ആലപ്പുഴ: മണ്ണഞ്ചേരിയിൽ പത്തൊൻപതുകാരനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തലയ്ക്കും ചെവിക്കും  ഗുരുതര പരിക്കുപറ്റിയ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് രാത്രിയിൽ കഞ്ചാവ് സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള ആക്ഷേപം ഉയരുന്നതിനിടെയാണ് അകാരണമായി യുവാവിനെ മർദ്ദിച്ചത്. 

മണ്ണഞ്ചേരി സ്വദേശി 19 കാരനായ സജീറിനെയാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് ആക്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു സംഭവം. സജീറും സുഹൃത്തും അമ്പനാക്കുളങ്ങര വഴി ബൈക്കിൽ സഞ്ചരിക്കവെയാണ് ഇരുമ്പ് കൊണ്ടുള്ള അടിയേറ്റത്. എന്തിനാണ് ആക്രമിച്ചെന്ന് അറിയില്ലെന്നും പ്രതികളെ കണ്ടാലറിയാമെനും സജീർ പറഞ്ഞു.

രാത്രി തന്നെ പോലീസെത്തി മൊഴി രേഖപ്പെടുത്തി. സമദ്, സിനാജ് എന്നീ രണ്ടു പേരാണ് പ്രതികളെന്ന് മണ്ണഞ്ചേരി പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  മണ്ണഞ്ചേരി , അമ്പനാ കുളങ്ങര എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിൽ കഞ്ചാവ്- മയക്കുമരുന് സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള ആക്ഷേപമുണ്ട്.