കാലാവസ്ഥ വ്യതിയാനം വവ്വാലുകളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാനായി ദീര്‍ഘകാല പഠനം അനിവാര്യമാണെന്ന് ഈ പഠനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞു.

ഇടുക്കി: മൂന്നാര്‍ വന്യജീവി ഡിവിഷന്‍റെ കീഴിലുള്ള ഇരവികുളം, ആനമുടി ഷോല, പാമ്പാടും ഷോല, മതികെട്ടാന്‍ ഷോല ദേശീയോദ്ധ്യാനങ്ങളിലും, ചിന്നാര്‍ വന്യജീവി സങ്കേതത്തിലുമായി ഏപ്രില്‍ മാസത്തില്‍ നടത്തിയ വവ്വാല്‍ കണക്കെടുപ്പില്‍ ഇരുപത് ഇനം വവ്വാലുകളെ കണ്ടെത്തി. ഇതില്‍ ഏഴ് ഇനം വവ്വാലുകള്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

കണ്ടെത്തിയ ഇരുപതിനങ്ങളില്‍ പതിനേഴെണ്ണം കീടങ്ങളെ ഭക്ഷിക്കുന്നതും മൂന്നെണ്ണം പഴം തീനികളുമാണ്. Cantor’s Leaf-nosed Bat, Anderson’s Leaf-nosed Bat, Peyton’s Whiskered Myotis, Lesser Hairy-winged Bat എന്നീ അപൂര്‍വ്വയിനം വവ്വാലുകളെ ഈ സര്‍വ്വേയില്‍ കണ്ടെത്താന്‍ സാധിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. 

വാവ്വലുകളുടെ ശബ്ദം റെകോഡ് ചെയ്തതിന് ശേഷം അതിസൂക്ഷ്മ വിശകലനം ചെയ്താണ് ഓരോ ഇനങ്ങളെയും തിരിച്ചറിഞ്ഞത്. കാലാവസ്ഥ വ്യതിയാനം വവ്വാലുകളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാനായി ദീര്‍ഘകാല പഠനം അനിവാര്യമാണെന്ന് ഈ പഠനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍റെ കീഴില്‍ ഇത് ആദ്യമായാണ് ഒരു വവ്വാല്‍ സര്‍വ്വേ നടത്തുന്നത്. 

 മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ഷോല നാഷണല്‍ പാര്‍ക്ക്സ് അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമീര്‍ എം കെ, ഇരവികുളം നാഷണല്‍ പാര്‍ക്ക്സ് അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സന്ദീപ് എസ്, ചിന്നാര്‍ അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഭു പി എം എന്നിവരാണ് പഠന സംഘത്തിന് നേതൃത്യം നല്‍കിയത്. ശ്രീഹരി രാമന്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍റ് സലീഷ് മേനാച്ചേരി, ബയോളജിസ്റ്റ് രാജന്‍ പിലാകണ്ടി, രാജീവ് ബാലകൃഷ്ണന്‍, ശ്വേത, ബവദാസ്, എന്നിവര്‍ വവ്വാല്‍ സര്‍വ്വേയില്‍ പങ്കെടുത്തു.