ഹോട്ടല്‍, കാറ്ററിങ് മാലിന്യങ്ങള്‍ റോഡരികിൽ തള്ളിയവർക്കെതിരെ 25000 രൂപ പിഴ ചുമത്തി
തൃശൂർ: റോഡരികില്‍ വ്യാപകമായി ഹോട്ടല്‍ മാലിന്യം തള്ളിയ നിലയില്‍. കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു. അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കാളക്കല്ല് മാട്ടുമലയിലാണ് സംഭവം.
ഇരുപതോളം പ്ലാസ്റ്റിക് ചാക്കുകളിലായാണ് ഹോട്ടല്‍, കാറ്ററിങ് മാലിന്യങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയത്. ഭക്ഷണ സാധനം ചീഞ്ഞ് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കൂടാതെ റോഡിലൂടെ നാട്ടുകാര്‍ക്ക് സഞ്ചരിക്കാന്‍പോലും പറ്റാത്ത രീതിയില്‍ മാലിന്യ കൂമ്പാരം തന്നെയാണ് ഒഴുക്കിയിരുന്നത്. ഭക്ഷണ മാലിന്യം മണ്ണിൽ കലര്‍ന്ന നിലയിലാണ്. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും വരന്തരപ്പിള്ളി, പുതുക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
മാലിന്യത്തില്‍ നിന്നും കണ്ടെത്തിയ ചില ബില്ലുകളില്‍ നിന്നും ഹോട്ടല്‍ ഏതെന്ന് തിരിച്ചറിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഹോട്ടലുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ എടുത്തവരാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. 25,000 രൂപ പിഴ നല്‍കണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും അധികൃതര്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


