വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണ് മരിച്ചപ്പോൾ തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിക്കുകയായിരുന്നു

മാനന്തവാടി: വയനാടിന് നൊമ്പരം ഏറെ നൽകിയ ദിനമാണ് കടന്നുപോകുന്നത്. തിങ്കളാഴ്ച ജില്ലയിലെ രണ്ടിടങ്ങളിലായി വെള്ളത്തിൽ മുങ്ങി ജീവൻ നഷ്ടമായത് രണ്ട് കുരുന്നുകൾക്കാണ്. രണ്ടര വയസ്സുള്ള കുരുന്നുകളാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണ് മരിച്ചപ്പോൾ തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടര വയസുകാരന്‍ മുങ്ങി മരിക്കുകയായിരുന്നു.

താമരക്കുളത്തിൽ മുങ്ങിമരിച്ചത് രണ്ടര വയസുകാരി

ഹാഷിം ഷഹന ദമ്പതികളുടെ മകളായ ഷഹദ ഫാത്തിമയാണ് മാനന്തവാടിയിലെ താമരക്കുളത്തിൽ വീണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്നുള്ള താമരകുളത്തിൽ ഷഹദയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'വേറെ കുട്ടികൾക്ക് പറ്റാതിരിക്കാൻ', റോഡിൽ ഇടിച്ചിട്ട ബസിനെതിരെ കുരുന്നുകൾ, സ്വന്തം കൈപ്പടയിൽ പരാതി,ഉടനടി നടപടി

സ്വിമ്മിംഗ് പൂളിൽ നൊമ്പരമായി രണ്ടര വയസുകാരൻ

തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

അതേസമയം കോഴിക്കോട് നിന്നുള്ള മറ്റൊരു വാ‍ർത്ത ബാലുശ്ശേരി പൂനത്ത് ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചെന്നതാണ്. കിഴക്കോത്ത് പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ ആണ് മരിച്ചത്. മാതാവ് നസീമയുടെ പൂനത്തുള്ള വീട്ടിൽ എത്തിയപ്പോൾ ബന്ധുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ബന്ധുക്കള്‍ക്കൊപ്പം കുളത്തിലെത്തിയ പെണ്‍കുട്ടി പടിയില്‍ നിന്ന് കുളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. പെട്ടന്ന് കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി മുങ്ങിപ്പോയി. അൽപ്പ സമയം കഴിഞ്ഞും ഫിദ പൊങ്ങി വരാഞ്ഞതോടെ കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളത്തിലിറങ്ങി വിദ്യാർത്ഥിനിയെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതിതീവ്ര മഴ, ഒപ്പം കാറ്റ്; നാളെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്