ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയില്‍ കിഴിശ്ശേരി ആലിന്‍ചുവടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇരുവരും പിടിയിലായത്
മലപ്പുറം: മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. അസം നാഗോണ്‍ സ്വ ദേശികളായ ദില്‍ദാര്‍ ഹുസൈന്‍ (27), അജ്ബുറഹ്‌മാന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച 10 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയില്‍ കിഴിശ്ശേരി ആലിന്‍ചുവടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
ലക്ഷ്യം വിദ്യാർഥികളും തൊഴിലാളികളും
വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അത്തരത്തിലുള്ള സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ എസ് പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി എം ഷമീര്‍, എസ് ഐ വി ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോടും എംഡിഎംഎ വേട്ട
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട നടന്നു എന്നതാണ്. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ബസുകളെ ലഹരി മരുന്ന് കടത്താന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് വല വിരിച്ചത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന യുവാക്കളെ സംശയം തോന്നിയതിനാലാണ് ഡാന്‍സാഫ് സംഘം തടഞ്ഞു വെച്ചത്.. ഇവരുടെ കൈവശമുണ്ടായിരുന്നത് വാട്ടര്‍ ഹീറ്റര്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ് ഹീറ്ററിന്‍റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ എം ഡി എം എ അടക്കമുള്ള ലഹരി മരുന്ന് കണ്ടെത്തിയത്. 250 ഗ്രാം എം ഡി എം എ, 99 എല്‍ എസ് ഡി സ്റ്റാമ്പ്, 44 ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.


