ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്.

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് ( Shamil-18) സോപ്പ് പൊടി (soap powder) നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി ഉണ്ടാക്കാൻ സഹായിക്കാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, വളണ്ടിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ. മാതാവ് : സൗദാബി.സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊലീസി‍ന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.