എട്ട് കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളും ആണ് പിടികൂടിയത്. 

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, അസീസ് കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാന്റി  തോമസ്, രഞ്ജിത്ത് കവിദാസ്, എക്സൈസ് ഡ്രൈവർ ശരത് എസ് പി എന്നിവരും പങ്കെടുത്തു.