അര്‍ധരാത്രി വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതി, ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും പെട്രോള്‍ കുപ്പി കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതി അക്രമം അഴിച്ചുവിട്ടത്. 

അയിരൂര്‍(തിരുവനന്തപുരം): പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ചെമ്മരുതിയിലുള്ള വീട്ടിലെത്തിയ തൊടുവേപുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍(18) ആണ് അറസ്റ്റിലായത്. അര്‍ധരാത്രി വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതി, ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും പെട്രോള്‍ കുപ്പി കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതി അക്രമം അഴിച്ചുവിട്ടത്.

ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് നൗഫല്‍ ഭീഷണിമുഴക്കിയെങ്കിലും പൊലീസ് അനുനയത്തിലൂടെ പ്രതിയെ കീഴടക്കി. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നൗഫല്‍ ഏറെക്കാലമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നൗഫലിനെ താക്കീത് ചെയ്തു. സുഹൃത്തിന്റെ പക്കല്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ നൗഫല്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അര്‍ധരാത്രി വീട്ടിലെത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona